യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കവുമായി ആപ്പിള്‍. അടുത്ത വര്‍ഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണിത്. 

To advertise here,

എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള വാണിജ്യത്തര്‍ക്കവും അടുത്തിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയതും ആപ്പിളിനെ ഇന്ത്യയോട് അടുപ്പിക്കുന്നതിന് കാരണമാണ്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചു വരികയാണ് ആപ്പിള്‍. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ നിര്‍മാണ കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വര്‍ധിപ്പിച്ചതോടെ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ വന്‍തോതില്‍ ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 

മാര്‍ച്ചില്‍ മാത്രം 131 കോടി ഡോളര്‍ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്‌സ്‌കോണ്‍ കയറ്റി അയച്ചത്. ജനുവരിയിലേയും ഫെബ്രുവരിയിലേയും ആകെ കയറ്റുമതിക്ക് തുല്യമാണിത്. ടാറ്റയുടെ കയറ്റുമതി 63% വര്‍ധിച്ചു. കഴിഞ്ഞ മാസം കയറ്റി അയച്ചത് 61.2 കോടി ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ്. 

താരിഫ് നിരക്ക് നേരിടാന്‍ മാത്രമല്ല, 2026 ഓടെ പ്രതിവര്‍ഷം ആറ് കോടി ഐഫോണുകള്‍ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും.