മുംബൈ: ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ഐഫോൺ കയറ്റുമതി 2025-26 സാമ്പത്തികവർഷം രണ്ടുലക്ഷംകോടി രൂപ കടന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പി.എൽ.ഐ.) പദ്ധതിയുടെ കാലാവധിതീരുന്ന വർഷത്തിലാണ് ആപ്പിൾ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആപ്പിൾ സർക്കാരിനു സമർപ്പിച്ച കണക്കിലാണ് 2025 ഏപ്രിൽമുതൽ 2026 ഫെബ്രുവരിവരെ കയറ്റുമതി രണ്ടുലക്ഷം കോടി രൂപ പിന്നിട്ടതായി അറിയിച്ചത്.

To advertise here,

2021-22 സാമ്പത്തികവർഷമാണ് ആപ്പിൾ ഐഫോൺ ഇന്ത്യയിൽനിന്ന് കയറ്റുമതി തുടങ്ങുന്നത്. 9,351.6 കോടി രൂപയുടെ ഐഫോണുകളാണ് ആദ്യവർഷം കയറ്റിപ്പോയത്. രണ്ടാംവർഷമിത് 44,269.5 കോടി രൂപയായി ഉയർന്നു. ടാറ്റാ ഇലക്‌ട്രോണിക്സ്, ഫോക്സ്കോൺ എന്നിവ ഉത്പാദനരംഗത്ത് ചുവടുറപ്പിച്ചതോടെ ഇത് ക്രമമായി വളർന്നു. 2023-24 സാമ്പത്തികവർഷം 85,000 കോടിയിലേക്കും 2024-25-ൽ 1.50 ലക്ഷം കോടി രൂപയിലേക്കും കയറ്റുമതി കുതിച്ചു.

ഉത്പാദനമേഖലയിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറകുനൽകുന്നതാണ് ആപ്പിളിന്റെ നേട്ടം. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഇത് കൂടുതൽ കരുത്തുനൽകുന്ന ഘടകമായിരിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ ഉത്പാദനത്തിലെ വിതരണശൃംഖലയിൽ 40 ആഭ്യന്തര കമ്പനികളാണ് ഉൾപ്പെടുന്നത്. ജപ്പാനിൽനിന്നുള്ള ടി.ഡി.കെ. കോർപ്പറേഷൻ, തയ്‌വാൻ കമ്പനികൾ എന്നിവയും ആപ്പിളിനായി ഘടകങ്ങൾ നൽകുന്നു.

ഇതോടെ ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്ന ഏറ്റവും വലിയ ബ്രാൻഡായി ആപ്പിളിന്റെ ഐഫോൺ മാറി. ആഗോളവിപണിയിൽ ഹാർമണൈസ്ഡ് സിസ്റ്റം കോഡിലുൾപ്പെട്ട അയ്യായിരത്തിലധികം ഉത്പന്നങ്ങളിൽനിന്നാണ് ആപ്പിൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2025-26 സാമ്പത്തികവർഷം ഇന്ത്യയിൽനിന്ന് 2.6 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഏകദേശ കണക്ക്. ഇതിൽ 75 ശതമാനംവരെ ഐഫോണിനു സ്വന്തമാണ്.