ഇന്ത്യയുടെ ആദ്യത്തെ ഓൺ-ഓർബിറ്റ് സാറ്റലൈറ്റ് റീഫ്യൂവലിങ് ദൗത്യത്തിലൂടെ ചരിത്രം സൃഷ്ടിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള OrbitAID Aerospace. ഈ സ്‌പേസ് സ്റ്റാർട്ടപ്പിന്റെ AayulSAT-ജനുവരി 12-ന് രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്ന് ഇസ്രോയുടെ PSLV-C62 റോക്കറ്റിൽ പറന്നുയരും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-N1 (Anvesha) യെയും PSLV-C62 ഭ്രമണപഥത്തിലെത്തിക്കും. ഓർബിറ്റിൽവെച്ച് ഇന്ധനം നിറയ്ക്കുന്നതിലൂടെയും സർവീസിങ് സാധ്യമാക്കുന്നതിലൂടെയും ഉപഗ്രഹങ്ങളുടെ ആയുസ് വർധിപ്പിക്കാനും ബഹിരാകാശ അവശിഷ്ടങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമാണ് AayulSAT ലക്ഷ്യമിടുന്നത്.

To advertise here,

ഇന്ത്യയുടേതിന് പുറമെ അന്താരാഷ്ട്ര ഉപഗ്രഹങ്ങൾക്കും സർവീസിങ് വാഗ്ദാനം ചെയ്യുന്നതാണ് OrbitAID-ന്റെ സംവിധാനങ്ങൾ 2025-ന്റെ തുടക്കത്തിൽ നടന്ന ഇസ്രോയുടെ SPADeX ദൗത്യത്തിന്റെ തുടർച്ചയാണിത്. SPADeX ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾക്കിടയിൽ ഡോക്കിങ് വിജയകരമായി സാധ്യമാക്കുകയും വലിയ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. OrbitAID -ന്റെ ദൗത്യം വാണിജ്യ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സർവകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായുള്ള സഹകരണവും OrbitAID Aerospace ലക്ഷ്യമിടുന്നുണ്ട്.

ഇസ്രോ നടത്തുന്ന PSLV-C62-യുടെ 2026-ലെ ആദ്യത്തെ വിക്ഷേപണമാണ് ജനുവരി 12-ലേത്. രണ്ട് സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകളുള്ള DL വേരിയന്റ് ഉപയോഗിക്കുന്ന 64-ാമത്തെ PSLV ഫ്‌ളൈറ്റുമാണ്. ഈ ദൗത്യത്തിലെ ശ്രദ്ധേയമായ പേലോഡുകളിൽ MOI-1 (ഹൈദരാബാദ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള AI-എനേബിൾഡ് എർത്ത് ഇമേജിങ്), IMJS (ഇൻഡോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹം), സ്‌പെയിനിന്റെ KID റീഎൻട്രി കാപ്‌സ്യൂൾ എന്നിവ ഉൾപ്പെടുന്നു. AayulSAT-ന്റെ വിജയം ഇന്ത്യൻ ഓൺ-ഓർബിറ്റ് സർവീസിങ് വ്യവസായത്തിന് അടിത്തറപാകാനും വിക്ഷേപണ ചെലവുകൾ കുറയ്ക്കാനും, പുനരുപയോഗിക്കാവുന്ന ഉപഗ്രഹങ്ങളെ പ്രവർത്തനക്ഷമമാക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.