ആപ്പിളിന്റെ മേധാവിയായ ടിം കുക്ക് സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലാകെ. സോഷ്യൽ മീഡിയ സൈറ്റുകളിലുടനീളം ചർച്ചകളും ടിം കുക്കിന്റെ വിടവാങ്ങലും ജോൺ ടെർനസിന്റെ സ്ഥാനാരോഹണത്തെക്കുറിച്ചുമായിരുന്നു. എന്നാൽ, ആപ്പിളിൽനിന്ന് മറ്റൊരു പ്രമുഖ വ്യക്തിത്വവും സ്ഥാനമൊഴിയുകയാണ്: ഫിൽ ഷില്ലർ.

To advertise here,

ആപ്പിളിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഫിൽ ഷില്ലർ. ആപ്പ് സ്റ്റോറിന്റെയും ആപ്പിൾ പ്രൊഡക്ട് ഇവന്റുകളുടെയും നേതൃത്വത്തിൽനിന്നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ടിം കുക്കിനെപ്പോലെതന്നെ അദ്ദേഹം കമ്പനി വിടുന്നില്ല, പകരം മറ്റ് ചില ചുമതലകളുമായി കമ്പനിയിൽത്തന്നെ തുടരും.

ആരാണ് ഫിൽ ഷില്ലർ

രണ്ടു ഘട്ടങ്ങളിലായി മൂന്നു പതിറ്റാണ്ടുകളായി ആപ്പിളിലുണ്ട് ഫിൽ ഷില്ലർ. ആദ്യം 1987 മുതൽ 1993 വരെയും പിന്നീട് 1997 മുതൽ ഇന്നുവരെയും. സ്റ്റീവ് ജോബ്സിനൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്ന ഷില്ലർ, ആപ്പിളിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ആപ്പിളിന്റെ ചരിത്രത്തിലെ വിപ്ലവകരമായ ഉല്പന്നങ്ങളായ ഐഫോൺ, ഐപാഡ്, ഐപോഡ്, വിവിധ മാക് മോഡലുകൾ എന്നിവയുടെ രൂപകല്പനയിലും വികസനത്തിലും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

സ്റ്റീവ് ജോബ്സിനൊപ്പം ആപ്പിളിന്റെ ആപ്പ് സ്റ്റോർ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് ഫിൽ ഷില്ലറാണ്. ആപ്പ് സ്റ്റോറിന്റെ നയമാറ്റങ്ങളും നിയമനടപടികളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷില്ലറിന്റെ നേതൃത്വത്തിലാണ്. ഫോർട്ട്നൈറ്റ് ഗെയിമിന്റെ നിർമാതാക്കളായ എപ്പിക് ഗെയിംസുമായി ഏറെക്കാലം നീണ്ടുനിന്ന നിയമപോരാട്ടം അതിനൊരു ഉദാഹരണമാണ്.

ഷില്ലർ സ്ഥാനമൊഴിയുന്നതോടെ എഡ്ഡി ക്യൂ നേതൃത്വം നൽകുന്ന സർവീസസ് ഡിവിഷനായിരിക്കും ആപ്പ് സ്റ്റോറിന്റെ ചുമതല. 2015-ൽ ഷില്ലർ ആപ്പ് സ്റ്റോറിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നതിനുമുമ്പ് എഡ്ഡി ക്യൂ ആയിരുന്നു ആപ്പിൾ സ്റ്റോറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത്.

ആപ്പ് സ്റ്റോറിനു പുറമെ സുപ്രധാന ഉല്പന്നങ്ങൾ പുറത്തിറക്കുന്ന ലോഞ്ച് ഇവന്റുകൾ ഉൾപ്പെടെ ആഗോളതലത്തിൽ കമ്പനിയുടെ പരിപാടികൾ സംഘടിപ്പിക്കുന്ന ഇവന്റ്സ് ടീമിനും മേൽനോട്ടം വഹിച്ചത് ഷില്ലറായിരുന്നു. ഈ ചുമതല 2023 മുതൽ ഷില്ലറിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നോള വെയിൻസ്റ്റീന് കൈമാറും. ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കുന്ന ആപ്പിളിന്റെ അടുത്ത പരിപാടി സെപ്റ്റംബർ ഒൻപതിന് നടക്കാനിരിക്കെയാണ് ഈ മാറ്റം. പുതിയ മേധാവി ജോൺ ടെർനസിനു കീഴിലുള്ള ആദ്യ അവതരണ പരിപാടി കൂടിയായിരിക്കും ഇത്.

2020-ൽ കമ്പനിയുടെ ഗ്ലോബൽ മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഫിൽ ഷില്ലർ 'ആപ്പിൾ ഫെലോ' എന്ന പദവിയിലേക്ക് മാറിയിരുന്നു. അതിനുശേഷവും ആപ്പ് സ്റ്റോറിന്റെയും ആപ്പിൾ ഇവന്റ്സിന്റെയും ചുമതല അദ്ദേഹം തുടരുകയായിരുന്നു. ഈ രണ്ടു പ്രധാന ചുമതലകളിൽനിന്നും ഒഴിയുന്നത് അദ്ദേഹം വിരമിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. അതുവരെ ആപ്പിൾ ഫെലോ എന്ന പദവിയിൽ അദ്ദേഹം തുടരും.