വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോളിസി അഡ്വൈസറായി ഇന്ത്യന്‍ വംശജന് ശ്രീറാം കൃഷ്ണന്. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനാണ് ഇദ്ദേഹം. വൈറ്റ് ഹൗസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സീനിയര്‍ എ.ഐ. പോളിസി അഡ്വൈസറായി ശ്രീറാം കൃഷ്ണനെ നിയമിച്ചെന്ന് ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു.
വൈറ്റ് ഹൗസ് എ.ഐ. ആന്‍ഡ് ക്രിപ്റ്റോ സിസാര്‍ ഉദ്യോഗസ്ഥനായ ഡേവിഡ് ഒ. സാക്സിനൊപ്പമായിരിക്കും ഇനി ശ്രീറാം കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തെ സേവിക്കാനും ഡേവിഡ് സാക്സുമായി ചേര്‍ന്ന് എ.ഐ. രംഗത്ത് പ്രവര്‍ത്തിക്കാനും കഴിഞ്ഞതിലുള്ള അഭിമാനം ശ്രീറാം ട്വിറ്ററില്‍ പങ്കുവെച്ചു. ട്രംപിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്. നിയമനത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ സ്വാഗതം ചെയ്തു.
മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഫെയ്സ്ബുക്, സ്നാപ്, യാഹൂ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്കിയ ശ്രീറാം, ടെക് രംഗത്തെ പരിണിതപ്രജ്ഞനായ വ്യക്തിയാണ്. നേരത്തേ ട്വിറ്റര്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്ത ശേഷം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീറാമിനെ നിയോഗിച്ചിരുന്നു. മസ്കുമായി ശ്രീറാമിന് അടുത്ത ബന്ധമുണ്ട്.
നോഷന്‍, കാമിയോ, കോഡ, സ്കേല്‍.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുള്ള ശ്രീറാം 2017 മുതല്‍ 2019 വരെ ട്വിറ്ററിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് ടീമുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയര്‍ത്തുന്നതില്‍ ശ്രീറാം പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ഉല്പന്നങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍ ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഹോം ടൈംലൈന്‍, ഓണ്‍ബോര്‍ഡിങ്/ ന്യൂ യൂസര്‍ എക്സ്പീരിയന്‍സ്, സെര്‍ച്ച്, ഡിസ്കവറി തുടങ്ങിയ പ്രധാന ടീമുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. സ്നാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ പരസ്യ ഉല്പന്നങ്ങള് നിര്‍മിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. സ്നാപ്പിന്റെ ഡയറക്ട് റെസ്പോണ്‍സ് ആഡ്സ് ബിസിനസും, ഫേസ്ബുക്ക് ഓഡിയന്‍സ് നെറ്റ് വര്‍ക്കും അതില്‍ ചിലതാണ്.
Content Highlights: indian american sriram krishnan will serve as senior white house policy advisor on ai
Published: 23 Dec 2024, 05:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented