മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രനില്‍ പേടകമിറക്കാനൊരുങ്ങുകയാണ് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ. ജപ്പാന്റെ സ്മാര്‍ട് ലാന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ ദൗത്യമാണ് ഇന്ന് ചന്ദ്രനില്‍ ഇറങ്ങുക. ഷിയോലി എന്ന ഗര്‍ത്തത്തിന് സമീപമുള്ള ഒരു ചരിവാണ് ലക്ഷ്യം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 7.30 യോടെയാണ് സ്ലിം പേടകം ചന്ദ്രനില്‍ ഇറങ്ങുക.
ചന്ദ്രയാന്‍ 3 ലാന്റര്‍ ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള അമേരിക്കന്‍ സ്വകാര്യകമ്പനിയായ ആസ്‌ട്രോബോടിക്‌സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേ കല്‍പിക്കപ്പെടുന്നുള്ളൂ.
ഇറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഏകദേശം നൂറ് മീറ്റര്‍ പരിധിയില്‍ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ഗതിനിര്‍ണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയില്‍ 'മൂണ്‍ സ്‌നൈപ്പര്‍' എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്.
സാധാരണ ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ദൗത്യങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന കിലോമീറ്ററുകള്‍ വ്യത്യാസത്തിലാണ് പേടകത്തിന് ഇറങ്ങാന്‍ സാധിക്കാറ്. മാത്രവുമല്ല ചരിഞ്ഞ പ്രതലമാണ് ജപ്പാന്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ പുതിയൊരു ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാവും.
യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ പേടകം ഇറക്കിയിട്ടുള്ളത്. സ്ലിം ദൗത്യം വിജയം കണ്ടാല്‍ ജപ്പാനും ഈ പട്ടികയില്‍ ഇടം പിടിക്കും.
വളരെ ചുരുങ്ങിയ സമയം മാത്രമാണ് സ്ലിം പേടകത്തിന് പ്രവര്‍ത്തിക്കാനാവുക. പ്രധാനമായും കൃത്യമായ ലാന്‍ഡിങ് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഈ ദൗത്യം. ഇറങ്ങാന്‍ ഉദ്ദേശിക്കുന്ന ഷിയോലി മേഖലയില്‍ ഇപ്പോള്‍ സൂര്യ വെളിച്ചം ലഭിക്കുന്ന സമയമാണ്. മാസാവസാനം സൂര്യപ്രകാശം ഇല്ലാതാവുന്നതോടെ പേടകത്തിലെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജം ഉല്പാദിപ്പിക്കാനാവില്ല. കഠിനമായ തണുപ്പില്‍ പേടകത്തിലെ ഘടക ഭാഗങ്ങള്‍ തകരാറിലായേക്കും.
അതേസമയം രണ്ട് ചെറിയ റോവറുകള്‍ പേടകത്തിലുണ്ട്. ഇവ ഉപയോഗിച്ചും ലാന്ററിലെ ക്യാമറ ഉപയോഗിച്ചും വിവരങ്ങള്‍ ശേഖരിക്കും.
മുമ്പ് രണ്ട് തവണ ഛിന്നഗ്രഹങ്ങളില്‍ പേടകം ഇറക്കുന്നതില്‍ ജാക്‌സ വിജയിച്ചിട്ടുണ്ട്. ആ പരിചയം സ്ലിം ദൗത്യത്തില്‍ പ്രയോജനം ചെയ്‌തേക്കും. എന്നാല്‍ ഛിന്നഗ്രഹങ്ങളേക്കാള്‍ ചന്ദ്രനില്‍ ഗുരുത്വബലം കൂടുതലുള്ളത് ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഒരു സ്വകാര്യ കമ്പനിയായ ഐസ്‌പേസ് ഹകുറ്റോ-ആര്‍ എന്ന പേടകം ചന്ദ്രനില്‍ ഇറക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
Content Highlights: japan slim mission land on the moon, moon lander
Published: 19 Jan 2024, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented