ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെയെല്ലാം ജീവിതത്തിൽ ചെറുതല്ലാത്തൊരു സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്. പലവിധ ആവശ്യങ്ങൾക്കായി ലോകമെമ്പാടുമുള്ള ആളുകളും സ്ഥാപനങ്ങളും വ്യാപകമായി എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 93 ശതമാനം സ്ഥാപനങ്ങൾ ഏതെങ്കിലും രൂപത്തിൽ എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ സാങ്കേതികവിദ്യ സ്ഥാപനമായ സോഹോയുടെ 'ദി എഐ പ്രൈവസി ഇക്വേഷൻ: ഇന്ത്യ മാർക്കറ്റ് റിപ്പോർട്ട്' എന്ന പഠനത്തിൽ പറയുന്നത്.

To advertise here,

ഇതിൽ 71 ശതമാനം സ്ഥാപനങ്ങൾ സ്വകാര്യത സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളവരാണ്. 61 ശതമാനം കമ്പനികളിൽ എഐ ഗവേണൻസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എത്തിക്‌സ് കമ്മറ്റികളുടെ സാന്നിധ്യം വർധിക്കുന്നത് എഐ വിന്യസിക്കുന്നിൽ ധാർമിക പരിഗണനകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നതിനുള്ള സൂചനയാണെന്നും പഠനത്തിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സ്വീകരിക്കുന്നതിൽ ഉത്തരവാദിത്വത്തോടുകൂടിയതും ആസൂത്രിതവുമായ രീതികളാണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ കണ്ടുവരുന്നതെന്ന് പഠനം നിരീക്ഷിക്കുന്നു. 70 ശതമാനത്തിലധികം സ്ഥാപനങ്ങൾ അവരുടെ സ്വകാര്യതാ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തി എന്നത് അതിനുദാഹരണമാണ്. ടീമുകളെല്ലാം അവരുടെ എഞ്ചിനീയറിങ് വർക്ക് ഫ്‌ളോയുടെ ഭാഗമായി ഗാർഡ് റെയിലുകൾ, ധാർമികതാ അവലോകനങ്ങൾ, പരിമിതമായ ഡാറ്റാ ശേഖരണം എന്നിവയെല്ലാം കൊണ്ടുവന്നിട്ടുണ്ട്.

ഇത് ഉത്തരവാദിത്വത്തോടുകൂടിയുള്ള ഒരു എഐ അടിത്തറ ഇന്ത്യയ്ക്ക് നൽകുന്നുവെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സ്വകാര്യതയ്ക്ക് കേന്ദ്രസ്ഥാനം നൽകാനുള്ള ഞങ്ങളുടെ തന്ത്രം ശരിയാണെന്ന് അടിവരയിടുന്നതാണ് ഈ സമീപനമെന്നും സോഹോയിലെ എഐ റിസർച്ച് ഡയറക്ടർ രാംപ്രകാശ് രാമമൂർത്തി പറഞ്ഞു.

92 ശതമാനം ബിസിനസുകളും ഇതിനകം തന്നെ സ്വകാര്യതാ ടീമുകളെയോ ഓഫീസർമാരെയോ നിയോഗിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇത് ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ, പകുതിയിലധികം (ഏകദേശം 65 ശതമാനം) പേരും അവരുടെ ഐടി ബജറ്റിന്റെ 20 ശതമാനത്തിലധികം സ്വകാര്യത സംരക്ഷിക്കുന്നതിനായി നീക്കിവച്ചിട്ടുമുണ്ട്. എഐയെ ചുറ്റിപ്പറ്റിയുള്ള ധാർമിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യൻ ബിസിനസുകൾക്ക് ആഴത്തിലുള്ള ധാരണയുണ്ടെന്നും സർവേയിൽ പങ്കെടുത്ത 61 ശതമാനം സ്ഥാപനങ്ങളും ഇതിനകം ഒരു എഐ എത്തിക്‌സ് കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

സ്വകാര്യതാ ഭീഷണികൾ കാരണം എഐ ടൂളുകൾ ഉപയോഗിക്കാൻ സ്ഥാപനങ്ങൾ മടിക്കുമെന്നും എഐ ടൂളുകളിലേക്കുള്ള മാറ്റം മന്ദഗതിയിലാവുമെന്നുമുള്ള സിദ്ധാന്തം പൊളിക്കുന്നതാണ് ഇന്ത്യയിൽ നിന്നുള്ള ട്രെൻഡ്. ഇന്ത്യൻ ബിസിനസുകളിൽ 46 ശതമാനവും എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഇത് എഐ അഡോപ്ഷൻ രംഗത്ത് ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുന്നു.

47 ശതമാനം ബിസിനസുകളും സോഫ്റ്റ് വെയർ ഡെലപ്‌മെന്റ്, കോഡിങ് എന്നിവയ്ക്ക് വേണ്ടിയാണ് എഐ ഉപയോഗിക്കുന്നത്. 41 ശതമാനം പേർ ഉപഭോക്തൃസേവനങ്ങൾക്കും 37 ശതമാനം ഉല്പന്ന വികസനത്തിനും 32 ശതമാനം തീരുമാനങ്ങളെടുക്കുന്നതിനുള്ള പിന്തുണയ്ക്കും എഐ ഉപയോഗിക്കുന്നു. എന്നാൽ ഫലപ്രദമായി എഐ സ്വീകരിക്കുന്നതിൽ നിരവധി കമ്പനികൾ ഇപ്പോഴും പ്രയാസം നേരിടുന്നുണ്ട്. ഡാറ്റയുടെ ലഭ്യത, മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രശ്‌നങ്ങൾ, വൈദഗ്ദ്യമില്ലായ്മ എന്നിവയെല്ലാം അതിന് കാരണങ്ങളായുണ്ട്.