കാലിഫോർണിയയിലെ കോടതിയിൽ നിർമിതബുദ്ധി (എഐ) യുടെ ഭാവിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുകളുമായി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. എഐ അതിശക്തമായ ഉപകരണമായി മാറാമെന്നും ഏറ്റവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്നും ഓപ്പൺഎഐക്കെതിരായ കേസിൽ മൊഴി നൽകവേ അദ്ദേഹം പറഞ്ഞു. 'എഐ സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയാണ് ലോകം ഇതിനെ എവിടേക്കാണ് നയിക്കുന്നത് എന്നകാര്യത്തിൽ ശ്രദ്ധവേണം. ഇതിന് നമ്മെയെല്ലാം കൊല്ലാൻ കഴിയും.' ആധുനിക എഐ സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

To advertise here,

ടെർമിനേറ്റർ സിനിമയിൽ കണ്ടതുപോലെയുള്ള ഒരു ഇരുണ്ട ഭാവി മനുഷ്യരാശി ഒഴിവാക്കണം. പകരം കൂടുതൽ പ്രതീക്ഷാനിർഭരമായ കാഴ്ചപ്പാടിലേക്ക് മാറണം. 2015 ൽ മസ്‌ക് സഹസ്ഥാപകനായിരുന്ന ഓപ്പൺഎഐക്ക് എതിരായ കേസിന്റെ വിചാരണയ്ക്കിടെ അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി എഐ വികസിപ്പിക്കുക എന്ന തന്റെ ലാഭേച്ഛയില്ലാത്ത ലക്ഷ്യത്തിൽ നിന്ന് ഓപ്പൺഎഐ വ്യതിചലിച്ചെന്നും പകരം വാണിജ്യ വിജയം ലക്ഷ്യമിട്ടെന്നും മസ്‌ക് ആരോപിക്കുന്നു. ഓപ്പൺഎഐ ഈ ആരോപണങ്ങളെല്ലാം കോടതിയിൽ നിഷേധിച്ചു.

എഐയെക്കുറിച്ചുള്ള തന്റെ ഭയങ്ങൾ പുതിയതല്ലെന്ന് വിചാരണയ്ക്കിടെ മസ്‌ക് പറഞ്ഞു. 2015 ൽ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജുമായി നടത്തിയ സംഭാഷണം അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. എഐ ഒരു പറുദീസ സൃഷ്ടിക്കുമെന്ന് പേജ് വിശ്വസിച്ചിരുന്നു. ആ കാഴ്ചപ്പാട് തന്നെ വിഷമിപ്പിച്ചു. അപകട സാധ്യതകൾ അവഗണിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും മസ്‌ക് പറഞ്ഞു.

വമ്പൻ കമ്പനികൾ എഐ വികസനവുമായി മുന്നോട്ട് പോകുമ്പോൾ സന്തുലനവും മേൽനോട്ടവും ഉറപ്പാക്കാനുള്ള സംവിധാനം ആവശ്യമാണ്. പല മേഖലകളിലും എഐ ഉടൻ മനുഷ്യരെ മറികടക്കും. ആ ദിവസം അതിവേഗം അടുക്കുകയാണ്. എഐയെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ട്. താൻ സ്ഥാപിച്ച ബ്രെയിൻ-ചിപ്പ് കമ്പനിയായ ന്യൂറലിങ്കിന്റെ ലക്ഷ്യങ്ങളിലൊന്ന് എഐ സുരക്ഷയാണ്. മനുഷ്യരെ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ, അത് മനുഷ്യർക്കും എഐയ്ക്കും ഇടയിൽ മെച്ചപ്പെട്ട സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഓപ്പൺഎഐ മുഴുവൻ മനുഷ്യരാശിയുടെയും പ്രയോജനത്തിനായാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് ആ ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുവെന്നും അദ്ദേഹം കോടതിയിൽ ആരോപിച്ചു.

അതിനിടെ, ഓപ്പൺഎഐയുടെ അഭിഭാഷകർ മസ്‌കിന്റെ വാദങ്ങളെ ശക്തമായി പ്രതിരോധിച്ചു. ചാറ്റ്ജിപിടിയിലൂടെ ഓപ്പൺഎഐ നേടിയ വിജയം ആഗോള എഐ ബൂം സൃഷ്ടിച്ചതിന് ശേഷമാണ് മസ്‌ക് ഇടഞ്ഞ് തുടങ്ങിയതെന്ന് അഭിഭാഷകൻ ആരോപിച്ചു. ഓപ്പൺഎഐ തന്റെ പങ്കാളിത്തമില്ലാതെ വിജയിച്ചതുകൊണ്ടാണ് മസ്‌ക് അസന്തുഷ്ടനാകുന്നതെന്നും കമ്പനിയുടെ നിയമ സംഘം വാദിച്ചു.

സമീപകാലത്തെ ഏറ്റവും വലിയ ടെക് നിയമപോരാട്ടങ്ങളിൽ ഒന്നിലാണ് എഐ ഉയർത്തുന്ന ഭീഷണികൾ സംബന്ധിച്ച ശക്തമായ വാദപ്രതിവാദങ്ങൾ നടന്നത്. സിലിക്കൺ വാലിയിലെ അതിശക്തരായ രണ്ട് ടെക് സിഇഓമാരാണ് കൊമ്പുകോർക്കുന്നത്.