ന്യൂഡൽഹി: തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നാഷണൽ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയത്. പ്രശ്നം അറിയിച്ച് മെറ്റയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും എന്തിനാണ് അക്കൗണ്ടിന് നിയന്ത്രണമേർപ്പെടുത്തിയതെന്നോ അത് എങ്ങനെ വീണ്ടെടുക്കാമെന്നോ കമ്പനി പറയുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
"എന്തിനാണ് എന്റെ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയത്? എന്റെ അക്കൗണ്ട് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല, നിങ്ങളുടെ ഇന്ത്യയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യയിൽ എന്റെ അക്കൗണ്ടിന് നിയന്ത്രണമേർപ്പെടുത്തിയെന്നാണ് പറഞ്ഞത്. എന്തുകൊണ്ട്?" മെറ്റയെ ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കെജ്‌രിവാൾ ചോദിച്ചു.
നിങ്ങളുടെ ഓഫീസിലെ ആരും ഒരു കാരണവും പറയുന്നില്ല. ഈ നിയന്ത്രണങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന നിർദേശങ്ങളും ആരും നൽകുന്നില്ല. അയച്ച ഇമെയിലുകൾ കൈപ്പറ്റിയെന്ന സന്ദേശം അല്ലാതെ മറ്റ് മറുപടികളൊന്നുമില്ല. വളരെ മോശം സേവനമാണിതെന്നും കെജ്‌രിവാൾ പറഞ്ഞു.
ഇൻസ്റ്റഗ്രാമിന്റെ അക്കൗണ്ട് സ്റ്റാറ്റസിൽ അക്കൗണ്ട് ചിലയിടങ്ങളിൽ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്നതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താൻ പങ്കുവെച്ച ഉള്ളടക്കങ്ങളൊന്നും നീക്കം ചെയ്യപ്പെട്ടിട്ടില്ല, റീച്ചും നിയന്ത്രിക്കപ്പെട്ടിട്ടില്ല, ഇൻസ്റ്റഗ്രാമിലെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കാനാവുന്നുണ്ടെന്ന് മാത്രമല്ല അക്കൗണ്ട് മോണടൈസ് ചെയ്യപ്പെട്ടിട്ടുമുണ്ടെന്നും സ്ക്രീൻഷോട്ടിൽ കാണാം.
പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്നും, അല്ലെങ്കിൽ അയാൾ നിങ്ങളെ ഇന്ത്യയിൽ സ്വന്തം അക്കൗണ്ട് മാത്രമേ നടത്താൻ അനുവദിക്കൂ എന്നും പറഞ്ഞുകൊണ്ടാണ് കെജ്‌രിവാൾ പോസ്റ്റ് അവസാനിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് മെറ്റയുടെ ക്ഷമാപണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പങ്കുവെച്ച വീഡിയോ കുറച്ചു നേരത്തേക്ക് പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ കമ്പനി ഔദ്യോഗികമായി സർക്കാരിനോട് ക്ഷമാപണം നടത്തി. ബുധനാഴ്ച മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെറ്റയുടെ ചീഫ് ഗ്ലോബൽ ഓഫീസർ ജോയൽ കപ്ലാനാണ് നേരിട്ടെത്തി ക്ഷമാപണം നടത്തിയതെന്ന് മെറ്റ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ ഐടി നിയമം അനുവദിക്കുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്ന അന്ത്യശാസനവും സർക്കാർ നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് തന്റെ അക്കൗണ്ട് നിയന്ത്രിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി കേജ്രിവാൾ രംഗത്തെത്തിയത്.
Published: 06 Aug 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented