ആന്‍ഡ്രോയിഡ് ഫോണുകളില്‍ വരുന്ന നോട്ടിഫിക്കേഷനിലെ വിവരങ്ങള്‍ ആപ്പുകള്‍ തുറക്കാതെ തന്നെ അറിയാനും നോട്ടിഫിക്കേഷന്റെ തരം അനുസരിച്ച് വിവിധ കാര്യങ്ങള്‍ ചെയ്യാനുമുള്ള സൗകര്യം നിലവിലുണ്ട്. ഉദാഹരണത്തിന് ഒരു പുതിയ മെസേജ് വന്നതിന്റെ നോട്ടിഫിക്കേഷനാണെങ്കില്‍ ആപ്പ് തുറക്കാതെ തന്നെ അതിലെ വിവരങ്ങള്‍ അറിയാനും മറുപടി നല്‍കാനും സാധിക്കും. ആരെങ്കിലും നിങ്ങള്‍ക്ക് ലൊക്കേഷന്‍ അയച്ചതാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് ഫോണിലെ നാവിഗേഷന്‍ ആപ്പ് തുറക്കുന്നതിനുള്ള ബട്ടന്‍ താഴെ കാണിക്കും. ആന്‍ഡ്രോയിഡ് 9, ആന്‍ഡ്രോയിഡ് 10 വേര്‍ഷനുകളില്‍ സ്മാര്‍ട് റിപ്ലൈ, സ്മാര്‍ട് ആക്ഷന്‍ ഫീച്ചറുകളാണ് ഇതിന് സഹായിക്കുന്നത്.  

To advertise here,

ഇപ്പോഴിതാ ഈ സംവിധാനം ആന്‍ഡ്രോയിഡ് 16 ല്‍ ജെമിനൈ എഐയുടെ പിന്‍ബലത്തില്‍ പരിഷ്‌കരിക്കപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 'മാജിക് ആക്ഷന്‍സ്' എന്ന പേരില്‍ ജെമിനൈ പിന്തുണയുള്ള പുതിയ ഫീച്ചര്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് ഈ ഫീച്ചര്‍ എന്ന് കൃത്യമായി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല. എന്നാല്‍ സ്മാര്‍ട് ആക്ഷന്‍, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ക്ക് പകരമായാണ് മാജിക് ആക്ഷന്‍ എത്തുന്നത് എന്നാണ് കരുതുന്നത്. 

നോട്ടിഫിക്കേഷനുകള്‍ വിശകലനം ചെയ്യാനും ആക്ഷനുകള്‍ തീരുമാനിക്കുന്നതിനും ജെമിനൈ എഐ ഉപയോഗിക്കാനാണ് സാധ്യത. ആന്‍ഡ്രോയിഡ് ഇന്റലിജന്‍സ് ആപ്പിന്റെ ഭാഗമായ നോട്ടിഫിക്കേഷന്‍ അസിസ്റ്റന്റ് സര്‍വീസ് ആണ് ഇതിനായി ഉപയോഗപ്പെടുത്തുക. 

ഉദാഹരണത്തിന്, നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുമെന്നോ കാന്‍സല്‍ ചെയ്തുവെന്നോ ഉള്ള സന്ദേശം ഫോണില്‍ വന്നാല്‍ ആ സന്ദേശം തിരിച്ചറിഞ്ഞ എഐ, ഉടനടി ബന്ധപ്പെട്ട എയര്‍ലൈന്‍ കസ്റ്റമര്‍കെയര്‍ സേവനത്തിലേക്ക് വിളിക്കാനുള്ള എളുപ്പവഴി നിര്‍ദേശിക്കും. ഫോണില്‍ വന്ന സന്ദേശത്തില്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെങ്കില്‍ പോലും ജെമിനൈ എഐ കാര്യഗൗരവം മനസിലാക്കി സ്വമേധയാ ആക്ഷനുകള്‍ നിര്‍ദേശിക്കും. 

എന്തായാലും ഈ ഫീച്ചറുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എഐ അധിഷ്ഠിതമായ ഒട്ടേറെ ഫീച്ചറുകള്‍ പുതിയ ഒഎസില്‍ ഉണ്ടാവുമെന്നാണ് വിവരം, എഐ അധിഷ്ഠിത നോട്ടിഫിക്കേഷന്‍ സമ്മറി ഫീച്ചറും ഗൂഗിള്‍ പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും വൈകാതെ തന്നെ ഇക്കാര്യങ്ങള്‍ പുറത്തുവരും.