നിര്‍മിതബുദ്ധി (എഐ) ചാറ്റ്‌ബോട്ടുകളില്‍ നിസാരമായ പലതും ടൈപ്പ് ചെയ്യുന്നതിന് മുന്‍പ് മിക്കവരും അതിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കാറില്ല. thank you (നന്ദി) എന്ന് ടൈപ്പ് ചെയ്യുന്നതുപോലും നിരുപദ്രവകരമായി തോന്നാം. എന്നാല്‍ ഗ്രോക്ക്, ചാറ്റ്ജിപിടി, ഡീപ്സീക്ക്, അല്ലെങ്കില്‍ മറ്റേതെങ്കിലും ചാറ്റ്‌ബോട്ടിലേക്ക് നമ്മള്‍ അയക്കുന്ന ഓരോ സന്ദേശവും എത്രത്തോളം വൈദ്യുതി, സെര്‍വര്‍ സ്‌പേസ്, മറ്റ് വിഭവങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു എന്നകാര്യം മിക്കവരും ചിന്തിക്കാനിടയില്ല. ഒരു നന്ദി വാക്കുപോലും ഗൗരവമുള്ളതാണോ അല്ലാത്തതോ എന്ന് പരിഗണിക്കാതെ തന്നെ ചാറ്റ്‌ബോട്ടുകള്‍ ചോദ്യങ്ങളായി കണക്കാക്കുന്നു. ചോദ്യങ്ങള്‍ക്ക് പ്രോസസ്സിംഗ് പവര്‍ ആവശ്യമാണ്. അതിനായി വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നു.

To advertise here,

ഊര്‍ജ ഉത്പാദന-വിതരണ സംവിധാനങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം ടെക് കമ്പനികള്‍ മാത്രമല്ല ഭരണകര്‍ത്താക്കളും, നയരൂപവത്കരണ വിദഗ്ധരും, ആക്ടിവിസ്റ്റുകളും, ആഗോളതാപനത്തെ നേരിടുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നവരുമെല്ലാം കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

എഐ ചാറ്റ്‌ബോട്ടുകളെല്ലാം പ്രവര്‍ത്തിക്കുന്നത് വലിയ അളവില്‍ ഊര്‍ജ്ജം ആവശ്യമുള്ള കൂറ്റന്‍ ഡാറ്റാ സെന്ററുകളഉടെ പിന്തുണയോടെയാണ്. അതിനര്‍ത്ഥം, ലളിതവും അനാവശ്യവുമായ ഒരു ചോദ്യം പോലും ഊര്‍ജവും മറ്റുവിഭവങ്ങളും ഉപയോഗിക്കുന്നു എന്നാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ എല്ലാ ദിവസവും നിസാര കാര്യങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഇത് ടെക് കമ്പനികള്‍ക്കും ഭൂമിക്കുതന്നെയും അത് വലിയ ഭാരമായി മാറിയേക്കാം. ജനറേറ്റീവ് എഐ, ഗ്രോക്ക് 4, ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ എഐ മോഡലുകളുടെ പരിശീലന ഘട്ടത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു. പരിശീലനത്തിനു ശേഷവും ചെറിയ തോതിലാണെങ്കിലും ഓരോ ആശയവിനിമയത്തിനും കമ്പ്യൂട്ടിംഗ് പവര്‍ ആവശ്യമായിവരുന്നു.

താരതമ്യേന പുതിയ സംവിധാനങ്ങള്‍ ആകയാല്‍ എഐ എത്രമാത്രം ഊര്‍ജം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. എന്നാല്‍ ചില കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ഉദാഹരണത്തിന് 'നന്ദി' പോലുള്ള ഒരു വാക്കിന് മറുപടി നല്‍കാന്‍ എഐ ഏകദേശം 0.001 മുതല്‍ 0.01 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുമെന്ന് ഡീപ്സീക്ക് കണക്കാക്കുന്നു. ഇത് വളരെ ചെറിയ അളവിലുള്ള വൈദ്യുതി ഉപയോഗമായി തോന്നാം. എന്നാല്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കാര്യങ്ങള്‍ മാറിമറിയും. പത്ത് ലക്ഷം പേര്‍ എല്ലാ ദിവസവും നിസാരമായ ഇത്തരം സന്ദേശം അയച്ചാല്‍ ഊര്‍ജ ഉപയോഗം പ്രതിദിനം 1,000 മുതല്‍ 10,000 കിലോവാട്ട് വരെ എത്തിയേക്കാം. ഒരു വര്‍ഷം കൊണ്ട് ഇത് നൂറുകണക്കിനും ആയിരക്കണക്കിനും മെഗാവാട്ട്-അവറുകളായി ഇത് മാറും, നിരവധി വീടുകള്‍ക്ക് മാസങ്ങളോളം വൈദ്യുതി നല്‍കാന്‍ പര്യാപ്തമായ വൈദ്യുതിയാണിത് എന്നകാര്യം ഓര്‍ക്കണം. സമാനമായ ഊര്‍ജ്ജ ഉപയോഗം എല്ലാ എഐ സിസ്റ്റങ്ങളിലും ഉണ്ട്.

എംഐടി ടെക്‌നോളജി റിവ്യൂ മെയ് മാസത്തില്‍ ഒരു പഠനം നടത്തുകയും ചില കണക്കുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എഐ സജീവമായി ഉപയോഗിക്കുന്ന ഒരാള്‍ ഒരു ദിവസം സിസ്റ്റത്തെക്കൊണ്ട് ഉപയോഗിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ കണക്കായിരുന്നു അതിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. ഒരാള്‍ ഉപയോഗിപ്പിക്കുന്ന ഏകദേശം 2.9 കിലോവാട്ട്-അവര്‍ വൈദ്യുതി ഒരു ഇ-ബൈക്ക് 100 മൈലിലധികം (അല്ലെങ്കില്‍ ഒരു ശരാശരി ഇലക്ട്രിക് വാഹനത്തില്‍ ഏകദേശം 10 മൈല്‍) ഓടിക്കുന്നതിനോ അല്ലെങ്കില്‍ മൂന്നര മണിക്കൂറിലധികം മൈക്രോവേവ് പ്രവര്‍ത്തിപ്പിക്കുന്നതിനോ തുല്യമാണെന്ന് പഠനം വ്യക്തമാക്കിയിരുന്നു.