സ്മാര്‍ട്‌ഫോണ്‍ യുഗത്തെ മുന്നില്‍ കാണാനും അതിന് അനുസൃതമായി നയരൂപീകരണം നടത്താനും സാധിക്കാതെ തകര്‍ച്ചയെ നേരിട്ട ബ്രാന്‍ഡാണ് നോക്കിയ. മൊബൈല്‍ ഫോണുകളുടെ പ്രാരംഭ കാലഘട്ടത്തില്‍ ആദ്യ കാല കമ്പനികളെ മറികടന്ന് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ നോക്കിയയ്ക്ക് പക്ഷെ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പിന്നീട് നോക്കിയ ബ്രാന്‍ഡിനെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസുമായി പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചെങ്കിലും മൈക്രോസോഫ്റ്റിന്റെ കഴിവുകേടുകൊണ്ടു തന്നെ ആശ്രമവും വിജയം കണ്ടില്ല.
മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ എച്ച്എംഡി ഗ്ലോബല്‍ നോക്കിയയുടെ പ്രതാപകാലത്തെ മുന്‍നിര ഫോണുകളുടെ പേരില്‍ പുത്തന്‍ ഫീച്ചര്‍ ഫോണുകളും ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകളും വിപണിയില്‍ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്.
ഇപ്പോഴിതാ നോക്കിയയുടെ ലൂമിയ 920 ഫോണിന് സമാനമായ ഫാബ്യുല ഡിസൈനില്‍ പുതിയ മിഡ് ടയര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പഴയ ഫീച്ചര്‍ ഫോണുകളുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചതിന് സമാനമായി, നോക്കിയ 920 ഫോണിനെ ഓര്‍മിപ്പിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരിക്കും ഇത്. എച്ച്എംഡി സ്‌കൈലൈന്‍ എന്നായിരിക്കും ഇതിന് പേര്. നോക്കിയ എന്‍9 ഫോണിലാണ് ആദ്യമായി ഫാബ്യുല ഡിസൈന്‍ അവതരിപ്പിച്ചത്. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോണ്‍ ആണ് നോക്കിയ 920.
നോക്കിയമൊബ്.നെറ്റ് എന്ന വെബ്‌സൈറ്റാണ് എച്ച്എംഡി സ്‌കൈലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ടോംകാറ്റ് എന്നാണ് ഇതിന് കോഡ് നെയിം നല്‍കിയിരിക്കുന്നത്. വിവിധ നിറത്തിലുള്ള പ്ലാസ്റ്റിക് ബാക്ക് പാനലിന് നടുവിലായി കര്‍വ്ഡ് കോര്‍ണറുകളോടുകൂടിയ ഡിസ്‌പ്ലേയാണ് ഫാബ്യുല ഡിസൈന്‍.
പുതിയ എച്ച്എംഡി സ്‌കൈലൈനില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ വലിയ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് വിവരം. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജും ഉണ്ടാവും. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 14 ഒഎസ് ആയിരിക്കും ഉണ്ടാവുക.
ഐപി 67 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങുള്ള പോണില്‍ സ്റ്റീരിയോ സ്പീക്കര്‍ സംവിധാനവും ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ടാവും. ഫോണില്‍ 108 എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ്, 2 എംപി ഡെപ്ത്/മാക്രോ സെന്‍സര്‍ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയായിരിക്കും എന്നാണ് കരുതുന്നത്. 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാവും.
ഏകദേശം 400 യൂറോ (35000 ല്‍ ഏറെ രൂപ) ആയിരിക്കും എച്ച്എംഡി സ്‌കൈലൈനിന്റെ വില. മെച്ചപ്പെട്ട ഫീച്ചറുകളുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ എന്നതിലുപരി നോക്കിയയുടെ പഴയ ഡൈസൈനിന്റെ നൊസ്റ്റാള്‍ജിയ ഫാക്ടര്‍ ഈ ഫോണിന് ഗുണം ചെയ്‌തേക്കും.
Content Highlights: HMD Skyline could be the Android smartphone inspired by the classic Nokia Lumia 920
Published: 10 Jun 2024, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented