കേപ് കനവെറൽ: അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഒന്നാംഘട്ടം മാറ്റി. ഇന്ധനച്ചോർച്ചയും എൻജിൻ തകരാറുമാണ് കാരണം. വെള്ളിയാഴ്ചയ്ക്കു മുമ്പ് അടുത്ത വിക്ഷേപണശ്രമമുണ്ടാകില്ലെന്ന് നാസ അറിയിച്ചു.

To advertise here,

മനുഷ്യന്റെ രണ്ടാംചന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്പെയ്സ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററിൽ നടക്കേണ്ടിയിരുന്നത്. ചന്ദ്രനെ ചുറ്റാനുള്ള ഒറിയോൺ ക്യാപ്‌സ്യൂളുമായി തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.03-ന് (അമേരിക്കൻ സമയം രാവിലെ 8.33) കുതിക്കേണ്ടതായിരുന്നു എസ്.എൽ.എസ്.

എന്നാൽ, റോക്കറ്റിൽ നിറച്ച ഇന്ധനം ചോരാൻ തുടങ്ങി. ശീതീകരിച്ച 10 ലക്ഷം ഗാലൻ ഹൈഡ്രജനും ഓക്സിജനുമാണ് ഇതിലെ ഇന്ധനം. ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുമ്പോൾ റോക്കറ്റിലെ പ്രധാനപ്പെട്ട നാല് എൻജിനുകളിൽ ഒന്നിന്റെ പ്രവർത്തനം തകരാറിലായി. എന്തുകൊണ്ടാണ് ഇതുസംഭവിച്ചതെന്നു പരിശോധിക്കുകയാണ് എൻജിനിയർമാർ. നാസ ഇതുവരെ നിർമിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റർ ഉയരമുള്ള എസ്.എൽ.എസ്.

ചരിത്രദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ പതിനായിരങ്ങളാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിനടുത്ത കടപ്പുറത്ത് തടിച്ചുകൂടിയത്. അവരെ നിരാശരാക്കിക്കൊണ്ടാണ് വിക്ഷേപണം മാറ്റിയെന്ന അറിയിപ്പുവന്നത്.

ആർട്ടെമിസ്-1 എന്നു വിളിക്കുന്ന ഈ ദൗത്യത്തിൽ മനുഷ്യരെ അയക്കുന്നില്ല. 2025-ൽ പദ്ധതിയിടുന്ന ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിലിറങ്ങുക.