നിയന്ത്രണം നഷ്ടപ്പെട്ട എഐ (നിർമിതബുദ്ധി) ഏജന്റ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായി വെളിപ്പെടുത്തൽ. കമ്പനിയുടെയും ഉപയോക്താക്കളുടെയും രഹസ്യ വിവരങ്ങൾ എഐ ഏജന്റ് ജീവനക്കാർക്ക് അനുമതിയില്ലാതെ ലഭ്യമാക്കി എന്നാണ് ദി ഇൻഫർമേഷൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് മണിക്കൂറോളം കമ്പനിയുടെയും ഉപയോക്താക്കളുടെയും വലിയ അളവിലുള്ള ഡേറ്റ എൻജിനീയർമാർക്ക് എഐ ഏജന്റ് ലഭ്യമാക്കി. ഇക്കാര്യം മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് സമയത്തേക്ക് എഐ ഏജന്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കമ്പനി പറയുന്നത്. ആഭ്യന്തര സുരക്ഷാ വീഴ്ചകൾ വിലയിരുത്തുന്നതിൽ രണ്ടാമത്തെ തലത്തിലുള്ള ഗുരുതരമായ വീഴ്ച എന്നാണ് കമ്പനി ഇതിനെ വിലയിരുത്തുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

മെറ്റയിലെ ഒരു ജീവനക്കാരൻ സാങ്കേതിക സഹായം അഭ്യർഥിച്ച് കമ്പനിയുടെ ആഭ്യന്തര ഫോറത്തിൽ ഒരു പോസ്റ്റിട്ടതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഒരു എൻജിനീയർ ആ പ്രശ്‌നം വിശകലനം ചെയ്യാൻ എഐ ഏജന്റിനോട് ആവശ്യപ്പെട്ടു. എൻജിനീയറുടെ അനുമതി വാങ്ങാതെ ആയിരുന്നു എഐ ഏജന്റിന്റെ തുടർന്നുള്ള നീക്കങ്ങൾ. രഹസ്യ വിവരങ്ങൾ ജീവനക്കാർക്ക് ചോർന്നുകിട്ടിയത് ഇതേത്തുടർന്നാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

മെറ്റയിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് ആദ്യമായല്ല. തന്റെ ഇൻബോക്‌സിലെ മുഴുവൻ വിവരങ്ങളും നഷ്ടപ്പെട്ടതിനെക്കുറിച്ച് മെറ്റ സൂപ്പർ ഇന്റലിജൻസിലെ സേഫ്റ്റി ആൻഡ് അലൈൻമെന്റ് ഡയറക്ടർ സമ്മർ യൂ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. സ്ഥിരീകരണം തേടാതെ എഐ ഏജന്റ് പ്രവർത്തിച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. കാര്യങ്ങൾ തനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് സമ്മർ യൂ വെളിപ്പെടുത്തിയിരുന്നു.

എഐ ഏജന്റുകൾക്ക് പിഴവ് സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. തെറ്റ് സംഭവിക്കാൻ ഇടയുള്ള എഐ സംവിധാനങ്ങൾ യുദ്ധത്തിലടക്കം ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യാപക വിമർശനം ഉയർന്നിരുന്നു. മനുഷ്യനെ കൊല്ലുന്നതിനെക്കുറിച്ച് എഐ തീരുമാനം എടുക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. സൈനിക നീക്കങ്ങളിൽ അമേരിക്ക എഐ ഉപയോഗിക്കുന്നതിനെ ചൈനയടക്കം വിമർശിച്ചിരുന്നു.