ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 18 പ്രോ പരമ്പരയ്ക്ക് വിലവർധനയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും വലിയ വർധന ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്മാർട്ട്‌ഫോൺ വിപണിയിലെ വിതരണ തടസ്സങ്ങളും ഘടകങ്ങളുടെ വിലക്കയറ്റവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

To advertise here,

ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് ഫോണുകൾക്ക് 250 ഡോളറിലധികമോ അല്ലെങ്കിൽ 300 ഡോളർ വരെയും വില വർധിച്ചേക്കാമെന്നാണ് ജിഎഫ് സെക്യൂരിറ്റീസിലെ സാമ്പത്തിക വിശകലന വിദഗ്ധനായ ജെഫ് പൂ പുറത്തുവിട്ട വിവരം. സിലിക്കൺ, മെമ്മറി ചിപ്പുകളുടെ അമിതവിലയും നിർമാണ സാമഗ്രികളുടെ ക്ഷാമവുമാണ് ടെക് വ്യവസായത്തെയും ആപ്പിളിനെയും ബാധിച്ചിരിക്കുന്നത്.

ഫെബ്രുവരിയിലും മേയിലും ഐഫോൺ 18 പ്രോയുടെ പ്രാരംഭവില മുൻ വർഷങ്ങളിലെപ്പോലെ 1,099 ഡോളർ, 1,199 ഡോളർ ആയി തുടരുമെന്നായിരുന്നു ജെഫ് പൂ കണക്കാക്കിയിരുന്നത്. എന്നാൽ, നിലവിലെ പ്രതിസന്ധികൾ കാരണം അദ്ദേഹം ഈ നിലപാടിൽ മാറ്റം വരുത്തി. ഈ കണക്കുകൂട്ടലുകൾ ശരിയായാൽ, ഐഫോൺ 18 പ്രോയുടെ ആരംഭവില 1,400 ഡോളറിലേക്ക് (1.33 ലക്ഷം രൂപ) ഉയരും.

ആപ്പിൾ ഇതിനകംതന്നെ തങ്ങളുടെ ഐപാഡുകൾ, മാക്കുകൾ, വിഷൻ പ്രോ എന്നിവയുടെ വില വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഐഫോണുകളെ  ഒഴിവാക്കിയിരുന്നു. ആപ്പിളിന്റെ സാമ്പത്തിക അവലോകന യോഗത്തിൽ സിഇഒ ടിം കുക്ക് ഇതിനോട് പ്രതികരിക്കാത്തതിനാൽ സെപ്റ്റംബറിലെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും. എങ്കിലും ഐഫോണുകൾക്ക് വില വർധിപ്പിക്കാതെ പറ്റില്ലെന്നതിന്റെ സൂചനകൾ ടിം കുക്ക് നേരത്തേ തന്നെ നൽകിയിട്ടുണ്ട്.

വില വർധിക്കുമ്പോഴും ചില പ്രധാന അപ്‌ഗ്രേഡുകൾ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. കോസ്മിക് ഓറഞ്ചിന് പകരം പുതിയ 'ഡാർക്ക് ചെറി' കളർ ഓപ്ഷനും വലുപ്പം കുറഞ്ഞ ഡൈനാമിക് ഐലൻഡും (Dynamic Island) പ്രതീക്ഷിക്കുന്നു. വേരിയബിൾ അപർച്ചർ ക്യാമറ, LTPO+ ഡിസ്‌പ്ലേ, മെച്ചപ്പെട്ട ബാറ്ററി ആയുസ്സ് എന്നിവയാണ് മറ്റ് അപ്‌ഗ്രേഡുകൾ. യുഎസിന് പുറത്തുള്ള വിപണികളിൽ പുതിയ ആപ്പിൾ C2 മോഡം ഉപയോഗിച്ചേക്കും.

പുതിയ സിരി എഐ, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ എന്നിവ പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമായിരിക്കും. എന്നാൽ, ഈ എഐ ഫീച്ചറുകൾ പലതും സൗജന്യമായിരിക്കില്ലെന്നും സബ്‌സ്‌ക്രിപ്ഷൻ വഴി മാത്രം നൽകുന്ന രീതിയിലേക്ക് മാറിയേക്കാമെന്നുമുള്ള സൂചനകൾ ഉപയോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

അമിതമായ വിലവർധനയും എഐ സബ്‌സ്‌ക്രിപ്ഷൻ ചെലവുകളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇപ്പോൾ ലഭ്യമായ ഐഫോൺ 17 പ്രോ വാങ്ങുന്നത് കൂടുതൽ ലാഭകരമായ ബദലാണെന്ന് വിലയിരുത്തപ്പെടുന്നു.  നിലവിലെ പ്രതിസന്ധികൾ പഴയ മോഡലുകളുടെ വിലവർധനയ്ക്ക് കാരണമായേക്കുമെന്നും പറയപ്പെടുന്നുണ്ട്.