ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒരു ഛിന്നഗ്രഹത്തിന്റെ (Asteroid) പതനമാണെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. അത്തരമൊരു സംഭവം വീണ്ടും സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, അതൊരിക്കലും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഭൂമിക്ക് സമീപം സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുകയും അവയുടെ സഞ്ചാരപാത നിരീക്ഷിക്കുകയും ചെയ്യുക എന്നത് ഇന്ന് ബഹിരാകാശ ഗവേഷണത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ്.

To advertise here,

ഈ പശ്ചാത്തലത്തിൽ ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ ടെലിസ്‌കോപ്പുകളും ബഹിരാകാശ ഉപഗ്രഹങ്ങളും സംയോജിപ്പിച്ച പുതിയ നിരീക്ഷണ സംവിധാനം ഒരുക്കാൻ പദ്ധതിയിടുകയാണ് ചൈന. 'സ്പേസ്-ഗ്രൗണ്ട് ഇന്റഗ്രേറ്റഡ് മോണിറ്ററിങ് ആൻഡ് ഏർളി-വാർണിങ് നെറ്റ്‌വർക്ക്' എന്ന പേരിലുള്ള ഈ പദ്ധതി നിലവിൽ പ്രായോഗികതാ പഠനഘട്ടത്തിലാണ്.

എന്താണ് ഈ സംവിധാനം?

ഭൂമിയിലെ വൻ ടെലിസ്‌കോപ്പുകളും ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ഉപഗ്രഹ ശൃംഖലയും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ പകലും രാത്രിയും നിരീക്ഷിക്കാൻ ഇതിലൂടെ കഴിയുമെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (CNSA) കീഴിലുള്ള ആസ്റ്ററോയിഡ് മോണിറ്ററിങ് ആൻഡ് ഏർളി-വാർണിങ് റിസർച്ച് സെന്ററിലെ മുഖ്യശാസ്ത്രജ്ഞനായ ലി മിങ്ടാവോ പറയുന്നു.

ജൂൺ 30-ന് അന്താരാഷ്ട്ര ആസ്റ്ററോയ്ഡ് ദിനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചത്. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിനും ബഹിരാകാശ നിരീക്ഷണത്തിനും ഇടയിലെ വിടവുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂതല ടെലിസ്‌കോപ്പുകളുടെ പരിമിതി

നിലവിൽ ഭൂമിയിലെ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളെയും കണ്ടെത്തുന്നത്. എന്നാൽ ഇവയ്ക്കൊരു പ്രധാന പരിമിതിയുണ്ട്. സൂര്യന്റെ ഭാഗത്തുനിന്ന് വരുന്ന വസ്തുക്കളെ അന്തരീക്ഷത്തിലെ പ്രകാശവിതരണവും സൂര്യപ്രകാശവും കാരണം വ്യക്തമായി കാണാൻ കഴിയില്ല. ഇതുമൂലം ചില അപകടകാരികളായ ഛിന്നഗ്രഹങ്ങൾ നിരീക്ഷണത്തിൽ നിന്ന് വിട്ടുപോകാൻ സാധ്യതയുണ്ട്.

ഉപഗ്രഹങ്ങൾ എങ്ങനെ സഹായിക്കും?

ഈ പ്രശനം പരിഹരിക്കാനാണ് ബഹിരാകാശത്ത് പ്രത്യേക ഉപഗ്രഹ ശൃംഖല സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നത്. സൂര്യന്റെ ദിശയിൽ നിന്ന് ഭൂമിയിലേക്കെത്തുന്ന ഛിന്നഗ്രഹങ്ങളെയും ഈ ഉപഗ്രഹങ്ങൾ കണ്ടെത്തും. കാലാവസ്ഥ, മേഘാവൃതമായ അവസ്ഥ, പകൽ-രാത്രി വ്യത്യാസം എന്നിവയെ ആശ്രയിക്കാതെ 24 മണിക്കൂറും നിരീക്ഷണം നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

എങ്ങനെ പ്രവർത്തിക്കും?

