ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഐബിഎം മുതൽ മൈക്രോസോഫ്റ്റ് വരെയുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളെ നയിക്കുന്നത് ഇന്ത്യൻ വംശജരായ സിഇഒമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈയിൽ നടന്ന ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ ഫോറത്തിൽ സംസാരിക്കവേയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ പ്രശംസ.

To advertise here,

'ആൽഫബെറ്റിന്റെ സിഇഒ ഇന്ത്യക്കാരനാണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ ഇന്ത്യക്കാരനാണ്. ഐബിഎമ്മിന്റെ സിഇഒ ഇന്ത്യക്കാരനാണ്. അഡോബി സിഇഒ ഇന്ത്യൻ വംശജനാണ്. പാളോ ആൾട്ടോ നെറ്റ്‌വർക്ക്‌സ് സിഇഒ ഇന്ത്യൻ വംശജനാണ്. ഷാനലിന്റെ സിഇഒയുടെ കാര്യവും അങ്ങനെതന്നെ. ഈ സംസ്ഥാനത്തെ (മഹാരാഷ്ട്ര) കോൽഹാപ്പൂരിൽ നിന്നുള്ളവരാണ്. ഇന്ത്യ ആഗോള ഇന്നവേഷനിൽ പങ്കുചേരുക മാത്രമല്ല, അതിനെ നയിക്കുകയാണ്' - ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷാനലിന്റെ സിഇഒ ലീന നായരെക്കുറിച്ച് നടത്തിയ പരാമർശം മക്രോണിന്റെ സൂക്ഷ്മ നിരീക്ഷണത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഭാവിയിലെ ആഗോള വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യക്ക് ഒരു പ്രധാന പങ്കുണ്ടെന്നും മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ മക്രോൺ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം മുംബൈയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഉഭയകക്ഷി ചർച്ചകൾക്കായി സ്വാഗതം ചെയ്തിരുന്നു. 'ലോകം അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം ആഗോള സുസ്ഥിരതയ്ക്ക് മുതൽക്കൂട്ടാണ്. ഫ്രാൻസിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ വിപുലമായ കഴിവുകളും സംയോജിപ്പിച്ച് മുന്നേറേണ്ടതുണ്ട്' - പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.