ഐഫോണ്‍ 17 പ്രോ മാക്സ് വരുന്നത് ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുമായെന്ന് റിപ്പോര്‍ട്ടുകള്‍. 5,000 mAh-ല്‍ കൂടുതലുള്ള ബാറ്ററിയാണ് ഇതില്‍ പ്രതീക്ഷിക്കുന്നതെന്നാണ് ചോര്‍ന്ന ഇന്റേണല്‍ ഡിസൈന്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നിലവിലെ മോഡലുകളില്‍ നിന്നുള്ള ഈ വലിയ മാറ്റം സാംസങ്ങിന്റെ ഗാലക്സി എസ് 25 അള്‍ട്രായ്ക്ക് തുല്യമായ ബാറ്ററി ശേഷി നല്‍കും.
കൊറിയന്‍ ടിപ്സ്റ്ററായ yeux1122 ആണ് ഈ വിവരം പുറത്തുവിട്ടത്. ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ നേവറില്‍ (Naver) ഉപകരണത്തിന്റെ ആന്തരിക ഘടകങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളില്‍, വലിയ ബാറ്ററിക്കായി രൂപകല്‍പ്പന ചെയ്ത ഒരു വലിയ ആന്തരിക അറ കാണാം. അതോടൊപ്പം, മാഗ്സേഫ് കോയിലുകള്‍ പുനഃക്രമീകരിച്ചിരിക്കുന്നതായും, വേപ്പര്‍-ചേംബര്‍ കൂളിംഗ് സിസ്റ്റത്തിനായി ഒരു പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നതായും വ്യക്തമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഐഫോണ്‍ 17 പ്രോ മാക്സില്‍ മെറ്റല്‍ കവറുള്ള ബാറ്ററി ഉണ്ടായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇത് നിലവിലെ ഐഫോണ്‍ 16 പ്രോയ്ക്ക് സമാനമാണെങ്കിലും ഈ ഫീച്ചര്‍ പ്രോ മാക്സ് മോഡലിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. വലിയ ബാറ്ററി ശേഷി കൊണ്ടുണ്ടാകുന്ന താപ നിയന്ത്രണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും താപം എളുപ്പത്തില്‍ പുറന്തള്ളാനും ഈ മെറ്റല്‍ കവറിംഗ് സഹായിക്കും.
ചിത്രങ്ങള്‍ രണ്ട് തരം ബാറ്ററി ഡിസൈനുകളാണ് സൂചിപ്പിക്കുന്നത്. ഫിസിക്കല്‍ സിം ട്രേകളുള്ള മോഡലുകള്‍ക്ക് 'L' ആകൃതിയിലുള്ള ബാറ്ററിയും, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വില്‍ക്കുന്നതുപോലെയുള്ള സിം-ഫ്രീ വേരിയന്റുകള്‍ക്ക് ചതുരാകൃതിയിലുള്ള ബാറ്ററിയും. ബാറ്ററി മെച്ചപ്പെടുത്തലുകള്‍ക്ക് പുറമെ വലിപ്പമുള്ള ക്യാമറ ബമ്പ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ചോര്‍ന്ന ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇന്‍സ്റ്റന്റ് ഡിജിറ്റലിന്റെ മറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 17 പ്രോ മാക്സില്‍ 48 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സ് ഉണ്ടാകും. 8x വരെ ഒപ്റ്റിക്കല്‍ സൂം ഇതില്‍ ലഭ്യമാകും. മികച്ച ചിത്ര നിലവാരത്തിനായി വ്യത്യസ്ത ഫോക്കല്‍ ലെങ്തുകളിലേക്ക് മാറാന്‍ കഴിയുന്ന ഒരു മൂവിംഗ് ലെന്‍സ് സിസ്റ്റം ഇതിനായി ഉപയോഗിക്കും.
2025 സെപ്റ്റംബര്‍ 9-ന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ എന്നിവയ്ക്കൊപ്പം പ്രോ മാക്സും ഈ നിരയില്‍ ഉണ്ടാകും. എ19 പ്രോ ചിപ്പ്, 12 ജിബി റാം, 25 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ എന്നിവയും ഈ ഉപകരണത്തില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Content Highlights: Leaked renders suggest the iPhone 17 Pro Max will boast a 5000mAh battery and metal battery cover,
Published: 17 Aug 2025, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented