
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രയെ പോലെ തന്നെ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് എന്ന സ്വപ്‌നം ലോകത്തെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യത്തിലാണ്. ഇന്ന് നമ്മള്‍ വിമാനത്തില്‍ ആകാശത്ത് കൂടെ യാത്ര ചെയ്യുന്നത് പോലെ, ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് ബഹിരാകാശത്ത്കൂടി നിമിഷങ്ങള്‍ക്കുള്ളിലുള്ള യാത്ര സ്റ്റാര്‍ഷിപ്പിലൂടെ സാധ്യമാകുമെന്നായിരുന്നു അന്നത്തെ മസ്‌കിന്റെ പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്കിപ്പുറം സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ ദൗത്യം സമ്പൂര്‍ണ വിജയം നേടുമ്പോള്‍ അക്കാര്യം വീണ്ടുമാവര്‍ത്തിക്കുകയാണ് മസ്‌ക്.
ലോസ് ആഞ്ജലിസില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കോ ജപ്പാനിലെ ടോക്കിയോയിലേക്കോ 30 മിനിറ്റില്‍ താഴെ സമയത്തിനുള്ളില്‍ സ്റ്റാര്‍ഷിപ്പില്‍ യാത്ര ചെയ്യാനാകുമെന്ന് മസ്‌ക് പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രം വെറും പത്ത് മിനിറ്റില്‍ മറികടക്കാനാകുമെന്നും മസ്‌ക് പറഞ്ഞു. സ്റ്റാര്‍ഷിപ്പിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബ്ദത്തേക്കാള്‍ 25 ഇരട്ടി വേഗത്തിലായിരിക്കും ഈ യാത്ര. ഇന്നുള്ള വാണിജ്യ വിമാനങ്ങളേക്കാള്‍ 30 ഇരട്ടി വേഗമുണ്ടാവുമത്.
ഇലോണ്‍ മസ്‌കിന്റെ ഹൈപ്പര്‍സോണിക് ലോക യാത്ര
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ വഴി അതിവേഗ യാത്ര സാധ്യമാക്കുകയാണ് മസ്‌കിന്റെ സ്വപ്‌ന പദ്ധതി. ഈ ഹൈപ്പര്‍സോണിക് വാഹനത്തില്‍ നിലവില്‍ സങ്കല്‍പ്പിക്കാനാകാത്ത വേഗത്തില്‍ കടലും ഭൂഖണ്ഡങ്ങളും കടന്ന് യാത്ര ചെയ്യാനാകുമെന്ന് മസ്‌ക് പറയുന്നു. ദിവസങ്ങളോ മണിക്കൂറുകളോ അല്ല മിനിറ്റുകള്‍ക്കുള്ളില്‍ ഈ ലോക യാത്ര സാധ്യമാകും.
സാധാരണ വാണിജ്യ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗതയില്‍ മാത്രമല്ല പാരിസ്ഥിതിക നേട്ടങ്ങളിലും സ്റ്റാര്‍ഷിപ്പ് മുന്നിലാണ്. കാരണം ഭൗമാന്തരീക്ഷത്തിന് മുകളിലൂടെയാണ് സ്റ്റാര്‍ഷിപ്പിന്റെ യാത്ര. ഹൈപ്പര്‍സോണിക് യാത്രയില്‍ ഉണ്ടാകുന്ന സോണിക് ബൂം അഥവാ ഉയര്‍ന്ന ശബ്ദത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്‌നങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമന തോതും ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് സ്റ്റാര്‍ഷിപ്പുകളില്‍ യാത്ര ചെയ്യാനാവുമെന്നാണ് മസ്‌കിന്റെ കാഴ്ചപ്പാട്.
സംഗതി കേള്‍ക്കുമ്പോള്‍ ആര്‍ക്കും രസകരമായി തോന്നാമെങ്കിലും ബഹിരാകാശം വഴിയുള്ള ഭൂഖണ്ഡാന്തര യാത്രയുടെ പ്രായോഗിക പ്രശ്‌നങ്ങളും ചെലവും ലഭ്യതയുമെല്ലാം സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ സംശയമുണ്ട്. അതിവേഗമുള്ള ബഹിരാകാശ യാത്രകള്‍ ചെയ്യാന്‍ മതിയായ ആരോഗ്യ നിബന്ധനകള്‍ ബാധകമല്ലേ എന്നും ജിഫോഴ്‌സ് പോലുള്ളവ നേരിടാനുള്ള ശാരീരിക ശേഷി ആവശ്യമല്ലേ എന്നും ആളുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചോദിക്കുന്നു. സമ്പന്നര്‍ക്ക് മാത്രമേ തുടക്കത്തില്‍ ഈ സംവിധാനം പ്രയോജനപ്പെടുകയുള്ളൂ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Elon Musk`s Starship aims for hypersonic travel, promising sub-30-minute flights between continents
Published: 29 Aug 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented