ആപ്പിള്‍ ഉപഭോക്താക്കള്‍ ഏറെയായി കാത്തിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സിരി താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ജെമിനൈ എഐ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവര്‍ത്തനം എന്നാണ് വിവരം. പരിഷ്‌കരിച്ച എഐ വോയ്‌സ് അസിസ്റ്റന്റ് 2026 മാര്‍ച്ച് ല്‍ പുറത്തിറക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

ജെമിനൈ എഐയുടെ പിന്‍ബലം ലഭിക്കുന്നതോടെ, കൂടുതല്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളോട് സംസാരിക്കാന്‍ സിരിക്ക് സാധിക്കും. സ്വാഭാവിക ഭാഷ മനസിലാക്കാനും സന്ദര്‍ഭോചിതമായി പ്രതികരിക്കാനും അതിനാവും. ഐഫോണുകള്‍, മാക്ക്, ഹോം ഡിവൈസുകളിലുടനീളം ഇത് ലഭിക്കും. ഇതിനൊപ്പം എഐ സിരി സൗകര്യമുള്ള സ്മാര്‍ട്ട്‌ഹോം ഡിവൈസും ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്ന ആപ്പിള്‍

ഒരു ശക്തമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ നിര്‍മിക്കാന്‍ ആപ്പിളിന് ഇനിയും സാധിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് ഫോണുകളിലെ എഐ സംവിധാനത്തെ വെല്ലുവിളിക്കാന്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ കമ്പനിക്ക് വെല്ലുവിളിയായതും ഈ പരിമിതി തന്നെ. അതുകൊണ്ട് മറ്റ് എഐ പ്ലാറ്റ്‌ഫോമുകളെയാണ് ആപ്പിള്‍ ഇതിനായി ആശ്രയിക്കുന്നത്. ആപ്പിള്‍ ഉപകരണങ്ങളിലെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ക്ക് വേണ്ടി നേരത്തെ തന്നെ ആപ്പിള്‍ ഓപ്പണ്‍ എഐയുമായി പങ്കാളിത്തമുണ്ട്. ഇപ്പോള്‍ സിരിയ്ക്ക് വേണ്ടി ഗൂഗിളുമായി പങ്കാളിത്തതിലേര്‍പ്പെടേണ്ടിവന്നു. രസകരമായ കാര്യമെന്തെന്നാല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ വോയ്‌സ് അസിസ്റ്റന്റും ജെമിനൈ എഐ തന്നെ ആണ്.

കേവലം ആപ്പിള്‍ ഉപകരണങ്ങളിലെ ചില ജോലികള്‍ ചെയ്യാന്‍ ശബ്ദനിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് എന്നതിലുപരി, സ്വാഭാവികമായ ഭാഷ തിരിച്ചറിയാനും സംഭാഷണരൂപേണ മറുപടി നല്‍കാനും സാധിക്കുന്ന എഐ അസിസ്റ്റന്റായി സിരി ഇതുവഴി പരിവര്‍ത്തനം ചെയ്യപ്പെടും. ജെമിനൈ, ചാറ്റ് ജിപിടി പോലുള്ള എഐ പ്ലാറ്റ്‌ഫോമുകളിലെ വോയ്‌സ് അസിസ്റ്റന്റിന് സമാനമായിരിക്കും ഇത്.