ഷീ ജിൻപിംഗിന്റെ സംശയം പാർട്ടിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല. വിദേശശക്തികൾ, സ്വകാര്യ കമ്പനികൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി എല്ലാവരെയും അദ്ദേഹം സംശയത്തോടെയാണ് കാണുന്നത്.

വെളിച്ചം കടക്കാത്ത ഇരുട്ടറകളാണ് ചൈനീസ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) വമ്പൻ പ്രചാരണയന്ത്രത്തിൽ നിന്ന് തുള്ളിത്തുള്ളിയായി പുറത്തുവരുന്ന വിവരങ്ങൾ പലപ്പോഴും പ്രചാരണവും പ്രബോധനവും മാത്രമുദ്ദേശിച്ചുള്ളതായിരിക്കും. പക്ഷേ, ചിലപ്പോൾ ഞെട്ടിക്കുന്ന ചില വാർത്തകളും പുറത്തുവിടാറുണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രാലയത്തിന്റെ പ്രഖ്യാപനം. സെൻട്രൽ മിലിറ്ററി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാൻ ജനറൽ ഷാങ്ങ് യൂഷിയ, ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെ ഗുരുതരമായ അച്ചടക്ക, നിയമലംഘനത്തിന് അന്വേഷണം നേരിടുകയാണ്. സാംസ്‌കാരിക വിപ്ലവത്തിന് ശേഷം ഔദ്യോഗിക പദവിയിലിരിക്കെ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ സിഎംസി വൈസ് ചെയർമാനാണ് ഷാങ് യൂഷിയ.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ലോകത്തിലെ ഏറ്റവും വലിയ സ്ഥിരം സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) മേൽത്തട്ടിനെ വീണ്ടും എതിരാളിമുക്തമാക്കുകയാണ്. മാവോ സേതുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായ ഷീ സ്വയം ആ സുരക്ഷിതത്വം അനുഭവിക്കുന്നില്ല എന്നത് വ്യക്തമാണ്. 2012-ൽ അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തിനെതിരെ നടന്ന പന്ത്രണ്ടാമത്തെ അട്ടിമറി ശ്രമമാണത്രെ (കണക്ക് അതിശയോക്തിപരമെന്ന് നിരീക്ഷകർ) അദ്ദേഹം അതിജീവിച്ചത്! ഇപ്പോൾ നടന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണമായി കണക്കാക്കപ്പെടുന്നുണ്ട്. ജനറൽമാരായ ഷാങ് യൂഷിയ, ലിയു ഷെൻലി എന്നിവരെ പുറത്താക്കിയതു വഴി തന്റെ അധികാരത്തിനു നേർക്കുയരുന്ന വെല്ലുവിളികൾ തുടച്ചുനീക്കാൻ ഏതറ്റം വരെയും പോവുമെന്ന് പ്രഖ്യാപിക്കുകയാണ് പ്രസിഡന്റ്.
ഷീ ജിൻപിംഗിന്റെ ഉറ്റസുഹൃത്തും കളിക്കൂട്ടുകാരനുമായിരുന്നു 75 വയസ്സുള്ള ഷാങ് യൂഷിയ. ഒരുമിച്ച് പോരാടിയ വിപ്ലവനേതാക്കളുടെ മക്കളെന്ന നിലയിലെ ആനുകൂല്യങ്ങൾ മുതലാക്കിയ ചുകപ്പൻ രാജകുമാരൻമാരാണ് (പ്രിൻസ്ലിങ്) ഇരുവരും. ഒരുകാലത്ത് പിഎൽഎയിൽ ഇംഗിതങ്ങൾ നടപ്പാക്കിയ തന്റെ വലംകൈയെ ഷീ ചോദ്യം ചെയ്യൽ മുറിയിലെത്തിക്കുമ്പോൾ ചൈനയിലെ 'ഇരുമ്പുമറ'യ്ക്ക് കനമേറുകയാണ്. യൂഷിയക്കെതിരെ കേൾക്കുന്ന ആരോപണങ്ങളിൽ അഴിമതി മാത്രമല്ല, അമേരിക്കയ്ക്ക് ചൈനീസ് ആണവരഹസ്യങ്ങൾ വിറ്റതു വരെ പെടും! വ്യക്തമാണ്, യൂഷിയ വെളിച്ചം കാണണമെങ്കിൽ മഹാത്ഭുതം സംഭവിക്കണം! ഷാങിനെ വീഴ്ത്തിയത് അദ്ദേഹം വലിയൊരു ശക്തികേന്ദ്രമായി മാറുന്നത് തടയാനുള്ള നീക്കമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഷീക്കെതിരെ അട്ടിമറി ശ്രമം നടന്നെന്ന രീതിയിൽ ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ജനുവരി 18ന് രാത്രി ബീജിങിലെ ഒരു ഹോട്ടലിൽ വച്ച് ഷി ജിൻപിങ്ങിനെ അറസ്റ്റ് ചെയ്യാൻ ഷാങും ലിയുവും ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം തെക്കൻ കൊറിയൻ പത്രമായ ചോസൻ ബിസ് റിപ്പോർട്ടു ചെയ്തു. പക്ഷേ, അതിന് രണ്ട് മണിക്കൂർ മുമ്പ് ഗൂഢാലോചന ചോർന്നുവെന്നും ഷീ ജീവനും കൊണ്ടോടിയെന്നും പത്രം പറയുന്നു. (ഈ വാർത്തയ്ക്ക് സ്ഥിരീകരണമില്ല.) കുറഞ്ഞത് 17 ജനറൽമാർ അറസ്റ്റു ചെയ്യപ്പെട്ട വൻകിട അട്ടിമറി ശ്രമമാണ് പരാജയപ്പെട്ടതെന്നും ഈ അന്തഛിദ്രം സിസിപിക്കും പിഎൽഎക്കും കനത്ത തിരിച്ചടിയെണെന്നും പാശ്ചാത്യലോകത്തെ ചില നിരീക്ഷകർ എഴുതുന്നു.
ശുദ്ധീകരണം വന്ന വഴി
ഒരുമിച്ച് കിൻഡർ ഗാർട്ടനിൽ പോയ 'സഹോദര'നായ യൂഷിയയയെ പുറത്താക്കിയതിൽ നിരീക്ഷകർ അത്ഭുതമൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ കാലത്ത് ഇത്തരം ശുദ്ധീകരണം ഇടയ്ക്കിടെ ഉണ്ടാവുന്നതാണ് കാരണം. മുൻ സിഎംസി വൈസ് ചെയർമാൻ ഹെ വെയ്ഡോങിനെ എട്ട് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം അഴിമതിക്കേസിൽ പുറത്താക്കിയത് 2025 ഒക്ടോബറിലാണ്. 2024- നു ശേഷം രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ പുറത്താക്കി, അമ്പതിലധികം ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയോ, നീക്കം ചെയ്യപ്പെടുകയോ ചെയ്തു. ചൈനീസ് പട്ടാളത്തിലെ ഷീ കഴിഞ്ഞാൽ രണ്ടാമനായിരുന്നു യൂഷിയ. പിഎൽഎയുടെ പരമാധികാരി സിഎംസിയാണ്, അതിന്റെ ചെയർമാൻ ഷീയും. യൂഷിയ ഒന്നാം റാങ്കുള്ള വൈസ് ചെയർമാനാണ്. ഷീ സിവിലിയനായതിനാൽ യൂണിഫോമിട്ട വെസ് ചെയർമാനാണ് സൈന്യത്തലവൻ. മാത്രമല്ല, സിസിപിയുടെ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാളുമാണ് യൂഷിയ. അപൂർവം ജനറൽമാർ മാത്രമേ പോളിറ്റ് ബ്യൂറോയിലെത്താറുള്ളൂ.
ഷീയുടെ അധ്യക്ഷതയിലുള്ള ശക്തമായ ഏഴംഗ സമിതിയായിരുന്ന സിഎംസിയിൽ ഇപ്പോൾ രണ്ടംഗങ്ങൾ മാത്രം: ഷീ ജിൻപിങും അഴിമതിവിരുദ്ധ സ്ഥാപനത്തിന്റെ തലവനായ ഷാങ് ഷെങ്മിനും. ലോകത്തിലേക്കും വലിയ സ്റ്റാൻഡിങ് ആർമിയെ തളർത്തുന്ന ആവസ്ഥയാണിതെന്ന് ചൈനാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. യുദ്ധപരിചയമുള്ള ചുരുക്കം ചൈനീസ് ജനറൽമാരിൽ ഒരാളായിരുന്നു യൂഷിയ. അപ്രിയസത്യങ്ങൾ പ്രസിഡന്റിനെ അറിയിക്കാനുള്ള അടുപ്പവും ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. 2027-ൽ തായ്വാൻ പിടിക്കണമെന്ന ലക്ഷ്യമുള്ള ഷീ ജിൻപിങ്ങിനെ നിരുൽസാഹപ്പെടുത്തിയതാണ് അപ്രീതിക്ക് വഴിവെച്ച ഒരു കാരണമെന്ന് കരുതപ്പെടുന്നു. ചുരുക്കത്തിൽ, ഇപ്പോൾ പിഎൽഎ തലപ്പത്ത് ഷീയും അദ്ദേഹത്തിന്റെ 'മെഗഫോണും' മാത്രം. പരിചയസമ്പന്നരെ പുറത്താക്കുമ്പോൾ, പകരം വരുന്ന വിധേയർക്ക് ഒരു ആധുനികസൈന്യത്തെ നയിക്കാനുള്ള വൈദഗ്ധ്യം കുറവായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂഷിയയ്ക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പതിവുള്ള അഴിമതിയാരോപണങ്ങൾ- കുടുംബാംഗങ്ങളെ നിയന്ത്രിക്കാതിരിക്കുക, കൈക്കൂലി സ്വീകരിക്കുക- എന്നിവയ്ക്കപ്പുറം, ഷി ജിൻപിംഗിന്റെ അധികാരത്തിന് വെല്ലുവിളിയാകുന്ന രീതിയിൽ സ്വന്തമായി അധികാര കേന്ദ്രം സൃഷ്ടിക്കാൻ ഷാങും ലിയുവും ശ്രമിച്ചു എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി 18 മുതൽക്കുതന്നെ ഇവർ തടവിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചില പ്രധാനപ്പെട്ട പാർട്ടി പരിപാടികളിൽ അവരെ കാണാത്തതായിരുന്നു കാരണം. 2022-ൽ നടന്ന ഇരുപതാം ലെ പാർട്ടി കോൺഗ്രസിലാണ് വിരമിക്കൽ പ്രായം കഴിഞ്ഞ യൂഷിയയെ സിഎംസിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. സമീപകാലം വരെ ഷീയുടെ വിശ്വസ്തനായിരുന്ന ജനറൽ പെട്ടെന്ന് പുറത്താകാൻ കാരണം എന്തെന്നത് വ്യക്തമല്ല. അഴിമതി പെട്ടെന്ന് രു ദിവസം സംഭവിക്കുന്നതല്ലല്ലോ.
ഷീ ജിൻപിങും ഏകാധിപതിയുടെ ഭീതിയും
ഭരണത്തിന്റെ പതിനാലാം വർഷത്തിലേക്ക് കടക്കുന്ന ഷീ ജിൻപിങ് നിയമഭേദഗതി ചെയ്ത് തനിക്ക് അനിശ്ചിതകാലം അധികാരത്തിൽ തുടരാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. മുൻ നേതാക്കളുടെ കാലത്തെ കൂട്ടായ നേതൃത്വം എന്ന രീതിക്ക് പകരം അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. ഈ വ്യവസ്ഥയിൽ സൈന്യം രാജ്യത്തിന്റേതല്ല, മറിച്ച് പാർട്ടിയുടേതാണ്; പാർട്ടിയാകട്ടെ, ചെയർമാന്റേതും. ഏകാധിപത്യത്തിന് ഇതിനേക്കാൾ നല്ല സാഹചര്യമില്ല.
സമ്പൂർണ്ണ അധികാരം കയ്യിലെത്തിക്കഴിഞ്ഞാൽ പിന്നെ അതു കൈയാളുന്നവർക്ക് ഭയത്തിൽ നിന്നും മോചനമില്ല, തന്നെ ആരോ അട്ടിമറിക്കാൻ, വകവരുത്താൻ ശ്രമിക്കുന്നു എന്ന തോന്നൽ (പരനോയ) പിന്നാലെ വരും. ആരെയും വിശ്വാസമില്ല. എതിരാളിയാകാൻ വിദൂരസാധ്യതയുണ്ടെന്നു തോന്നുന്ന ഉറ്റവരെപ്പോലും ഇല്ലാതാക്കാൻ അതവരെ പ്രേരിപ്പിക്കുന്നു. അതിനുള്ള കാരണങ്ങൾ അവർ കണ്ടെത്തിക്കൊള്ളും. ഉദാഹരണമാണ് 2012-ലെ ബോ ഷിലായിയെ പുറത്താക്കിയതു മുതലുള്ള ശുദ്ധീകരണ പ്രക്രിയ. ഷീ ജിൻപിംഗിന് തുല്യമായ ജനപ്രീതിയും അധികാരവുമുള്ള ഒരേയൊരു നേതാവായിരുന്ന ബോയെ ഷീ അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടു മുൻപാണ് പുറത്താക്കിയത്. സൈന്യം തന്നെ അട്ടിമറിച്ചേക്കും എന്ന പേടിയാണ് നിരവധി സൈനിക ഉദ്യോഗസ്ഥരെ ജയിലിലടക്കാൻ കാരണം. ഷാങ് യൂഷിയയിൽ എത്തി നിൽക്കുന്ന ശുദ്ധീകരണം കാണിക്കുന്നത് വർഷങ്ങളായി ഒപ്പം നിൽക്കുന്ന ഉറ്റ സുഹൃത്തുക്കളെ പോലും ഷീയ്ക്ക് വിശ്വാസമില്ല എന്നതാണ്.
ഷീ ജിൻപിംഗിന്റെ സംശയം പാർട്ടിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല. വിദേശശക്തികൾ, സ്വകാര്യ കമ്പനികൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി എല്ലാവരെയും അദ്ദേഹം സംശയത്തോടെയാണ് കാണുന്നത്. ചൈനയുടെ ടെക് ഭീമന്മാരെയും ശതകോടീശ്വരന്മാരെയും നിയന്ത്രിക്കാൻ കൊണ്ടുവന്ന കർശനനിയമങ്ങൾ ഇതിന്റെ ഭാഗമാണ്. ആലിബാബയുടെ ഉടമ ജാക്ക് മായെപ്പോലുള്ളവരെ ഒതുക്കിയതും ടെക്നോളജി കമ്പനികൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതും ഉദാഹരണം. സ്വന്തം ജനങ്ങളെയും അദ്ദേഹത്തിന് വിശ്വാസമില്ല. ലോകത്തിലെ ഏറ്റവും വിപുലമായ പൊതുജന നിരീക്ഷണസംവിധാനമാണ് ചൈനയിൽ. മുഖം തിരിച്ചറിയുന്ന ക്യാമറകളും ഇന്റർനെറ്റ് സെൻസർഷിപ്പും വഴി ജനങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്ന 'ഡിജിറ്റൽ തടവറ'യായി ചൈനയെ മാറ്റിയിരിക്കുന്നു.
