വത്തിക്കാൻ സിറ്റി: നിർമിതബുദ്ധിയെ (എ.ഐ.) ആരോഗ്യപരമായരീതിയിൽ നിയന്ത്രിക്കണമെന്ന് ആഹ്വാനംചെയ്ത് ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം.

To advertise here,

എ.ഐ. സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ, ലാഭത്തെക്കാൾ മനുഷ്യരാശിയുടെ നന്മ കണക്കിലെടുത്തു വേണം പ്രവർത്തിക്കാനെന്ന് പാപ്പ പറഞ്ഞു. എ.ഐ.യുടെ വളർച്ചയ്ക്കു പിന്നിൽ 'പുതുരൂപങ്ങളിലുള്ള അടിമത്ത'മുണ്ടെന്ന മുന്നറിയിപ്പും 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്' (മഹത്തായ മനുഷ്യരാശി) എന്ന ചാക്രികലേഖനത്തിലുണ്ട്.

എ.ഐ. സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന യു.എസ്. കമ്പനിയായ ആന്ത്രോപിക്കിന്റെ സഹസ്ഥാപകൻ ക്രിസ്റ്റഫർ ഒലാ ഉൾപ്പെടെ ഈ രംഗത്തെ വിദഗ്ധർക്കൊപ്പമാണ് മാർപാപ്പ, തിങ്കളാഴ്ച ചാക്രികലേഖനം പുറത്തിറക്കിയത്.

എ.ഐ. മത്സരത്തെ നയിക്കുന്ന 'അധികാരത്തിന്റെ സംസ്‌കാരത്തെ' പാപ്പ ചാക്രികലേഖനത്തിൽ അപലപിക്കുന്നു. പിൻവലിക്കാനോ റദ്ദാക്കാനോ കഴിയാത്തതും മാരകവുമായ തീരുമാനങ്ങളെടുക്കാൻ എ.ഐ.യെ വിശ്വസിച്ചേൽപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എ.ഐ. നിയന്ത്രിത ആയുധങ്ങളെയാണ് പാപ്പ ഉദ്ദേശിച്ചത്. അമേരിക്കക്കാരനായ പാപ്പയും യു.എസിലെ ട്രംപ് സർക്കാരുമായി പുതിയ സംഘർഷത്തിന് വഴിതുറക്കുന്നതാണ് ഈ പ്രഖ്യാപനവും ചാക്രികലേഖനവും. എ.ഐ. വികസനത്തിനു നിയന്ത്രണം പാടില്ലെന്ന നിലപാടാണ് ട്രംപ് സർക്കാരിന്.

എ.ഐ.യെ നിരായുധീകരിക്കണമെന്ന് ചാക്രികലേഖനം ആവശ്യപ്പെടുന്നു. 'എ.ഐ.യെ നിരായുധീകരിക്കുകയെന്നാൽ ആയുധമത്സരത്തിന്റെ മാനസികാവസ്ഥയിൽനിന്ന് അതിനെ മോചിപ്പിക്കുക എന്നാണ് അർഥമാക്കുന്നത്' സാങ്കേതികവിദ്യയെ തള്ളിക്കളയുക എന്നല്ല അതിന്റെ അർഥം. മറിച്ച്, മനുഷ്യകുലത്തിനുമേൽ ആധിപത്യം സ്ഥാപിക്കുന്നതിൽനിന്ന് തടയുക എന്നാണ്. എ.ഐ. മനുഷ്യസൗഹൃദമായിരിക്കണം. എല്ലാവർക്കും പ്രാപ്യവും ചർച്ചയ്ക്കും സംവാദത്തിനും ഇടനൽകുന്നതുമാകണം'' -പാപ്പ ആഹ്വാനം ചെയ്യുന്നു. സാങ്കേതികവിപ്ലവത്തിന് ഊർജമാകുന്ന പുതുരൂപങ്ങളിലുള്ള അടിമത്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ചാക്രികലേഖനത്തിലുണ്ട്. ''അതിദ്രുതവും കുറ്റമറ്റതുമായ പ്രതികരണങ്ങളെന്നു തോന്നുന്നതെല്ലാം ലക്ഷക്കണക്കിനു മനുഷ്യരുടെ നിശ്ശബ്ദമായ ജോലിയുടെ ഫലമാണ്. അസ്വസ്ഥജനകമായ ഉള്ളടക്കങ്ങൾ കാണാൻ നിർബന്ധിതരായ മോഡറേറ്റർമാർമുതൽ, എ.ഐ.യെ നിലനിർത്തുന്ന അപൂർവ മൂലകങ്ങൾ ഖനനംചെയ്യുന്ന കുട്ടികൾവരെ ഇതിൽ ഉൾപ്പെടുന്നു''വെന്ന് പാപ്പ ഓർമ്മപ്പെടുത്തുന്നു.

ഗ്രീക്ക് തത്ത്വചിന്തകർ പ്ലേറ്റോ, സംഗീതപ്രതിഭ ബിഥോവനും അദ്ദേഹത്തിന്റെ ഒൻപതാം സിഫണിയും, 'ദ ലോഡ് ഓഫ് ദ റിങ്‌സി'ലെ കഥാപാത്രം തുടങ്ങിയവയൊക്കെ ചാക്രികലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിൽ മാർപാപ്പ മെത്രാന്മാരും വൈദികരുമുൾപ്പെടെ സകലവിശ്വാസികൾക്കുമായി പുറത്തിറക്കുന്ന ദീർഘമായ കത്താണ് ചാക്രികലേഖനം. 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസി'ൽ ഈ മാസം 15-ന് ലിയോ മാർപാപ്പ ഒപ്പിട്ടിരുന്നു. എന്നാൽ, ഉള്ളടക്കം പൂർണമായി പുറത്തുവന്നത് ഇപ്പോഴാണ്.