
പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഹോണ്ട മോട്ടോറിന്റെ ഗവേഷണ-വികസന വിഭാഗമായ ഹോണ്ട ആര്‍ ആന്‍ഡ് ഡി. അതിവേഗം വളരുന്ന ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തേക്കുള്ള ഹോണ്ടയുടെ പ്രവേശനം അടയാളപ്പെടുത്തുന്നതാണ് പരീക്ഷണം. 6.3 മീറ്റര്‍ നീളവും 85 സെന്റീമീറ്റര്‍ വ്യാസവുമുള്ള റോക്കറ്റ് 271.4 മീറ്റര്‍ ഉയരത്തില്‍ എത്തുകയും ലക്ഷ്യസ്ഥാനത്തുനിന്ന് 37 സെന്റീമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുകയും ചെയ്തുവെന്ന് കമ്പനി വ്യക്തമാക്കി. റോക്കറ്റുകളുടെ പുനരുപയോഗക്ഷമതയ്ക്ക് അത്യന്താപേക്ഷിതമായ പ്രധാന സാങ്കേതികവിദ്യകളുടെ വിലയിരുത്തല്‍ 56.6 സെക്കന്‍ഡ് നീണ്ടുനിന്ന പരീക്ഷണത്തിന്റെ ഭാഗമായി നടന്നു.
ജപ്പാനിലാണ് പരീക്ഷണം നടന്നത്. 2024 മുതല്‍ എഞ്ചിന്‍ ജ്വലന (combustion), ഹോവറിംഗ് പരീക്ഷണങ്ങള്‍ ഹോണ്ട നടത്തിവരുന്നുണ്ട്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ മേഖലയിലുള്ള ഗവേഷണത്തില്‍ ഹോണ്ടയ്ക്ക് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞുവെന്ന് ഗ്ലോബല്‍ സിഇഒ തോഷിഹിരോ മിബെ പ്രതികരിച്ചു. പുനരുപയോഗ റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്ന ലോകത്തെ പ്രമുഖ കമ്പനികളുടെ പട്ടികയില്‍ ഇതോടെ ഹോണ്ടയും ഉള്‍പ്പെട്ടിരിക്കുകയാണ്. സ്വന്തം റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് വിശ്വാസമെന്ന് ഹോണ്ട അവകാശപ്പെടുന്നു. സ്വന്തം ഉപഗ്രഹങ്ങള്‍ ഹോണ്ട പ്രവര്‍ത്തിക്കുന്ന മറ്റുമേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.
വിവിധ ഉല്‍പ്പന്നങ്ങളുടെയും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സംവിധാനങ്ങളുടെയും വികസനത്തിലൂടെ നേടിയെടുത്ത ഹോണ്ട സാങ്കേതികവിദ്യകള്‍ പിന്തുടര്‍ന്നാണ് പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുത്തതെന്ന് ഹോണ്ട അവകാശപ്പെടുന്നു. പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ സുസ്ഥിര ഗതാഗതത്തിന് സംഭാവന നല്‍കുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഹോണ്ടയുടെ നീക്കം.
ഹോണ്ടയുടെ റോക്കറ്റ് ഇപ്പോഴും അടിസ്ഥാന ഗവേഷണ ഘട്ടത്തിലാണെങ്കിലും സാങ്കേതികവിദ്യകളുടെ വാണിജ്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും കമ്പനി എടുത്തിട്ടില്ല. 2029 ആകുമ്പോഴേക്കും ഒരു സബ്ഓര്‍ബിറ്റല്‍ വിക്ഷേപണം സാധ്യമാക്കുന്ന സാങ്കേതിക ശേഷി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹോണ്ട ഗവേഷണം തുടരുമെന്നാണ് അവര്‍ പറയുന്നത്.
Content Highlights: honda reusable rocket test aims satellite launch
Published: 18 Jun 2025, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented