മൈക്രോസോഫ്റ്റിലെ വളരെ 'സീനിയർ ആപ്പുകളായ' പെയിന്റ് ആപ്പിലും നോട്ട് പാഡിലും പുതിയ അപ്ഡേറ്റുകൾ വരുന്നു. ലളിതമായ പ്രവർത്തനരീതികളിൽ നിന്ന് മാറി എഐ അധിഷ്ഠിത ഫീച്ചറുകൾ ഉൾപെടുത്തിയുള്ള മാറ്റങ്ങളാണ് ഈ ആപ്പുകളിലും വരുന്നത്. വിൻഡോസ് 11 ന്റെ കാനറി, ഡെവ് ചാനലുകൾ ഉപയോഗിക്കുന്ന വിൻഡോസ് ഇൻസൈഡർമാർക്ക് ഇതിനകം ഈ അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പെയിന്റ് അപ്ഡേറ്റുകൾ
ആകർഷകമായ അപ്ഡേറ്റുകളാണ് പെയിന്റിൽ വരാനിരിക്കുന്നത്. ലളിതമായ ടെക്സ്റ്റ് നിർദേശങ്ങളിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ചിത്രങ്ങൾ നിർമിക്കാനാവുന്ന കളറിങ് ബുക്ക് ഫീച്ചറാണ് ഇതിൽ പ്രധാനം. പെയിന്റ് വേർഷൻ 11.2512.191.0-ൽ ലഭ്യമായ ഈ സൗകര്യം കോപൈലറ്റ് (Copilot) മെനുവിലൂടെയാണ് ഉപയോഗിക്കേണ്ടത്.
ഇഷ്ടപ്പെട്ടൊരു ചിത്രം പ്രോംറ്റായി നൽകിയാൽ നാല് വ്യത്യസ്ത ഔട്ട്ലൈൻ ചിത്രങ്ങൾ ലഭിക്കും. ഇതിൽ വേണ്ടത് തിരഞ്ഞെടുത്ത് പെയിന്റിൽ തന്നെ നിറങ്ങൾ നൽകാനോ അല്ലെങ്കിൽ അത് പ്രിന്റ് ചെയ്തെടുത്ത് പെൻസിലോ ക്രയോണുകളോ ഉപയോഗിച്ച് നിറം നൽകാനും സാധിക്കും.
ഇതിന് പുറമെ 'ഫിൽ ടോളറൻസ് സ്ലൈഡർ' (Fill tolerance slider) എന്ന പുതിയ സംവിധാനവും പെയിന്റിൽ എത്തും. ഇതുവഴി 'ഫിൽ' ടൂളിന്റെ പ്രവർത്തനം കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കാനാകും. നിറങ്ങൾ അനാവശ്യമായി പടരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. കളറിങ് ബുക്ക് ഫീച്ചറിൽനിന്ന് വ്യത്യസ്തമായി, ഈ സ്ലൈഡർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.
കംപ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാൻ സഹായിക്കുന്ന ആപ്പുകളിലൊന്നാണ് പെയിന്റ്. കുട്ടികൾക്ക് കംപ്യൂട്ടർ ഉപയോഗം പരിചയപ്പെടുത്താനും മൗസ് നിയന്ത്രണം പഠിച്ചെടുക്കാനുമെല്ലാം ഈ ആപ്പ് സഹായകമാണ്. പുതിയ കളറിങ് ഫീച്ചർ വഴി കുട്ടികൾക്ക് കളറിങ് ഡിജിറ്റലായോ പേപ്പറിലോ പരിശീലിക്കാൻ സാധിക്കും.
നോട്ട്പാഡിലെ മാറ്റങ്ങൾ
വിൻഡോസിലെ മറ്റൊരു ക്ലാസിക് ആപ്പായ നോട്ട്പാഡും അത്യാധുനികമായ മാറ്റങ്ങളോടെ പരിഷ്കരിക്കപ്പെടുകയാണ്. വേർഷൻ 11.2512.10.0-ൽ എ.ഐ. അധിഷ്ഠിതമായ റൈറ്റ് (Write), റീറൈറ്റ് (Rewrite), സമ്മറൈസ് (Summarise) ഫീച്ചറുകൾ നോട്ട്പാഡിൽ ഉൾപ്പെടുത്തി. പുതിയ അപ്ഡേറ്റ് പ്രകാരം എ.ഐ. തയ്യാറാക്കുന്ന കുറിപ്പുകൾ ഓരോ വരിയായി രൂപപ്പെടുന്നതു നോക്കി തിരുത്തലുകൾ വരുത്താൻ സാധിക്കും. ഇത് ടെക്സ്റ്റ് എഡിറ്റിങ് കൂടുതൽ വേഗത്തിലാക്കും.
നോട്ട്പാഡിന്റെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിൽ പുതിയ 'വെൽക്കം സ്ക്രീൻ' ലേഔട്ടും ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, നോട്ട്പാഡിലെ മാർക്ക്ഡൗൺ സംവിധാനത്തിൽ സ്ട്രൈക്ക്ത്രൂ നെസ്റ്റഡ് ലിസ്റ്റുകൾ തുടങ്ങിയ പുതിയ സവിശേഷതകളും മൈക്രോസോഫ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ടെക്സ്റ്റ് ഫോർമാറ്റിങ്ങിന് നോട്ട്പാഡ് ഉപയോഗിക്കുന്നവർക്ക് ഇത് വലിയ സഹായമാകും.
Content Highlights: From Classic to Smart: MS Paint Gets AI Coloring Book and Notepad Adds Rewrite Tools
Published: 27 Jan 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented