ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റിക് ബ്രൗസറുകളുടെ യുഗം ആരംഭിച്ചുകഴിഞ്ഞു. കേവലം വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ നിര്‍ദേശിക്കുക എന്നതിലുപരി വിവരങ്ങള്‍ തിരയാനുള്ള ജോലി എഐയെ ഏല്‍പ്പിക്കുകയാണ് ഏജന്റിക് ബ്രൗസറുകള്‍. ദിവസങ്ങള്‍ക്ക് മുമ്പ് രംഗപ്രവേശം ചെയ്ത ചാറ്റ് ജിപിടി അറ്റ്‌ലസ് ബ്രൗസറും പെര്‍പ്ലെക്‌സിറ്റി കോമറ്റ് ബ്രൗസറും ഓപ്പെര നിയോണ്‍, ദി ബ്രൗസര്‍ കമ്പനിയുടെ ഡിയയുമെല്ലാം (Dia) ആ പുതിയ യുഗത്തിന്റെ മുഖമുദ്രകളായി മാറുന്നു. എന്നാല്‍ ഏതൊരു പുതിയ സാങ്കേതികവിദ്യയേയും പോലെ പുതിയ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് ഈ എഐ ബ്രൗസറുകള്‍. അതില്‍ ചിലത് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട്.

To advertise here,

ഏജന്റിക് ബ്രൗസറുകളുടെ സവിശേഷതകള്‍

ഉപഭോക്താവിന് വേണ്ടി പലഘട്ടങ്ങളിലായുള്ള (മള്‍ടിസ്റ്റെപ്പ്) ജോലികള്‍ ചെയ്യാന്‍ കോമറ്റ്, അറ്റ്‌ലസ് പോലുള്ള എഐ ബ്രൗസറുകള്‍ക്ക് സാധിക്കും. വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കുക, ഉള്ളടക്കങ്ങളുടെ സംഗ്രഹം തയ്യാറാക്കുക, ഇമെയില്‍ എഴുതുക ഉള്‍പടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ കേവലം നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെയ്യാന്‍ ഈ ബ്രൗസറുകള്‍ക്ക് കഴിയും. എന്നാല്‍ ക്രോമിയം അധിഷ്ഠിത ബ്രൗസറായ ബ്രേവ് (Brave) ഈ ഏജന്റിക് എഐ ബ്രൗസറുകളെ കുറിച്ചുള്ള ചില സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാണിക്കുകയാണ്.

സുരക്ഷാ പ്രശ്‌നങ്ങളെന്ത്?

പെര്‍പ്ലെക്‌സിറ്റിയുടെ 'കോമറ്റ്' എന്ന എഐ ബ്രൗസറിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ബ്രേവിലെ ഗവേഷകര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അപകടകാരികളായ വെബ്‌സൈറ്റുകള്‍ക്ക് ബ്രൗസറിലെ എഐ അസിസ്റ്റന്റിനെ ഹൈജാക്ക് ചെയ്യാനും അനധികൃത ജോലികള്‍ ചെയ്യിപ്പിക്കാനും സാധിക്കുമെന്ന് അവര്‍ പറഞ്ഞു. 'പ്രോംറ്റ് ഇഞ്ചക്ഷന്‍' പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കോമറ്റ് ബ്രൗസറിലുണ്ടെന്നും അതുവഴി അപകടകാരികളായ വെബ്‌സൈറ്റുകള്‍ക്ക് ബ്രൗസറിലെ എഐ അസിസ്റ്റന്റിനെ ഹൈജാക്ക് ചെയ്യാനാകുമെന്നും അവര്‍ പറയുന്നു.

'ഇന്‍ഡയറക്ട് പ്രോംറ്റ് ഇന്‍ജക്ഷന്‍സ്'

'ഇന്‍ഡയറക്ട് പ്രോംറ്റ് ഇന്‍ജക്ഷന്‍സ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചേക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാങ്കേതികവിദ്യ വഴി വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയാ കമന്റുകളിലും മറഞ്ഞിരിക്കുന്ന കമാന്‍ഡുകള്‍ ഹാക്കര്‍മാര്‍ ഉള്‍പ്പെടുത്തും. എന്നാല്‍, ഈ കമാന്‍ഡുകള്‍ ഉപഭോക്താവില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിക്കുന്ന എഐ അസിസ്റ്റന്റ് ആ ജോലി ചെയ്യുകയും ചെയ്യും.

ബ്രേവിന്റെ മുന്നറിയിപ്പ് വീണ്ടും

ഇപ്പോള്‍ വീണ്ടും ബ്രേവ് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. ബ്ലോഗ് പോസ്റ്റിലാണ് കോമറ്റ് ബ്രൗസറിലെ പ്രശ്‌നങ്ങളെ കുറിച്ച് ബ്രേവ് ഗവേഷകര്‍ വീണ്ടുമെഴുതിയത്. ഉപഭോക്താവ് അറിയാതെ മറ്റ് ജോലികള്‍ എഐ അസിസ്റ്റന്റിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ കോമറ്റിലെ സുരക്ഷാ പഴുതിന്റെ സഹായത്തോടെ സാധിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു.

വെബ്‌സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ആ ചിത്രങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും കോമറ്റ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ചില വെബ്‌സൈറ്റുകളിലെ ചിത്രങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് അദൃശ്യമായ പ്രോംറ്റുകള്‍ മറച്ചുവെക്കാന്‍ സാധിക്കും. അത് ഉപഭോക്താവ് കാണില്ല. ചിത്രങ്ങള്‍ പരിശോധിക്കുന്ന എഐമോഡല്‍ ഈ പ്രോംറ്റ് കാണുകയും അത് ഉപഭോക്താവില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് തെറ്റിദ്ധരിക്കുകയും അത് അനുസരിച്ച് പണിയെടുക്കുകയും ചെയ്യും. സമാനമായ രീതിയിലാണ് ഇന്‍ഡയറക്ട് പ്രോംറ്റ് ഇന്‍ജക്ഷന്‍ നടക്കുന്നത്.

ഫെലോ (Felou) എന്ന മറ്റൊരു ഏജന്റ് എഐ ബ്രൗസരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും ഗവേഷകര്‍ക്ക് സാധിച്ചു. ദോഷകരമായ പ്രോംറ്റുകള്‍ ഉള്‍പെടുത്തി എഐ മോഡലിന്റേയും എഐ അസിസ്റ്റന്റിന്റേയും പ്രവര്‍ത്തനം അട്ടിമറിക്കാനും അതുവഴി നിങ്ങള്‍ തിരയുന്ന വെബ് പേജുകളിലെ ഉള്ളടക്കങ്ങള്‍ കയ്യടക്കാനും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്നും അവര്‍ കണ്ടെത്തി. കോമറ്റ് ബ്രൗസറില്‍ മാത്രമല്ല ഈ പ്രശ്‌നങ്ങള്‍ ഉള്ളതെന്നും മറ്റ് എഐ ബ്രൗസറുകളിലും ഇന്‍ഡയറക്ട് പ്രോംറ്റ് ഇന്‍ജക്ഷന്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ബ്രേവ് പറയുന്നു.

ഓപ്പണ്‍ എഐയ്ക്കും കാര്യങ്ങള്‍ അറിയാം

ഈ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഓപ്പണ്‍ എഐയും സ്ഥിരീകരിക്കുന്നുണ്ട്. ചാറ്റ്ജിപിടിയോടുകൂടിയ ബ്രൗസര്‍ പങ്കുവെക്കുന്നതുവഴി അതിന്റെ എല്ലാ ശക്തിയും കഴിവുകളും നിങ്ങള്‍ക്ക് ലഭിക്കുന്നതിനൊപ്പം തികച്ചും പുതിയൊരു കൂട്ടം അപകടസാധ്യതകളും ഉയര്‍ന്നുവരുന്നുണ്ടെന്ന് ഒരു ഓപ്പണ്‍ എഐ ജീവനക്കാരന്‍ അറ്റ്‌ലസ് ലൈവ് സ്ട്രീമിങിനിടെ സമ്മതിച്ചു. ബ്രൗസര്‍ ടാബിലെ വിവരങ്ങളല്ലാതെ കംപ്യൂട്ടറിലെ മറ്റ് വിവരങ്ങള്‍ അറ്റ്‌ലസ് എടുക്കില്ലെന്ന് പറഞ്ഞ ഓപ്പണ്‍ എഐ ഇന്‍ഡയറക്ട് പ്രോംറ്റ് ഇന്‍ജക്ഷനെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കിട്ടില്ല.