ചൈന വിവിധ പ്രദേശങ്ങളിൽ വലിയ അപർച്ചറുള്ള ഒപ്റ്റിക്കൽ ടെലിസ്‌കോപ്പുകൾ സ്ഥാപിക്കും. ഇവ വിശാലമായ ആകാശഭാഗങ്ങൾ ദീർഘദൂരംവരെ സ്‌കാൻ ചെയ്യും. സംശയാസ്പദമായ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തിയാൽ കമ്പ്യൂട്ടർ സംവിധാനങ്ങൾ അതിന്റെ ഭ്രമണപഥം കണക്കാക്കും. തുടർന്ന് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത എത്രയെന്ന് സ്വയം വിലയിരുത്തും. ഭീഷണി ഗൗരവതരമെന്ന് സ്ഥിരീകരിച്ചാൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് ഉടൻ മുന്നറിയിപ്പ് നൽകും. ആവശ്യമെങ്കിൽ പൊതുജനങ്ങളെയും അപകട സാധ്യതയെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അറിയിക്കും.

ഇപ്പോഴും കണ്ടെത്താനാകാത്ത ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങൾ

ഭൂമിക്ക് സമീപമുള്ള 40,000-ത്തിലധികം ഛിന്നഗ്രഹങ്ങളെ ഇതിനകം കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വലുപ്പം കുറഞ്ഞതോ പ്രകാശം കുറഞ്ഞതോ ആയ നിരവധി വസ്തുക്കൾ ഇപ്പോഴും കണ്ടെത്തപ്പെട്ടിട്ടില്ലെന്ന് ലി മിങ്ടാവോ പറയുന്നു. 'സമീപഭാവിയിൽ ഭൂമിയുമായി ഉറപ്പായും കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഭീഷണി ഇല്ലെന്ന് കരുതരുത്. അതേസമയം അമിതമായ ആശങ്കയ്ക്കും കാര്യമില്ല,' - അദ്ദേഹം പറയുന്നു.

ഛിന്നഗ്രഹം ഭൂമിയിലേക്ക് വന്നാൽ എന്തുചെയ്യും?

ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് സഞ്ചരിക്കുന്നതായി സ്ഥിരീകരിച്ചാൽ രണ്ട് പ്രധാന പ്രതിരോധ മാർഗങ്ങളാണ് ചൈന പരിഗണിക്കുന്നത്.

ആദ്യ മാർഗം അതിവേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിപ്പിച്ച് അതിന്റെ ഭ്രമണപഥം മാറ്റുക എന്നതാണ്. 2022-ൽ നാസയുടെ DART ദൗത്യം ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. രണ്ടാമത്തേത് ലേസർ അടക്കമുള്ളവ ഉപയോഗിച്ചുള്ള കൂടുതൽ സങ്കീർണമായ സാങ്കേതികവിദ്യയാണ്. ഇതുപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ദിശ ക്രമേണ മാറ്റാനാകും. എന്നാൽ ഇത് വിജയിക്കണമെങ്കിൽ വർഷങ്ങൾക്ക് മുമ്പേ ഭീഷണി തിരിച്ചറിയേണ്ടതുണ്ട്.

ഏറ്റവും വലിയ വെല്ലുവിളി

ഭൂമിക്ക് സമീപമുള്ളതാണെങ്കിലും ഇതുവരെ കണ്ടെത്താത്ത ഛിന്നഗ്രഹങ്ങളെയാണ് ശാസ്ത്രജ്ഞർ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. പ്രത്യേകിച്ച് സൂര്യന്റെ ദിശയിൽ നിന്ന് വരുന്ന വസ്തുക്കളെ കണ്ടെത്തുക ഇന്നും ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ ഭൂതല ടെലിസ്‌കോപ്പുകളും ബഹിരാകാശ ഉപഗ്രഹങ്ങളും സംയോജിപ്പിച്ച സ്ഥിരനിരീക്ഷണ സംവിധാനങ്ങളാണ് ഭാവിയിലെ ഛിന്നഗ്രഹ പ്രതിരോധത്തിന്റെ അടിത്തറയാകുക. അപകടം സംഭവിച്ചശേഷം പ്രതികരിക്കുന്നതിലുപരി, അപകടം സംഭവിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങളിൽ പുതിയ അധ്യായമാണ് ചൈനയുടെ ഈ പദ്ധതി എന്നാണ് വിലയിരുത്തപ്പെടുന്നത്.