ആപ്പിള്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി ടെക് ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാണ് ഈ ഫോള്‍ഡബിള്‍ ഐഫോണ്‍. ഡിസൈന്‍ മുതല്‍ സവിശേഷതകള്‍ വരെ നിരവധി ലീക്കുകളും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഈ ഫോള്‍ഡബിള്‍ ഐഫോണില്‍ 24 മെഗാപിക്‌സല്‍ അണ്ടര്‍-ഡിസ്‌പ്ലേ ഫ്രണ്ട് ക്യാമറ ഉള്‍പ്പെടുത്തിയേക്കുമത്രേ! ജെ.പി. മോര്‍ഗന്‍ ഇക്വിറ്റി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മാക്ക് റൂമേഴ്‌സ് ഉള്‍പ്പെടെയുള്ള ടെക്ക് വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

To advertise here,

അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറകളുടെ പ്രകാശ പ്രക്ഷേപണ ശേഷിയും ചിത്രങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ആപ്പിള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് മാക്ക് റൂമേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഫോള്‍ഡബിള്‍ ഫോണുകളില്‍ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറകളുടെ ഗുണമേന്മ ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഡിസ്‌പ്ലേയ്ക്കുള്ളിലൂടെ ശരിയായ രീതിയില്‍ പ്രകാശം സെന്‍സുകളിലെത്തിയാലാണ് ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാവുക. അതിലുള്ള പരിമിതി കാരണം നിലവിലുള്ള പല ഫോള്‍ഡബിള്‍ ഫോണുകളിലുമുള്ള അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറകളിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ സോഫ്റ്റ് ആണെന്നും മങ്ങലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആപ്പിളിന്റെ എതിരാളികളായ കമ്പനികളുടെ ഫോള്‍ഡബിള്‍ ഫോണുകളിലെ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറകള്‍ 4 എംപി, 8 എംപി സെന്‍സറുകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആപ്പിള്‍ 24 എംപി അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറാ സെന്‍സറിനായുള്ള നീക്കങ്ങളിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് ശരിയെങ്കില്‍ ആപ്പിള്‍ ഫോള്‍ഡബിള്‍ ഐഫോണുകളിലെ സെല്‍ഫി കൂടുതല്‍ വ്യക്തതയുള്ളതും സ്വാഭാവികത നിലനിര്‍ത്തുന്നതുമായിരിക്കും.

ലിഡാര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പോലുള്ള ഫീച്ചറുകള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഡിസൈനിന് വേണ്ടി ഉപേക്ഷിച്ചേക്കാമെന്നാണ് മറ്റൊരു വിവരം. രണ്ട് 48 എംപി റിയര്‍ സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനം, പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പം ഒരു പഞ്ച് ഹോള്‍ ക്യാമറ, അകത്തുള്ള ഫോള്‍ഡബിള്‍ ക്യാമറയ്‌ക്കൊപ്പം 24 എംപി ക്യാമറ എന്നിങ്ങനെ ആയിരിക്കും ക്യാമറാ ക്രമീകരണം.

ബയോമെട്രിക് ഒതന്റിക്കേഷന് വേണ്ടി ഫേസ് ഐഡി ഉപയോഗിക്കുന്നതിന് പകരം ഫോണിന്റെ ഒരു വശത്തായി ക്രമീകരിച്ചിരിക്കുന്ന ടച്ച് ഐഡി ആയിരിക്കും ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോള്‍ഡബിള്‍ ഐഫോണ്‍ എപ്പോള്‍ പുറത്തിറക്കും ?

ഫോള്‍ഡബിള്‍ ഐഫോണ്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ആപ്പിള്‍ നടത്തിയിട്ടില്ല. 2026 ല്‍ ഫോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമ്പനി നിലവില്‍ ഫോണിന്റെ ഹിഞ്ച് സംവിധാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണെന്നും അതിനാല്‍ 2027 വരെ എങ്കിലും വൈകാനിടയുണ്ടെന്നാണ് ചില അനലിസ്റ്റുകള്‍ പറയുന്നത്.