ന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ വന്‍കുതിപ്പ്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കുത്തനെയുള്ള വര്‍ധന രേഖപ്പെടുത്തിയത്. 2024-25 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 47 ശതമാനത്തിലധികം വര്‍ധനയോടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 12.4 ബില്യണ്‍ ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എക്സിലൂടെ അറിയിച്ചു. ഇത് 'മേക്ക് ഇന്‍ ഇന്ത്യ'യുടെ വിജയഗാഥയാണെന്നും 2014-15 മുതല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ നമ്മുടെ ഇലക്ട്രോണിക്‌സ് ഉത്പാദനം 31 ബില്യണ്‍ ഡോളറില്‍ നിന്ന് 133 ബില്യണ്‍ ഡോളറായി വര്‍ധിക്കാന്‍ അത് കാരണമായെന്നും മന്ത്രി കുറിച്ചു.

To advertise here,

നിര്‍മ്മാണരംഗത്ത് സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 2014-ല്‍ വെറും രണ്ട് മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ഇന്ന് 300-ല്‍ അധികം യൂണിറ്റുകളായി ഇന്ത്യയിലെ ഉത്പാദന മേഖല വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈല്‍ ഇറക്കുമതി രാജ്യത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ മാറി. ഇത് നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. സോളാര്‍ മൊഡ്യൂളുകള്‍, നെറ്റ്​വർക്കിങ് ഉപകരണങ്ങള്‍, ചാര്‍ജര്‍ അഡാപ്റ്ററുകള്‍, ഇലക്ട്രോണിക് ഭാഗങ്ങള്‍ എന്നിവയും നമ്മുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഇലക്ട്രോണിക്‌സ് മേഖല വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. 2014-15ല്‍ 38,000 കോടി രൂപയായിരുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതി കഴിഞ്ഞ ദശാബ്ദത്തിനിടെ എട്ട് മടങ്ങ് വര്‍ധിച്ച് 2024-25ല്‍ 3.27 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നും മന്ത്രി പങ്കുവെച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

2014-15ല്‍, ഇന്ത്യയില്‍ വിറ്റ മൊബൈല്‍ ഫോണുകളില്‍ 26% മാത്രമാണ് രാജ്യത്ത് നിര്‍മ്മിച്ചത് ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി പൂര്‍ണമായും മാറി. ഇന്ന് രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും 99.2% ആഭ്യന്തരമായി നിര്‍മ്മിച്ചവയാണ്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന്റെ മൂല്യം 2014 സാമ്പത്തിക വര്‍ഷത്തിലെ 18,900 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 4,22,000 കോടി രൂപയായി കുതിച്ചുയര്‍ന്നുവെന്നും കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.