ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള സുപ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറച്ച് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.
മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) ഡ്രോപ്പ് സോണിലാണ് ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (IMAT-05) എന്നറിയപ്പെടുന്ന ഈ പരീക്ഷണം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനത്തിൽ നിന്ന് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഡമ്മി പേടകം ഉപയോഗിച്ചുള്ള ഈ പരീക്ഷണം നടത്തിയത്.
ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ വേഗത കുറയ്ക്കുന്ന സംവിധാനത്തിൽ നാല് വ്യത്യസ്ത തരത്തിലുള്ള 10 പാരച്യൂട്ടുകളാണ് ഉള്ളത്. ഇവയുടെ പ്രവർത്തനം താഴെ പറയുന്ന ഘട്ടങ്ങളിലായാണ് നടക്കുന്നത്:
- അപെക്സ് കവർ സെപ്പറേഷൻ : ആദ്യം പാരച്യൂട്ട് കമ്പാർട്ട്മെന്റിന്റെ മുകളിലുള്ള സംരക്ഷണ കവർ മാറ്റുന്നതിനായി ആദ്യം രണ്ട് അപെക്സ് കവർ സെപ്പറേഷൻ പാരച്യൂട്ടുകൾ തുറക്കും.
- ഡ്രോഗ് പാരച്യൂട്ടുകൾ : തുടർന്ന് പേടകത്തിന്റെ വേഗത കുറയ്ക്കാനായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ വിന്യസിക്കപ്പെടും.
- പൈലറ്റ് & മെയിൻ പാരച്യൂട്ടുകൾ: പേടകത്തിന്റെ വേഗം നിയന്ത്രിക്കപ്പെട്ടതിന് ശേഷം, ഏറ്റവും മൂന്ന് പൈലറ്റ് പാരച്യൂട്ടുകൾ പ്രവർത്തിക്കും. പിന്നാലെ മൂന്ന് മെയിൻ പാരച്യൂട്ടുകൾ നിവരും. അവസാന ഘട്ടത്തിൽ ഈ വലിയ മെയിൻ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിന്റെ വേഗത പൂർണ്ണമായും കുറയ്ക്കുകയും സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുകയും ചെയ്യുക.
ഐ.എസ്.ആർ.ഒ (ISRO), ഡി.ആർ.ഡി.ഒ (DRDO), ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ കരസേന എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഗഗൻയാന്‍റെ ആളില്ലാ വിക്ഷേപണമായ ഗഗൻയാൻ ജി1 (G1) ദൗത്യത്തിന് മുന്നോടിയായാണ് ഇത്.
Content Highlights: ISRO, in collaboration with the Indian Armed Forces and DRDO, has successfully completed a vital main parachute airdrop test (IMAT-05) in Madhya Pradesh to ensure the safe landing of the Gaganyaan crew module.
Published: 08 Jul 2026, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented