ഏറ്റവും കനംകുറഞ്ഞ മൊബൈല്‍ഫോണായ ഐഫോണ്‍ എയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍. ഐഫോണ്‍ എയര്‍ 2 ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളോടെ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് വിവരം. വില്‍പ്പന കുറഞ്ഞത് കാരണം ഐഫോണ്‍ എയറുമായി പദ്ധപ്പെട്ട പദ്ധതികള്‍ കമ്പനി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വേരിയന്റില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നു എന്നാണ് നിലവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

To advertise here,

ഈ വര്‍ഷം 17 സീരീസിന്റെ ഭാഗമായാണ് ഐഫോണ്‍ എയര്‍ അവതരിപ്പിച്ചത്. എന്നാല്‍ അടുത്ത മോഡല്‍ 2026-ലെ ഐഫോണ്‍ 18 നിരയുടെ ഭാഗമാകാനാണ് സാധ്യത. ഐഫോണ്‍ 18 എയര്‍ പിന്നിലെ ഡ്യുവല്‍ ക്യാമറ സംവിധാനത്തോടെയായിരിക്കും പുറത്തിറങ്ങുക. ഇതിലെ സെന്‍സറുകള്‍ 17 പ്രോ വേരിയന്റുകളില്‍ നിന്നായിരിക്കാം എടുക്കുകയെന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു.

അതിനിടെ, മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാതെ പോലും ഐഫോണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പുതിയ സാറ്റലൈറ്റ് ഫീച്ചറുകള്‍ യാഥാര്‍ഥ്യമാക്കാനും ആപ്പിള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ആപ്പിള്‍ മാപ്സിലും മെസേജസിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നതായി ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതോടെ സിഗ്‌നല്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഉപയോക്താക്കള്‍ക്ക് നാവിഗേറ്റ് ചെയ്യാനോ ചാറ്റ് ചെയ്യാനോ സാധിക്കും.

ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഐഫോണുകള്‍ ഉപയോഗപ്രദമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെല്ലുലാര്‍ സേവനം ഇല്ലാത്തപ്പോള്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന 'എമര്‍ജന്‍സി എസ്ഒഎസ് വയാ സാറ്റലൈറ്റ്' ഫീച്ചര്‍ ആപ്പിള്‍ ഇതിനകം തന്നെ നല്‍കുന്നുണ്ട്. 2022-ല്‍ ഐഫോണ്‍ 14-നോടൊപ്പമാണ് ഇത് അവതരിപ്പിച്ചത്. പിന്നീട്, നെറ്റ്വര്‍ക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡ്സൈഡ് സഹായവും കമ്പനി ഉള്‍പ്പെടുത്തി. ഇപ്പോള്‍, മാപ്സ്, മെസേജസ് പോലുള്ള ദൈനംദിന ടൂളുകളും ഓഫ്-ഗ്രിഡില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം.

ഇതെല്ലാം സാധ്യമാക്കുന്നതിനായി ആപ്പിളിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയുള്ള ഐഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ കമ്പനി വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍്. നിലവില്‍ ആപ്പിളിന്റെ എസ്ഒഎസ് ഫീച്ചറുകള്‍ക്ക് പിന്തുണ നല്‍കുന്ന സാറ്റലൈറ്റ് ഓപ്പറേറ്ററായ ഗ്ലോബല്‍സ്റ്റാറുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പോലുള്ള എതിരാളികളുടെ അത്ര വലുതല്ല ഗ്ലോബല്‍സ്റ്റാറിന്റെ സിസ്റ്റം എങ്കിലും ആപ്പിളിന്റെ നിലവിലുള്ള സേവനങ്ങള്‍ക്ക് ഇത് പര്യാപ്തമായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഭാവിയിലെ ഫീച്ചറുകളെ പിന്തുണയ്ക്കുന്നതിനായി ഗ്ലോബല്‍സ്റ്റാറിന്റെ നെറ്റ്വര്‍ക്ക് നവീകരിക്കാന്‍ കമ്പനി ഫണ്ട് നല്‍കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

അടുത്ത തലമുറ ഐഫോണുകളില്‍ 5G NTN (നോണ്‍-ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകള്‍) സപ്പോര്‍ട്ടും ഉള്‍പ്പെട്ടേക്കാം എന്നും സൂചനകളുണ്ട്. കൂടുതല്‍ ശക്തവും വിശാലവുമായ കവറേജ് നല്‍കുന്നതിന് മൊബൈല്‍ ടവറുകളെയും ഉപഗ്രഹങ്ങളെയും സംയോജിപ്പിക്കുന്നതാണ് ഇത്.

ഇതിനെല്ലാം പുറമെ ആപ്പ് ഡെവലപ്പര്‍മാര്‍ക്കായി ആപ്പിള്‍ ഒരു ഫ്രെയിംവര്‍ക്ക് വികസിപ്പിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. ഇത് തേര്‍ഡ്-പാര്‍ട്ടി ആപ്പുകളെ സാറ്റലൈറ്റ് കണക്ഷനുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ്. യാഥാര്‍ഥ്യമായാല്‍ യാത്ര, ആരോഗ്യം, അല്ലെങ്കില്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പോലും പ്രവര്‍ത്തിക്കാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളിലോ ഓഫ്-ഗ്രിഡ് സാഹസിക യാത്രകളിലോ ഇത് വളരെ ഉപയോഗപ്രദമാകും.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിലെ വര്‍ധിച്ചുവരുന്ന മത്സരം നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇതിനെല്ലാം പിന്നില്‍. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് സാറ്റലൈറ്റ് മെസേജിംഗ് കൊണ്ടുവരാന്‍ ടി-മൊബൈലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.