തങ്ങളുടെ കാഴ്ചക്കാരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തെളിമയോടെ, കുലുക്കമേശാത്ത വീഡിയോ റെക്കോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് വ്ളോഗര്‍മാര്‍. അവര്‍ക്ക് അനുയോജ്യമായ ക്യാമറകള്‍ എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്നതും അതിവേഗം എടുത്തു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതും ആയിരിക്കണം. പുറംലോക കാഴ്ചകള്‍ ഒപ്പിയെടുക്കുമ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷൂട്ട് ചെയ്യുമ്പോഴും അവ മികവു പുലര്‍ത്തുകയും വേണം.

To advertise here,

എന്താണ് വ്ളോഗിങ്?

വീഡിയോ, ബ്ലോഗിങ് എന്നീ രണ്ടു വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് വ്ളോഗിങ് എന്ന വാക്ക് സൃഷ്ടിച്ചിരിക്കുന്നത് എന്നറിയാമല്ലോ. ഇപ്പോളാകട്ടെ, സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളുടെ അകമ്പടിയോടെയുള്ള അഭിപ്രായ പ്രകടനം, അഥവാ വ്ളോഗിങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പ്രായഭേദമന്യേ വര്‍ധിക്കുകയാണ്. ബ്ലോഗ് എഴുത്തു പോലെയല്ല, ഏതാനും ചില ഉപകരണങ്ങളെങ്കിലും ഇല്ലാതെ വ്ളോഗിങ് സാധ്യമല്ല. അതിന് ഒരു ക്യാമറ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ എങ്കിലും ചെയ്യണം. എക്സ്റ്റേണല്‍ മൈക്രോഫോണും എഡിറ്റിങ് സോഫ്റ്റ്​വെയറും വേണ്ടിവരാം.

ലളിതമായ രീതിയില്‍ വ്ളോഗിങ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ പരിഗണിക്കാവുന്ന നാലു ക്യാമറകള്‍ പരിചയപ്പെടാം. വ്ളോഗിങിന്റെ സാധ്യത ഇനിയെങ്കിലും ഒന്നു പരിശോധിച്ചറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വ്ളോഗിങ് നടത്തുന്നവര്‍ക്കും ഇത് ഉപകാരപ്പെടും. കുറഞ്ഞത് 4k റെസലൂഷനിലെങ്കിലും ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന, ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മോഡലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ആദ്യം പരീക്ഷിച്ചു നോക്കാന്‍ നല്ലത് സ്മാര്‍ട്ട്ഫോണ്‍ തന്നെ

അധികം പണച്ചെലവില്ലാതെ വ്ളോഗിങ് പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പരിഗണിക്കേണ്ടത് സ്മാര്‍ട്ട്ഫോണ്‍ തന്നെയാണ്. താങ്ങാവുന്ന വിലയുള്ള ഫോണ്‍. മിക്ക ഫോണുകളിലും പകര്‍ത്തുന്ന വീഡിയോയും ഓഡിയോയും അതില്‍ തന്നെ എഡിറ്റും ചെയ്യാം. അതേസമയം, പണം ഒരു പ്രശ്നമല്ല, വീഡിയോ റെക്കോഡിങിനെക്കുറിച്ചും എഡിറ്റിങിനെക്കുറിച്ചുമൊക്കെ ധാരണ ഉണ്ടാക്കിക്കഴിഞ്ഞെങ്കില്‍ ക്യാമറകള്‍ തന്നെ വാങ്ങാം. അവയുടെ ശേഷി ഉപയോഗിക്കാൻ കഴിവുണ്ടെങ്കില്‍ ക്യാമറകളില്‍ നിന്നു ലഭിക്കുന്ന വീഡിയോയ്ക്ക് പൊതുവെ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ കൂടുതല്‍ ഗുണമേന്മ കിട്ടേണ്ടതാണ്.