ഷീയുടെ സിംഹാസന വേവലാതി കടുത്ത വെല്ലുവിളികൾക്കിടയിൽ
ചൈന മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ചൈനയുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് മേഖല തകർന്നു കിടക്കുകയാണ്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ റെക്കോഡ് നിരക്കിലാണ്. പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ബിരുദധാരികൾക്ക് ജോലിയില്ലാത്ത അവസ്ഥ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഷി ജിൻപിംഗിന്റെ കർശനമായ നിയന്ത്രണങ്ങൾ കാരണം വിദേശ കമ്പനികൾ ചൈന വിട്ട് ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറുകയാണ്. ലോകമെങ്ങും വിലക്കയറ്റം പ്രതിസന്ധിയാകുമ്പോൾ ചൈനയിൽ വിലയിടിവാണ് പ്രശ്നം. സാധനങ്ങൾ വാങ്ങാൻ ആളില്ലാത്തതിനാൽ കമ്പനികൾ ഉൽപ്പാദനം കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നു. ഇതൊന്നും പോരാഞ്ഞിട്ട്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികളും, ബെൽറ്റ്, റോഡ് സംരംഭത്തിന്റെ തീരാപ്രതിസന്ധികളും.
അതിവേഗം കുറയുന്ന ജനസംഖ്യയും ചൈനയെ വലയ്ക്കുന്നു. സാമ്പത്തികമായി പൂർണ്ണവളർച്ച എത്തുന്നതിന് മുൻപേ വൃദ്ധരുടെ രാജ്യമായി മാറുകയാണ് ചൈന. അവരുടെ അതിവേഗ വളർച്ചയ്ക്ക് പിന്നിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തയ്യാറുള്ള യുവാക്കളായിരുന്നു. ഇന്ന് യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയുമാണ്. ജീവിതച്ചെലവ് വർദ്ധിച്ചതും ഭാവിയിലുള്ള അനിശ്ചിതത്വവും കാരണം ചൈനയിലെ യുവാക്കൾ വിവാഹത്തോടും മക്കളളെ പോറ്റുന്നതിനോടും മുഖം തിരിക്കുന്നു. സർക്കാർ എത്രയെത്ര ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും ജനനനിരക്ക് വർദ്ധിക്കുന്നില്ല.
ചൈനയുടെ ആകെ പ്രത്യുൽപ്പാദന നിരക്ക് (ടിഎഫ്ആർ) ഇപ്പോൾ ഒന്നു മാത്രമാണ്. നിലവിലെ ജനസംഖ്യ അതേപടി നിലനിർത്താൻ വേണ്ടുന്ന നിരക്ക് 2.1 ആയിരിക്കെ, ജനസംഖ്യാവർധനവിലെ ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ചൈനയുടെ ഏറ്റവും വലിയ ശത്രു അമേരിക്കയോ ഇന്ത്യയോ അല്ല, ജനങ്ങൾക്കിടയിൽ നിരാശ പെരുകുന്നതും ജനനനിരക്ക് കുറയുന്നതുമാണ്.
ഈ പ്രതിസന്ധികൾക്കിടെ, സൈന്യത്തിൽ നിന്നും തന്റെ സിംഹാസനത്തിന് വെല്ലുവിളികൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഷീ. അദ്ദേഹം തന്റെ സ്ഥാനം സുരക്ഷിതമാക്കിയിരിക്കാം. പക്ഷേ, ചൈനയെ ലോകശക്തിയാക്കിയ സൈന്യത്തെയും സമ്പദ്വ്യവസ്ഥയെയും അദ്ദേഹം ദുർബലപ്പെടുത്തി എന്നതിൽ തർക്കമില്ല. അകത്ത് അസംതൃപ്തരായ ജനങ്ങളും സൈന്യവും, പുറത്ത് അസ്വസ്ഥരായ അയൽക്കാരും ദുഷ്ടലാക്കുള്ള വിദേശശക്തികളും. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക, സൈനിക ശക്തിയായ ചൈനയെ ഒരു ഭരണാധികാരിയുടെ ഭയം തളർത്തുമോ?
Content Highlights: Explore the recent crackdown within China`s military, as Xi Jinping purges top officials amid alleged coup attempts and corruption scandals. Understand the implications for China`s power.
Published: 28 Jan 2026, 03:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented