ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും ഒഴിവാക്കാൻ എയർബസ്. യൂറോപ്പിലെ ഏറ്റവും വലിയ എയ്റോസ്പേസ് കമ്പനിയുടെ നീക്കം അമേരിക്കൻ ടെക് ഭീമന്മാർക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സുപ്രധാന വിവരങ്ങളെല്ലാം യൂറോപ്യൻ ക്ലൗഡിലേക്ക് മാറ്റുന്നതിനുള്ള കരാറിന് എയർബസ് തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സംവിധാനങ്ങൾ നിലവിൽ എയർബസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡാറ്റാ സെന്റർ സംവിധാനങ്ങളും ഗൂഗിൾ വർക്ക്സ്പേസും ഉപയോഗിക്കുന്ന കമ്പനി ക്ലൗഡിൽ സൂക്ഷിക്കാൻ സാധിക്കാത്ത രഹസ്യരേഖകൾ കൈകാര്യം ചെയ്യാൻ മൈക്രോസോഫ്റ്റ് എക്‌സലും മറ്റ് സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നുണ്ട്. ഇതിനെറ്റാം മാറ്റംവരുമെന്നാണ് സൂചന.

To advertise here,

ദൈനംദിന പ്രവർത്തനങ്ങൾ, വിമാന രൂപകൽപ്പന എന്നിവയടക്കമുള്ളവയുമായ ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ക്ലൗഡിലേക്ക് മാറ്റാനാണ് എയർബസിന്റെ നീക്കം. വിവരങ്ങൾ യൂറോപ്പിന്റെ സുരക്ഷയ്ക്കടക്കം നിർണായകമാണെന്ന വിലയിരുത്തലിനെ തുടർന്നാണത്. വിവരങ്ങൾ യൂറോപ്പിന്റെ നിയന്ത്രണത്തിൽ തുടരുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് എയർബസിന്റെ ഡിജിറ്റൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാതറിൻ ജെസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഡോണാൾഡ് ട്രംപ് ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഡിജിറ്റൽ പരമാധികാരം സംബന്ധിച്ച കടുംപിടിത്തത്തിലാണ് അമേരിക്ക. അമേരിക്കൻ കമ്പനികൾ വിദേശ ഡാറ്റാ സെന്ററുകളിൽ സൂക്ഷിക്കുന്ന ഡാറ്റ ശേഖരിക്കാൻ അമേരിക്കൻ അധികാരികളെ അനുവദിക്കുന്ന യുഎസ് ക്ലൗഡ് നിയമമാണ് കർശനമാക്കാൻ ഒരുങ്ങുന്നത്. മൈക്രോസോഫ്റ്റ്, ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ എന്നിവ ഇത് ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അതൊന്നും പര്യാപ്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് എയർബസിന്റെ നീക്കം.

ക്ലൗഡ് ആക്ട്

യുഎസ് ആസ്ഥാനമായ ടെക് കമ്പനികൾ കൈവശം വെച്ചിട്ടുള്ള ഡിജിറ്റൽ ഡാറ്റ ശേഖരിക്കാൻ യുഎസ് സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമമാണ് ക്ലൗഡ് ആക്ട്. ഡാറ്റ രാജ്യത്തിനകത്തോ വിദേശത്തോ ഉള്ള സെർവറുകളിൽ സൂക്ഷിക്കുന്നത് പ്രശ്‌നമല്ല. വാറന്റ് വഴിയോ സമൻസ് വഴിയോ കമ്പനികളുടെ ഡേറ്റ എഫ്ബിഐക്ക് ശേഖരിക്കാൻ കഴിയും. 2018-ൽ ക്ലൗഡ് ആക്ട് നിയമമായി ഒപ്പുവെച്ചിരുന്നു. ഈ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഡാറ്റാ പരമാധികാരം ഉറപ്പാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ജൂലായിയിൽ മൈക്രോസോഫ്റ്റ് ഫ്രഞ്ച് കോടതിയിൽ സമ്മതിച്ചിരുന്നു. എങ്കിലും യൂറോപ്പിലെ മൈക്രോസോഫ്റ്റ് സെർവറുകളിൽ സൂക്ഷിച്ചിട്ടുള്ള ഡാറ്റ കൈമാറുന്നത് സംബന്ധിച്ച് യുഎസ് സർക്കാരിൽ നിന്ന് ഇതുവരെ അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. അതിനാൽ യൂറോപ്യൻ കമ്പനികളെയോപൊതുമേഖലാ സ്ഥാപനങ്ങളെയും ഈ നിയമം ബാധിച്ചിട്ടില്ലെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ അതൊന്നും യൂറോപ്പിലെ വമ്പൻ കമ്പനികൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് എയർബസിന്റെ നീക്കം.