ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ നിർമിക്കുന്നതിൽനിന്ന് ഗ്രോക്ക് ചാറ്റ്ബോട്ടിനെ വിലക്കണമെന്ന് ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനോട് ആവശ്യപ്പെട്ട് ബ്രസീൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ടൂൾ പരിഷ്കരിക്കാൻ മസ്കിനുമേൽ സമ്മർദം ചെലുത്തുന്ന ഒടുവിലത്തെ രാജ്യമായി ഇതോടെ ബ്രസീൽ മാറി.

To advertise here,

ഇൻഡൊനീഷ്യയാണ് ഗ്രോക്ക് ചാറ്റ്ബോട്ടിന് രാജ്യവ്യാപക വിലക്കേർപ്പെടുത്തിയ ആദ്യ രാജ്യം. അതേസമയം സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ എക്സിനുമേൽ സമ്മർദം ചെലുത്തുകയെന്ന നിലപാടാണ് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചുവരുന്നത്.

കുട്ടികളുടെയും കൗമാരക്കാരുടെയും, അതുപോലെ അനുമതിയില്ലാത്ത, മുതിർന്നവരുടെയും ലൈംഗികച്ചുവയുള്ളതോ ലൈംഗികത ഉണർത്തുന്നതോ ആയ ഉള്ളടക്കങ്ങൾ ഗ്രോക്ക് ഉപയോഗിച്ച് നിർമിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ എക്സ് ഉടൻ നടപ്പിലാക്കണമെന്ന് ബ്രസീൽ ചീഫ് പ്രോസിക്യൂട്ടർ, നാഷണൽ ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസി (എ.എൻ.പി.ഡി.), നാഷണൽ കൺസ്യൂമർ റൈറ്റ്‌സ് ബ്യൂറോ (സെനാകോൺ) എന്നിവർ സംയുക്തമായി അറിയിച്ചു.

ഉത്തരവ് നടപ്പാക്കാൻ അഞ്ചു ദിവസമാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്. അല്ലെങ്കിൽ നിയമനടപടികളും പിഴയും നേരിടേണ്ടിവരും. കഴിഞ്ഞമാസം  മുന്നറിയിപ്പ് നൽകിയതിനുശേഷം, ആയിരക്കണക്കിന് പോസ്റ്റുകൾ നീക്കംചെയ്തിട്ടുണ്ടെന്നും നൂറുകണക്കിന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തുവെന്നുമാണ് എക്സ് അവകാശപ്പെടുന്നതെന്ന് അധികൃതർ പറയുന്നു.

എന്നാൽ ഗ്രോക്ക് ഉപഭോക്താക്കൾക്ക് ഇപ്പോഴും ലൈംഗികച്ചുവയുള്ള ഡീപ്പ്ഫെയ്ക്കുകൾ നിർമിക്കാൻ സാധിക്കുന്നുണ്ടെന്നാണ് അധികൃതർ പരിശോധനയിൽ കണ്ടെത്തിയത്. എക്സിന്റെ മറുപടികളിൽ സുതാര്യതയില്ലെന്നും ബ്രസീൽ ആരോപിക്കുന്നു.

യഥാർഥ വ്യക്തികളുടെ ചിത്രം നൽകിയാൽ അവരുടെ നഗ്നമോ അർധനഗ്നമോ ആയ ചിത്രങ്ങൾ നിർമിക്കാൻ ഗ്രോക്ക് അനുവദിക്കുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗ്രോക്കിൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ജനുവരി 15-ന് എക്സ് നടത്തിയ പ്രഖ്യാപനം. എന്നാൽ ഇത് എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. വിഷയത്തിൽ ഇന്ത്യയും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡീപ്പ്ഫെയ്ക്കുകളും എ.ഐ. ദുരുപയോഗവും തടയാൻ പുതിയ ചട്ടങ്ങളും ഇന്ത്യ അവതരിപ്പിച്ചുകഴിഞ്ഞു.