അടുക്കളയുടെ നിയന്ത്രണം റോബോട്ടുകൾ ഏറ്റെടുക്കുന്ന കാലം അത്ര വിദൂരമായിരിക്കില്ല. പച്ചക്കറി മുറിക്കുക, ഭക്ഷണമുണ്ടാക്കുക, വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന GENE-26.5 റോബോട്ടുമായി രംഗത്തെത്തിയിരിക്കുകാണ് ജെനിസിസ് എഐ എന്ന കമ്പനി. ആവർത്തന സ്വഭാവമുള്ള ഫാക്ടറി ജോലികൾ ചെയ്യുന്ന റോബോട്ടുകളിൽനിന്ന് വ്യത്യസ്തമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. റോബോട്ടിക്‌സിൽ ഒരു വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നും മനുഷ്യസമാനമായ കഴിവുകൾ നേടാൻ റോബോട്ടുകളെ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുവെന്നുമാണ് കമ്പനി പറയുന്നത്.

To advertise here,

ഭക്ഷണം പാകം ചെയ്യുകതിന് പുറമെ റുബിക്‌സ് ക്യൂബുകൾ പരിഹരിക്കുക, വയറിങ് ചെയ്യുക, ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ പഠിക്കുക, പിയാനോ വായിക്കുക എന്നിവ ഉൾപ്പെടെ സങ്കീർണമായ വിവിധ ജോലികൾ ചെയ്യാൻ തങ്ങളുടെ റൊബോട്ടുകൾക്ക് കഴിവുണ്ടെന്ന് ജെനിസിസ് AI പറയുന്നു.

മനുഷ്യസമാനമായ റോബോട്ടിക് കരങ്ങൾ പ്രതീക്ഷിക്കുന്നതിലും വളരെ വേഗത്തിൽ യാഥാർത്ഥ്യമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. മനുഷ്യന്റെ അതേ നിലവാരത്തിലുള്ള റോബോട്ടിക്‌സ് മുന്നേറ്റം നേടുന്നതിന് നൂതനമായ AI മോഡലുകൾക്ക് പുറമെ മനുഷ്യസമാനമായ റോബോട്ട് കൈകൾ, മെച്ചപ്പെട്ട പരിശീലന ഡാറ്റ, കൃത്യമായ മോട്ടോർ നിയന്ത്രണം, റിയലിസ്റ്റിക് സിമുലേഷനുകൾ, കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവയും ആവശ്യമാണെന്ന് കമ്പനി പറയുന്നു.

മനുഷ്യ കരത്തെ സൂക്ഷ്മമായി അനുകരിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത ജെനിസിസ് ഹാൻഡ് 1.0 എന്ന റോബോട്ടിക് കരത്തിലൂടെയാണ് റോബോട്ട് വൈവിധ്യമാർന്ന ജോലികൾ ചെയ്യുന്നത്. മനുഷ്യ കരങ്ങൾ വിവിധ ജോലികൾക്കിടെ എങ്ങനെ ചലിക്കുന്നു എന്ന് റോബോട്ട് പഠിച്ചെടുക്കും. വിരലുകൾ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുന്നതടക്കം പകർത്തുന്നതിനായി പ്രത്യേക സെൻസർ ഘടിപ്പിച്ച ഗ്ലൗസുകളും കമ്പനി വികസിപ്പിച്ചു. മനുഷ്യന്റെ പ്രവർത്തനങ്ങളെ എങ്ങനെ അനുകരിക്കാമെന്ന് റോബോട്ടിന് പഠിപ്പിക്കാൻ ഇതിലൂടെയെല്ലാം ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നു.

60 പേരടങ്ങുന്ന സംഘം ഒരു മണിക്കൂറെടുത്ത് ഒരു ഗാനം പിയാനോയിൽ വായിക്കാൻ റോബോട്ടിനെ പഠിപ്പിച്ചുവെന്നാണ് ജെനിസിസ് എഐയുടെ സിഇഒ ഷൗ സിയാൻ പറയുന്നത്. 30 സെക്കൻഡ് നീളുന്ന സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ മനുഷ്യൻ ആ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂർനേരത്തെ ഡേറ്റയും റോബോട്ട് ടാസ്‌ക് നിർവ്വഹിക്കുന്നതിന്റെ അര മണിക്കൂറിൽ താഴെ ഡാറ്റയും ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. പരമ്പരാഗത ഇൻഡസ്ട്രിയൽ റോബോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോബോട്ടിക് കൈ ഏകോപനവും വൈദഗ്ധ്യവും എത്രത്തോളം മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് റോബോട്ട് എന്ന് കമ്പനി പറയുന്നു.