നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യകളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് മനുഷ്യരുടെ സ്വാഭാവിക സംഭാഷണ രീതികളും പെരുമാറ്റരീതികളും മാറ്റിയേക്കാമെന്ന് പഠനം. നിരന്തരമായി എഐയുമായി സംവദിക്കുന്നതുകാരണം, മനുഷ്യർ കൂടുതൽ വ്യക്തവും കൃത്യവുമായ ഭാഷാശൈലി സ്വീകരിക്കുകയും അത് സ്വാഭാവികമായ മനുഷ്യസഹജമായ രീതികളിൽനിന്ന് മാറാൻ കാരണമാവുകയും ചെയ്യും. ഗവേഷകർ ഇതിനെ റോബോട്ടോയിഡ് ഹ്യൂമൻനെസ് (robotoid humanness) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് കംപ്യൂട്ടറുകൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലേക്ക് മനുഷ്യർ തങ്ങളുടെ സ്വഭാവത്തെ മാറ്റിയെടുക്കുന്ന അവസ്ഥയാണിത്.

To advertise here,

'എഐ ആൻഡ് സൊസൈറ്റി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ലിന്നേയസ് യൂണിവേഴ്‌സിറ്റിയിലെ സെൽസെൻ ഓസ്‌തുർക്കൻ, ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ജീൻ-പോൾ ഡി ക്രോസ് പെറോനാർഡ്, ബർമിങാം യൂണിവേഴ്സിറ്റിയിലെ ഇൻസി ടോറൽ-മാൻസൺ എന്നിവരാണ് ഈ പഠനം നടത്തിയത്.

നമ്മൾ റോബോട്ടുകളെപ്പോലെ പെരുമാറുമെന്നല്ല. മറിച്ച്, എഐ സാങ്കേതികവിദ്യകളുമായി നിരന്തരം ഇടപഴകുമ്പോൾ, അവയ്ക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലേക്ക് മനുഷ്യർ തങ്ങളുടെ പെരുമാറ്റത്തെയും ആശയവിനിമയ ശൈലിയെയും മാറ്റിയെടുക്കുന്ന പ്രവണതയാണിത്. ഒരുപക്ഷേ ചുറ്റുപാടുകളോട് ഇണങ്ങാനുള്ള മനുഷ്യന്റെ സഹജമായ കഴിവിന്റെ ഫലമായിരിക്കാം അത്.

യന്ത്രങ്ങൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ലളിതവും കൃത്യവുമായ ശൈലി ഉപയോഗിക്കുമ്പോൾ തങ്ങളുടെ സംഭാഷണം കൂടുതൽ ഫലപ്രദമാണെന്ന് മനുഷ്യർക്ക് തോന്നുകയും അവർ അത് ശീലമാക്കുകയും ചെയ്യുന്നു. എഐയെ കേവലം ഒരു ഉപകരണം എന്നതിലപ്പുറം തങ്ങളെ മനസ്സിലാക്കുന്ന ഒരു സാന്നിധ്യമായി പരിഗണിക്കുന്നതോടെയാണ് ഈ മാറ്റം തുടങ്ങുന്നതെന്നും പിന്നീട് എഐ മനുഷ്യരുമായി നടത്തിയ സംഭാഷണത്തിലൂടെ അവരെക്കുറിച്ചുള്ള ധാരണയുണ്ടാക്കി വ്യക്തിഗതമായി പ്രതികരിച്ചു തുടങ്ങുകയും, ഒടുവിലായി എഐക്ക് ഏറ്റവും വേഗത്തിലും എളുപ്പത്തിലും മനസ്സിലാകുന്ന രീതിയിലേക്ക് ഉപയോക്താക്കൾ തങ്ങളുടെ സംഭാഷണ ശൈലിയെ സ്വയം ക്രമീകരിക്കുകയും ചെയ്യുന്നതോടെ ഈ മാറ്റം സംഭവിക്കുകയും ചെയ്യുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

സാധാരണ മനുഷ്യർ തമ്മിൽ സംസാരിക്കുമ്പോൾ അത് പ്രവചനാതീതമാണ്, വൈരുധ്യങ്ങളും മറ്റുമുണ്ടാവാം. എന്നാൽ നിരന്തരം എഐയുമായി സംവദിക്കുന്നതിലൂടെ വൈരുധ്യങ്ങളില്ലാതെ പ്രവചനീയമായ രീതിയിൽ കൃത്യമായും വ്യക്തമായും സംസാരിക്കുന്ന രീതി പതിയെ മനുഷ്യർ പഠിക്കുന്നു.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, മനുഷ്യരുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ അവരുടെ ശൈലി പഠിച്ചെടുത്ത് എഐ മനുഷ്യരെപ്പോലെയാകാൻ ശ്രമിക്കുന്ന അതേസമയംതന്നെ, മനുഷ്യർ എഐക്ക് അനുയോജ്യമായ രീതിയിലേക്ക് മാറുകയാണെന്നാണ് പഠനം പറയുന്നത്. അതേസമയം, ഇത് ഇനിയും പരീക്ഷിച്ച് തെളിയിക്കപ്പെടേണ്ട ഒരു സിദ്ധാന്തം മാത്രമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.