നാവികസേനയ്ക്ക് വേണ്ടി 12 മറൈൻ ഗ്യാസ് ടർബൈൻ ജനറേറ്റർ നിർമിക്കുന്നതിനായി പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഫോർജ് ലിമിറ്റഡുമായി 425 കോടി രൂപയുടെ കരാറൊപ്പിട്ട് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് വലിയൊരു നാഴികക്കല്ലാണ് ഈ കരാർ. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ഗ്യാസ് ടർബൈൻ അധിഷ്ഠിത പവർ പ്ലാന്റുകൾ നിർമിച്ച് വിതരണം ചെയ്യുന്നത്.

To advertise here,

2020 ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയറിലെ ബൈ (ഇന്ത്യൻ) കാറ്റഗറിക്ക് കീഴിൽ ഒപ്പുവെച്ച കരാറിൽ കുറഞ്ഞത് 60 ശതമാനം തദ്ദേശീയ നിർമ്മിത സാമഗ്രികൾ ഉപയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് പങ്കെടുത്തു.

1.25 മെഗാവാട്ട് ശേഷിയുള്ള ഈ മറൈൻ ഗ്യാസ് ടർബൈൻ ജനറേറ്ററുകൾ കപ്പലുകളിലെ നൂതന ആയുധങ്ങൾ, സെൻസറുകൾ, കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റങ്ങൾ തുടങ്ങിയ സുപ്രധാന സിസ്റ്റങ്ങൾക്ക് വൈദ്യുതോർജ്ജം നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ നാവികസേനാ കപ്പലുകളിൽ ഉപയോഗിക്കുന്ന കുറഞ്ഞ ശേഷിയുള്ള യൂണിറ്റുകൾക്ക് പകരമായാണ് ഭാരത് ഫോർജിന്റെ ഈ പുതിയ ജനറേറ്ററുകൾ സ്ഥാപിക്കുക.

സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്', 'മേക്ക് ഇൻ ഇന്ത്യ' സംരംഭങ്ങളുമായി ചേർന്നുപോകുന്നതാണ് ഈ പദ്ധതി. ഗ്യാസ് ടർബൈൻ സിസ്റ്റങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി രാജ്യത്തിനകത്തുതന്നെ വലിയൊരു ഇക്കോസിസ്റ്റം രൂപപ്പെടുത്താൻ ഇത് സഹായിക്കും, അതുവഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും.

അഞ്ച് വർഷം കൊണ്ടാണ് ഈ കരാർ പൂർത്തിയാക്കുക. ഇതിന്റെ ഭാഗമായി, ഭാരത് ഫോർജ് കമ്പനി ജനറേറ്ററുകൾക്കായി ഒരു പ്രത്യേക ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി സ്ഥാപിക്കും. കൂടാതെ, ഭാവിയിൽ നാവികസേനയ്ക്ക് ആവശ്യമായ വലിയ മറൈൻ പവർ പ്ലാന്റുകളുടെയും പ്രൊപ്പൽഷൻ ഗ്യാസ് ടർബൈനുകളുടെയും നിർമ്മാണത്തിലും വികസനത്തിലും കമ്പനി പങ്കാളിയാകുകയും ചെയ്യും.

നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും തദ്ദേശീയ ഉൽപ്പാദനത്തിലൂടെ നാവികസേനയുടെ പ്രവർത്തന സജ്ജീകരണം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാവിക പ്ലാറ്റ്ഫോമുകളിൽ കൂടുതൽ സാങ്കേതിക പരമാധികാരം നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാർ എന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനും തദ്ദേശീയമായി നിർമ്മിച്ച പവർ ജനറേഷൻ സംവിധാനങ്ങളിലൂടെ നാവികസേനയുടെ ദീർഘകാല നവീകരണ പദ്ധതികളെ പിന്തുണയ്ക്കാനും ഈ കരാർ ഉപകരിക്കും.