
കഴിഞ്ഞ കുറേ മാസങ്ങളായി നിർമിത ബുദ്ധി മനുഷ്യരുടെ ജോലികൾ കൈയടക്കിയേക്കാമെന്ന വിഷയത്തിൽ കടുത്ത സംവാദം നടക്കുന്നുണ്ട്. ആഗോള സാങ്കേതിക രംഗത്തെ പ്രമുഖർ വിവിധ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, സമീപകാലത്തായി ഇക്കാര്യത്തിൽ അത്ര ഭയപ്പെടേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നുണ്ട് സാം ഓൾട്ട്മാൻ, ജെഫ് ബെസോസ് എന്നിവരെ പോലുള്ളവർ. ആദ്യം ഭയപ്പെട്ടതുപോലെ ഒന്നുമില്ലെന്നാണ് ഇവർ പറയുന്നത്. ജോലി നഷ്ടപ്പെടില്ല, പകരം നിർമിത ബുദ്ധി സൃഷ്ടിക്കുന്ന പുതിയ ജോലികൾ ചെയ്യാൻ തൊഴിലാളികളുടെ ക്ഷാമമാണ് ഉണ്ടാവുകയെന്ന് ജെഫ് ബെസോസ് പറയുകയുണ്ടായി. ഇങ്ങനെയുള്ള ആശ്വാസവാക്കുകൾ ഇവർ പറയുന്നുണ്ടെങ്കിലും ആശങ്കകൾ ദൂരീകരിക്കപ്പെടുന്നില്ല.
ഇപ്പോഴിതാ ഡെലിവറി ജോലിക്കാർക്കു പകരം അധികം വൈകാതെതന്നെ റോബോട്ടുകൾ ഇടം പിടിക്കുമെന്നാണ് ചൈനയിലെ മുൻനിര ഇ-കൊമേഴ്സ് സംരംഭകർ പറയുന്നത്.
ഏഴുലക്ഷത്തോളം വരുന്ന തങ്ങളുടെ ഡെലിവറി ജോലിക്കാർക്കു പകരം ഒരിക്കൽ റോബോട്ടുകൾ സ്ഥാനം പിടിക്കുമെന്ന് ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജെഡി.കോം സ്ഥാപകനും മേധാവിയുമായ റിച്ചാർഡ് ലിയു പറഞ്ഞു. ബെയ്ജിങ്ങിൽ നടന്ന ഏഷ്യ പസഫിക് എക്കണോമിക് കോർപ്പറേഷൻ (അപെക്) ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെലിവറി രംഗത്തെ ഓട്ടോമേഷൻ ഒരു വിദൂരസാധ്യതയല്ലെന്നും അത് ആത്യന്തിക യാഥാർഥ്യമാണെന്നും അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ആലിബാബ, മെയ്റ്റ്വാൻ പോലുള്ള വൻകിട ഇ-കൊമേഴ്സ് വമ്പന്മാരോട് മത്സരിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർമാരിലൊന്നാണ് ജെഡി.കോം.
റോബോട്ടുകൾ എന്ന് ഉപയോഗത്തിൽ വരുമെന്നതിന് കൃത്യമായൊരു സമയക്രമം അദ്ദേഹം പറഞ്ഞില്ല. എന്നാൽ അത്തരമൊരു ഭാവിക്കായുള്ള തയ്യാറെടുപ്പുകൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഓട്ടോമേഷൻ വഴി തൊഴിൽ നഷ്ടപ്പെടുന്നവർക്കു പുതിയ മേഖലകളിൽ പരിശീലനം നൽകാൻ ജെഡി.കോം 120-ഓളം സ്കൂളുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. റോബോട്ടുകൾ യന്ത്രങ്ങളായതിനാൽ അവയ്ക്ക് എപ്പോഴെങ്കിലും തകരാറുകൾ സംഭവിക്കാമെന്നും ഇത്തരം സന്ദർഭങ്ങളിൽ റോബോട്ടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനും അവയെ നിയന്ത്രിക്കാനുമുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. സാങ്കേതികവിദ്യ മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്താനും കൂടുതൽ രസകരമാക്കാനും ഉള്ളതാകണമെന്നും അല്ലാതെ ജോലി ചെയ്യാനുള്ള മനുഷ്യന്റെ അവകാശത്തെ ഇല്ലാതാക്കരുതെന്നുമാണ് ലിയുവിന്റെ പക്ഷം.
ചൈനയുടെ റോബോട്ടിക്സ് കുതിപ്പ്
ചൈനയുടെ പുതിയ പഞ്ചവത്സര പദ്ധതിയിൽ റോബോട്ടിക്സ് സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഭാവിയിലെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമായാണ് നയരൂപകർത്താക്കൾ റോബോട്ടുകളെ കാണുന്നത്. വിമാനത്താവളങ്ങളിൽ യാത്രക്കാർക്കു ഭക്ഷണം എത്തിക്കുന്ന റോബോട്ടുകളും കൺവീനിയൻസ് സ്റ്റോറുകളിൽ സാധനങ്ങൾ നിറയ്ക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും ചൈന ഇതിനകം പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.
Content Highlights: JD.com founder Richard Liu predicts that robots will eventually replace their 700,000 delivery workers, though new employment opportunities in robot maintenance and operation will emerge as China continues to heavily invest in automated technology.
Published: 22 Jun 2026, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented