ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ അമരത്തുനിന്ന് ഏകദേശം 15 വർഷത്തിനുശേഷം ടിം കുക്ക് ആപ്പിൾ സി.ഇ.ഒ. സ്ഥാനം ഒഴിയുകയാണ്. ജോൺ ടെർനസ് ആണ് ഇനി ആപ്പിളിനെ നയിക്കുക. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ടെർനസിനു കൈമാറി കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ പദവി ഏറ്റെടുക്കും.

To advertise here,

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് രാജിവെച്ചതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പ് 2011-ലാണ് കുക്ക് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവായത്. കുക്കിന്റെ കാലയളവിലാണ് ആപ്പിൾ സുപ്രധാന മുന്നേറ്റങ്ങൾ നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായം ശക്തിയാർജിക്കുകയും എൻവിഡിയ ആഗോളതലത്തിൽ ഏറ്റവും വലിയ കമ്പനിയായി കുതിച്ചുയരുകയും ചെയ്യുന്നത് വരെ ലോകത്തെ വലിയ കമ്പനിയായി ആപ്പിളിനെ നിലനിർത്തുന്നതിൽ ടിം കുക്കിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കുക്കിനു കീഴിലെ ആപ്പിൾ

കുക്ക് സി.ഇ.ഒ. ആയി ചുമതലയേൽക്കുമ്പോൾ ആപ്പിളിന്റെ വിപണിമൂല്യം ഏകദേശം 35,000 കോടി ഡോളറായിരുന്നു (350 ബില്യൺ). 2011 ഓഗസ്റ്റിൽ ഓഹരിവില 13 ഡോളറിന് അടുത്തായിരുന്നു.

ഐഫോൺ 6-ന്റെ 'ബെൻഡ്ഗേറ്റ്' ഉൾപ്പെടെ ചില ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ കാരണം തുടക്കത്തിൽ പതറിയെങ്കിലും ആപ്പിൾ ഓഹരികൾ വലിയ മുന്നേറ്റമാണ് പിന്നീടുണ്ടാക്കിയത്. ഐഫോൺ 6, ഐഫോൺ 6 പ്ലസ് മോഡലുകളാണ് ചരിത്രത്തിൽ ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഐഫോണുകൾ.

2020-കളുടെ തുടക്കത്തിൽ കോവിഡ് മഹാമാരിക്ക് മുമ്പ് വരെ ആപ്പിളിന്റെ ഓഹരി 60 ഡോളർ-70 ഡോളർ എന്ന നിലയിൽ തുടരുകയായിരുന്നു. ആ സമയത്താണ് ആപ്പിൾ സ്വന്തമായൊരുക്കിയ എം സീരീസ് പ്രൊസസറുകൾ അവതരിപ്പിച്ചത്. എം1 ചിപ്പിൽ പുറത്തിറങ്ങിയ മാക്ക്ബുക്ക് എയർ, മാക്ക്ബുക്ക് പ്രോ സീരീസ് ലാപ്ടോപ്പുകൾ വിപണിയിൽ തരംഗമായി മാറി. എആർഎം (ARM) ആർക്കിടെക്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ലാപ്‌ടോപ്പുകൾ ഭാരക്കുറവുള്ളതും കനം കുറഞ്ഞതുമായിരുന്നു. സമാനതകളില്ലാത്ത ബാറ്ററി ബാക്കപ്പ് കൂടി വാഗ്ദാനം ചെയ്തതോടെ ജനപ്രീതി ഏറി. ഇതോടെ ഇന്റൽ ചിപ്പുകളെ മാക്ബുക്കിൽനിന്ന് ഒഴിവാക്കി. ഒരു വർഷത്തിനുള്ളിൽ, 2021 ഓഗസ്റ്റിൽ, ആപ്പിൾ ഓഹരികൾ 150 ഡോളർ വരെ ഉയർന്നു. സിഇഒ സ്ഥാനമേറ്റെടുത്ത പത്ത് വർഷം കൊണ്ട് 13 ഇരട്ടിയിലധികം വർധനവാണ് ഇതുവഴി കമ്പനിക്കുണ്ടായത്.

ആൻഡ്രോയിഡിന് ആധിപത്യമുണ്ടായിരുന്ന ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക് ഐഫോൺ വിപണിയെ വളർത്തിയതും കുക്കിന്റെ കാലത്താണ്. ലാപ്‌ടോപ്പ് വിഭാഗത്തിൽ മാക്ബുക്ക് എയർ ആധിപത്യം തുടർന്നുകൊണ്ടിരുന്നു. ആപ്പിൾ വാച്ച്, ഐപാഡ്, ഐമാക് തുടങ്ങിയ മറ്റ് ഉത്പന്നങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. മാക്ബുക്ക് നിയോ (MacBook Neo) പുറത്തിറക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള ലാപ്‌ടോപ്പ് വിപണിയിലേക്കും ആപ്പിൾ കടന്നുകയറി.

ഇതിന്റെ ഫലമായി, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഓഹരി വില ഇരട്ടിയായി വർധിച്ചു. 2021 ഏപ്രിലിലെ 150 ഡോളറിൽനിന്ന്, ടിം കുക്കിന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാര ദിനത്തിൽ വില 273 ഡോളറിലെത്തി. ഈ ദിവസം ആപ്പിളിന്റെ ആകെ വിപണി മൂലധനം 4 ട്രില്യൺ ഡോളറിന് മുകളിലാണ്.

ആപ്പിളിലെ നിക്ഷേപകർക്ക് വൻനേട്ടമാണ് ടിം കുക്ക് ഉണ്ടാക്കിക്കൊടുത്തത്. 35,000 കോടി ഡോളർ മൂല്യമുള്ള ഒരു ടെക് കമ്പനിയെ നയിച്ച് 4 ട്രില്യൺ ഡോളറിന്റെ വമ്പൻ ശക്തിയാക്കി അദ്ദേഹം മാറ്റി.

അവസാന കാലത്തെ പാളിച്ചകൾ

സിഇഒ എന്ന നിലയിൽ അവസാന കാലത്ത് ചില വിമർശനങ്ങൾ കേട്ടുകൊണ്ടാണ് ടിം കുക്ക് പടിയിറങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആപ്പിളിനുണ്ടായ പരാജയം അതിൽ വലിയ ആരോപണങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ആയിരുന്നിട്ടും സമകാലീനരായ താരതമ്യേന ചെറിയ കമ്പനികളും പുതിയ സ്റ്റാർട്ടപ്പുകളും വരെ മുന്നേറ്റമുണ്ടാക്കിയിട്ടും ആപ്പിളിന് എഐ രംഗത്ത് എന്തുകൊണ്ട് വലിയ നീക്കങ്ങളൊന്നും നടത്താൻ സാധിച്ചില്ല എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. ടിം കുക്കിന്റെ നേതൃത്വം പഴി കേൾക്കുന്നതും ഇവിടെയാണ്.

പുതിയ ആശയങ്ങൾ അതിവേഗം അവതരിപ്പിക്കാനും വിപണിയിൽ മുന്നേറാനും ആപ്പിൾ കാണിക്കുന്ന വിരക്തി ഉപഭോക്താക്കൾ എന്നും ചോദ്യം ചെയ്യാറുണ്ട്. ലക്ഷങ്ങൾ മുടക്കി, ആപ്പിൾ ഇക്കോസിസ്റ്റത്തിൽ കാലങ്ങളായി പിന്തുടരുന്നവർ നൂതന സാങ്കേതിക വിദ്യയിൽ പിന്നിലോടുന്നത് പലപ്പോഴും പരിഹാസ വിധേയമാകാറുണ്ട്.

ഫോൾഡബിൾ ഫോൺ ഇറക്കുന്നതിലും ശക്തിയേറിയ ക്യാമറകൾ അവതരിപ്പിക്കുന്നതിലുമെല്ലാം ആപ്പിൾ ഒട്ടും താത്പര്യം കാണിച്ചിരുന്നില്ല. ആൻഡ്രോയിഡ് ഫോണുകൾ മെഗാപിക്സലുകളിൽ മത്സരിക്കുമ്പോൾ ആപ്പിൾ 12 എംപി ക്യാമറയിൽ തങ്ങി നിൽക്കുകയായിരുന്നു. 2022-ൽ പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ മോഡലുകളിലാണ് ആദ്യമായി 45 എംപി ക്യാമറ അവതരിപ്പിക്കുന്നത്. മെഗാപിക്സലിന്റെ കാര്യത്തിൽ പിന്നിലാണെങ്കിലും ഐഫോണുകളിലെ ഇമേജ് പ്രൊസസിങ് സാങ്കേതിക വിദ്യകൾ അതിമനോഹരമായ ചിത്രങ്ങളും വീഡിയോകളും നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 2019-ൽ സാംസങ് ഗാലക്സി ഫോൾഡ് മോഡലുകളിലൂടെ ഫോൾ‍ഡബിൾ സ്മാർട്ഫോൺ രംഗത്തിറങ്ങി, പിന്നീട് പല കമ്പനികളും ഈ രംഗത്തേക്ക് വന്നു. ആറ് വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് ഐഫോൺ ഒരു ഫോൾഡബിൾ അവതരിപ്പിക്കുന്നു എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്.

എഐ രംഗത്തെ തിരിച്ചടി തന്നെയാണ് ഇക്കൂട്ടത്തിൽ വലിയ ചീത്തപ്പേരുണ്ടാക്കിയത്. ഐഫോൺ 15 പ്രോ മോഡലുകളിൽ മുതൽ എഐ ഫീച്ചറുകളുണ്ടാകുമെന്നും എഐ അധിഷ്ഠിതമായി സിരി വോയ്സ് അസിസ്റ്റന്റിനെ മാറ്റുമെന്നും പ്രഖ്യാപിച്ചെങ്കിലും വലിയ കാലതമാസമുണ്ടായി. ഐഫോൺ 18 പുറത്തിറങ്ങാൻ പോവുമ്പോഴും സിരിയ്ക്ക് യാതൊരു മാറ്റവുമുണ്ടായില്ല. ‌സ്വന്തമായി എഐ മോഡലുകളില്ലാത്ത ആപ്പിളിന് ഐഫോണിലെ എഐ ഫീച്ചറുകൾക്ക് വേണ്ടി ഒടുവിൽ ഓപ്പൺ എഐയേയും ജെമിനിയേയും ആശ്രയിക്കേണ്ട സ്ഥിതി വന്നു. ആൻഡ്രോയിഡിലും ഐഫോണിലും നിർമിതബുദ്ധി ജെമിനി മാത്രമായി മാറുന്നു.

ആപ്പിളിൽ ചേരുമ്പോൾ ഹാർഡ്‌വേർ അല്ലെങ്കിൽ ഉല്പന്ന നിർമാണ പശ്ചാത്തലം കുക്കിനുണ്ടായിരുന്നില്ല. പകരം, ഐ.ബി.എം., കോംപാക് തുടങ്ങിയ കമ്പനികളിൽ ബിസിനസ് ഓപ്പറേറ്ററായാണ് അദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾ, വിതരണം, ലോജിസ്റ്റിക്സ്, വില്പനക്കണക്കുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു സാങ്കേതിക വിദഗ്ധനായിരുന്നു അദ്ദേഹം. ആ മേഖലയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ആപ്പിളിന് വിപണിയിൽ നേട്ടമുണ്ടാക്കിയതിന്റെ തെളിവാണ് 35,000 കോടി ഡോളറിൽ നിന്ന് 4 ലക്ഷം കോടി ഡോളറിലേക്കുള്ള കമ്പനിയുടെ മൂലധന വളർച്ച.

എന്നാൽ, കച്ചവടത്തിൽ കാണിച്ച താത്പര്യം പുതിയ സാങ്കേതിക ഉല്പന്നങ്ങൾ വിഭാവനം ചെയ്യുന്നതിലും അവ വിപണിയിലിറക്കുന്നതിലും അദ്ദേഹം അത്ര കാണിച്ചിരുന്നില്ല. കുക്കിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട ഉല്പന്നങ്ങളിലൊന്നായ ആപ്പിൾ വിഷൻ പ്രോ (ഒരു വിർച്വൽ-ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ്) ഉപഭോക്താക്കൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയില്ല. എങ്കിലും, ഓപ്പറേഷണൽ എക്സിക്യൂട്ടീവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഏറ്റവും വിജയകരമായ ബിസിനസ് നേതാക്കളിലൊരാളായി അദ്ദേഹത്തെ അടയാളപ്പെടുത്തും.

ടെർനസിന്റെ നേതൃത്വം

വിഖ്യാതനായ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സിനെ പോലെ ഉല്പന്ന നിർമാണ പശ്ചാത്തലമുള്ള സാങ്കേതിക വിദഗ്ധനാണ് പുതിയ സിഇഒ ജോൺ ടെർനസ്. പുതിയ കാലത്ത് ആപ്പിൾ പ്രതീക്ഷിക്കുന്നതും അത്തരം ഒരു നേതൃത്വത്തെയാണ്. വിപണിയോട് കിടപിടിക്കുന്ന പുതിയ ഉത്പന്നങ്ങളും പരീക്ഷണങ്ങളും ആപ്പിളിൽനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റാരേക്കാളും മുന്നേ പുതിയ പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തേണ്ടിയിരിക്കുന്നു.

പുതിയ മേധാവി വരുന്നതോടെ ഹാർഡ്‌വേറുകളിൽ എഐയെ കൂടുതൽ ആഴത്തിൽ ഉൾപ്പെടുത്താനുള്ള തന്ത്രപരമായ താല്പര്യം ആപ്പിൾ കാണിച്ചേക്കാമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. അച്ചടക്കവും കൃത്യതയും നിയന്ത്രണവുമാണ് ആപ്പിളിനെ പോയകാലത്ത് ശക്തിയായതെങ്കിൽ. തുറന്ന സമീപനത്തിനും വേഗത്തിലുള്ള മാറ്റങ്ങൾക്കും പ്രാധാന്യമുള്ള അടുത്ത കാലഘട്ടത്തിൽ ഈ ഗുണങ്ങൾ തന്നെ കമ്പനിക്ക് തടസ്സമായേക്കാം. അതിൽ നിന്നുള്ള മാറ്റമാണ് പുതിയ നേതാവിൽ ആപ്പിൾ ആരാധകർ പ്രതീക്ഷിക്കുന്നത്.