പ്രമുഖ മെസേജിങ് - സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഡൽഹി ഹൈക്കോടതിയിൽ ഉന്നയിച്ച് കേന്ദ്ര സർക്കാർ. തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ദുരുപയോഗം ചെയ്യൽ, സാമ്പത്തിക തട്ടിപ്പ് എന്നിവ ഉൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ വാദിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർ നിയമവ്യവസ്ഥയുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന 'പുതിയ ഡാർക്ക് വെബ്' എന്നും ടെലഗ്രാമിനെ കേന്ദ്രം വിശേഷിപ്പിച്ചു.

To advertise here,

NEET-UG 2026 പുനഃപരീക്ഷ നടത്തുന്നതിന് മുന്നോടിയായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഈ വാദമുഖങ്ങൾ ഉന്നയിച്ചത്. ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന വ്യക്തികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ടെലഗ്രാം മാറിയെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. അവരുടെ ചാനലുകൾ വഴി ഉപയോക്താക്കളെ ഡാർക്ക് വെബ് ഫോറങ്ങളിലേക്കും ഡീപ് വെബ് നെറ്റ്‌വർക്കുകളിലേക്കും ബന്ധിപ്പിക്കുന്നു. ഇത്തരം നീക്കങ്ങൾ അധികാരികൾക്ക് വ്യക്തികളെ ട്രാക്ക് ചെയ്യുന്നതിനും ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സർക്കാർ വാദിക്കുന്നു.

ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് തേജസ് കാരിയയുടെ അവധിക്കാല ബെഞ്ച് ടെലഗ്രാമിന്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി വിധി പറയാൻ മാറ്റി.

സൈബർ കുറ്റകൃത്യങ്ങളുടെ വിവിധ മേഖലകളിൽ ടെലഗ്രാം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കേന്ദ്രം വാദിക്കുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട സവിശേഷതകളാണ് ക്രമിനിലുകളുടെ പ്രധാന താവളമായി ഈ പ്ലാറ്റ്‌ഫോമിനെ മാറ്റുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ക്രമസമാധാനനില തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നതിനും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ഉള്ളടക്കം ടെലഗ്രാം ചാനലുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ടെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു.

സിനിമകൾ, വെബ് സീരീസുകൾ, പകർപ്പവകാശമുള്ള ഉള്ളടക്കം എന്നിവ വിതരണം ചെയ്യുന്ന നിരവധി ചാനലുകൾ വഴി ടെലഗ്രാം പൈറസിക്കും ഉപയോഗിക്കപ്പെടുന്നു. ഇത് വരുമാന നഷ്ടത്തിനും ബൗദ്ധിക സ്വത്തവകാശ ലംഘനത്തിനും കാരണമാകുന്നു. ക്രിമിനലുകൾ ടെലഗ്രാമിന്റെ അജ്ഞാത സവിശേഷതകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നു. ഡാറ്റാ മോഷണം നടത്തി വിവരങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിലും ചാനലുകളിലും പ്രസിദ്ധീകരിക്കുന്നു. സൈബർ ഭീഷണി ഉയർത്തുന്നവരും ഹാക്കർ ഗ്രൂപ്പുകളും അടക്കമുള്ളവർ ആക്രമണങ്ങൾ ഏകോപിപ്പിക്കാനും മോഷ്ടിച്ച ഡാറ്റ പ്രസിദ്ധീകരിക്കാനും ടെലഗ്രാം ഉപയോഗിക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ വിൽക്കാൻ ഇത് സഹായിക്കുന്നു എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഇന്ത്യയുടെ സാമ്പത്തിക സംവിധാനം, ബാങ്കുകൾ, ഫിൻടെക് പ്ലാറ്റ്ഫോമുകൾ, യുപിഐ ഹാൻഡിലുകൾ, ക്രിപ്റ്റോ ഓഫ്-റാംപുകൾ എന്നിവ മുതലെടുക്കാനടക്കം ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നു. ഡാറ്റാ ലംഘനങ്ങളിൽ നിന്ന് ലഭിക്കുന്ന മൊബൈൽ നമ്പറുകൾ, ആധാർ വിശദാംശങ്ങൾ, മറ്റ് സുപ്രധാന വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള ചോർന്ന വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യാനും വിതരണം ചെയ്യാനും ടെലഗ്രാം ബോട്ടുകൾ ഉപയോഗിക്കപ്പെടുന്നു എന്നും സർക്കാർ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ താത്കാലിക വിലക്കിനെതിരെ ടെലഗ്രാമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. NEET-UG പേപ്പർ ലീക്ക് വിവാദത്തിന് പിന്നാലെ ടെലിഗ്രാം നിരീക്ഷണത്തിലായിരുന്നു. പണം നൽകിയാൽ ചോദ്യപേപ്പറോ മറ്റ് രഹസ്യ വിവരങ്ങളോ ലഭ്യമാക്കാമെന്ന് നിരവധി ടെലഗ്രാം ചാനലുകൾ അവകാശപ്പെട്ടിരുന്നു. ഇതടക്കമാണ് അധികാരികളുടെ അന്വേഷണത്തിന് വഴിതെളിച്ചത്.