സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് പങ്കുവെക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച് കേന്ദ്രസർക്കാർ. സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണമെന്ന നിർദേശവും കേന്ദ്രം മുന്നോട്ടുവെച്ചുവെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നത്. ഇതിനോട് ആപ്പിൾ, സാംസങ് പോലുള്ള വമ്പൻ കമ്പനിൾ യോജിക്കുന്നില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

83 സുരക്ഷാ മാനദണ്ഡങ്ങൾ ലംബന്ധിച്ച നിർദേശങ്ങളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളെക്കുറിച്ച് സർക്കാരിനെ അറിയിക്കണമെന്ന ആവശ്യവും ഉൾക്കൊള്ളുന്നു എന്നാണ് വിവരം. ഇത് ആഗോളതലത്തിൽ നിലവിലില്ലാത്തതാണെന്നും രഹസ്യവിവരങ്ങൾ ചോരാൻ ഇടയാക്കുമെന്നും കമ്പനികൾ വാദിക്കുന്നു. രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിടുന്നത് എന്നാണ് റോയിട്ടേഴ്‌സ് അവകാശപ്പെടുന്നത്.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഏകദേശം 750 ദശലക്ഷം ഫോണുകളാണ് ഇന്ത്യയിലുള്ളത്. ഓൺലൈൻ തട്ടിപ്പും ഡാറ്റാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഡാറ്റാ സുരക്ഷ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ലക്ഷ്യമിടുന്നത്. അതിനിടെ, വ്യവസായരംഗത്തെ ആശങ്കകൾ തുറന്ന മനസോടെ പരിഹരിക്കുമെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

ആപ്പിൾ, ദക്ഷിണ കൊറിയയുടെ സാംസങ്, ഗൂഗിൾ, ചൈനയുടെ ഷവോമി, ഈ കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ MAIT എന്നിവ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര നീക്കങ്ങൾ മുമ്പും കമ്പനികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഫോണുകളിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സൈബർ സുരക്ഷാ ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് വ്യാപക എതിർപ്പിനെത്തുടർന്ന് സർക്കാർ റദ്ദാക്കിയിരുന്നു.

ആഗോളതലത്തിൽ ഒരു രാജ്യവും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടില്ലെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ അവരുടെ സോഴ്സ് കോഡ് സൂക്ഷ്മമായി സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്. 2014 നും 2016 നും ഇടയിൽ സോഴ്‌സ് കോഡുമായി ബന്ധപ്പെട്ട ചൈനയുടെ ആവശ്യവും ആപ്പിൾ നിരസിച്ചിരുന്നു. യുഎസ് ഏജൻസികളും സമാനമായ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന രാജ്യങ്ങളൊന്നും ഇത്തരം വ്യവസ്ഥകൾ നിർബന്ധമാക്കിയിട്ടില്ല എന്നാണ് കമ്പനികൾ പറയുന്നത്.