ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എഐ) സ്വയം അവബോധം ഇല്ലെന്നും യുദ്ധക്കളത്തില്‍ മനുഷ്യന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പകരം വയ്ക്കാന്‍ കൃത്രിമബുദ്ധിക്ക് കഴിയില്ലെന്നും ചൈനീസ് സൈനികര്‍ക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്.

To advertise here,

എഐ എന്നത് ഗൈഡ് ചെയ്യുന്നതിനുള്ള ഒരു ഉപകരണംമാത്രമായിരിക്കണം. AI വികസിക്കുമ്പോള്‍, അത് മനുഷ്യനാല്‍ നയിക്കപ്പെടുന്ന ഒരു ഉപകരണമായി നിലകൊള്ളണമെന്നും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കി.

മനുഷ്യന്റെ പകരക്കാരന്‍ ആക്കുന്നതിന് പകരം കല്പനകളുടെയും തീരുമാനങ്ങളുടെയും ഫലപ്രാപ്തി കാര്യക്ഷമമാക്കുന്നതിന് എഐയെ ഉപയോഗപ്പെടുത്താം.

ഡാറ്റാ വിശകലനം, ആസൂത്രണം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ എഐയെ ഉപയോഗിക്കാമെങ്കിലും മനുഷ്യ ഘടകത്തെ മാറ്റിസ്ഥാപിക്കാന്‍ ഇതിന് കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധക്കളത്തില്‍ മനുഷ്യന്റെ സ്വയംഭരണവും സര്‍ഗ്ഗവൈഭവവും ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യ കമാന്‍ഡര്‍മാര്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാനും ശത്രുക്കളുടെ ബലഹീനതകളെ മുതലെടുക്കാന്‍ കഴിയും. എന്നാല്‍ എഐ പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ അതിരുകള്‍ക്കുള്ളിലാണ്, അതിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ്യമാകണമെന്നില്ലെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി.

കമാന്‍ഡര്‍മാര്‍ വികസിപ്പിച്ചെടുത്ത തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. എന്നാല്‍ നടപ്പിലാക്കുന്നത് മനുഷ്യന്റെ മേല്‍നോട്ടത്തില്‍തന്നെ ആയിരിക്കണം. ഇത്തരത്തില്‍ 'മനുഷ്യന്റെ ആസൂത്രണം എഐ നടപ്പിലാക്കുക'യും ചെയ്യുന്ന മാതൃകയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ താത്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാഹചര്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ പദ്ധതികള്‍ മാറ്റാന്‍ കഴിയുന്ന മനുഷ്യ കമാന്‍ഡര്‍മാരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാനോ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉള്ള കഴിവില്ലായ്മയാണ് സാങ്കേതികവിദ്യയുടെ മറ്റൊരു ദൗര്‍ബല്യമെന്ന് ലേഖനം പറഞ്ഞു.