1. ഡിജെഐ ഓസ്മോ പോക്കറ്റ് 3

ഗിംബലിന്റെ ശേഷിയും കൊച്ചു ക്യാമറയും ഒരുമിപ്പിച്ചിരിക്കുകയാണ് ഡിജെഐ ഓസ്മോ പോക്കറ്റ് 3 എന്ന മോഡലില്‍. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വിഡിയോ റെക്കോഡ് ചെയ്തുവന്നവര്‍ക്കും തുടക്കക്കാര്‍ക്കും ഇതിനേക്കാള്‍ മികച്ച അധികം ക്യാമറകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ഉണ്ടായേക്കില്ല. ഗിംബള്‍ ഇല്ലാതെ ഷൂട്ടുചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ഫുട്ടേജില്‍ കണ്ടേക്കാവുന്ന തരം വിറയലും കുലുക്കലും കുറച്ച്, വിഡിയോ പകര്‍ത്താമെന്നതാണ് പോക്കറ്റ് 3യുടെ പ്രധാന ഗുണം.

ഐഫോണ്‍ അടക്കം മിക്ക സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളിലും ഇല്ലാത്തത്ര വലിപ്പമുള്ള 20എംപി റെസലൂഷനുള്ള, 1-ഇഞ്ച് (ടൈപ് 1) സീമോസ് സെന്‍സറാണ് പോക്കറ്റ് 3യുടെ കരുത്ത്. ഉപയോഗിക്കാന്‍ എളുപ്പമുള്ളതിനാല്‍, വലിയ സെന്‍സറുകളുള്ള പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് വ്ളോഗിങ് നടത്തുന്നവര്‍ പോലും ഷൂട്ടു ചെയ്യാന്‍ പോക്കറ്റ് 3 ഒപ്പം കൊണ്ടു നടക്കാറുണ്ട്. സെക്കന്‍ഡില്‍ 60പി 4കെ വിഡിയോ റെക്കോഡിങ്; 120പി സ്ലോമോഷന്‍. തുടക്കക്കാര്‍ക്കും, പ്രൊഫഷണലുകള്‍ക്കും അനായാസം പ്രയോജനപ്പെടുത്താവുന്ന ഫീച്ചറുകള്‍. 10-ബിറ്റ് ഡി-ലോഗ് എം, എച്ച്എല്‍ജി എച്ച്ഡിആര്‍ റെക്കോഡിങ്. സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍സ്റ്റാൾ ചെയ്യാവുന്ന ഡിജെഐ ഫ്ളൈ ആപ്പ് തന്നെ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാം. ലൈറ്റ്കട്ട് (LightCut) എഐ ആപ്പ് പ്രയോജനപ്പെടുത്തിയാല്‍ ഗുണം കിട്ടുമെന്ന് ഡിജെഐ പറയുന്നു.

മേന്മകള്‍

  • കൊണ്ടുനടക്കാന്‍ എളുപ്പം
  • മികച്ച വീഡിയോ ഫുട്ടേജ്
  • തരക്കേടില്ലാത്ത ഡൈനാമിക് റേഞ്ച്
  • തരക്കേടില്ലാത്ത സബ്ജക്ട് ട്രാക്കിങ്
  • മികച്ച ഓഡിയോയ്ക്ക് ഡിജെഐ മൈക്ക് 2 നോട് സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാം; 32-ബിറ്റ് ഫ്ളോട്ട് ഓഡിയോ

കുറവുകള്‍

  • വെതര്‍ സീലിങ് ഇല്ല. ലോക്കിങ് മെക്കനിസം ഇല്ല. വളരെ സൂക്ഷിച്ച് ഉപയോഗിക്കണം
  • മാറ്റാനാകാത്ത എഫ്2 അപര്‍ച്ചര്‍, 20എംഎം വൈഡ് ഫോക്കല്‍ ലെങ്ത് മാത്രം. ഇത്ര വൈഡ് പോകുന്നതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ വീഡിയോകൾ വികൃതമായേക്കാം
  • ചെറിയ സ്‌ക്രീന്‍
  • ഡീഫോള്‍ട്ട് സെറ്റിങ്സില്‍ കിട്ടുന്ന വീഡിയോയ്ക്ക് ഷാര്‍പ്പ്നസ് കൂടുതലായി തോന്നിയേക്കാം
  • വളരെ സ്പീഡില്‍ നടന്ന് ഷൂട്ട് ചെയ്താല്‍ വിഡിയോയ്ക്ക് കുലുക്കം തട്ടാം
  • വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ഉദ്ദേശിച്ച മികവ് ലഭിക്കണമെന്നില്ല
  • പോക്കറ്റ് 4 അധികം താമസിയാതെ പുറത്തിറക്കിയേക്കാം

ഡിജെഐ പോക്കറ്റ് 3 രണ്ട് പാക്കേജുകളില്‍ ലഭിക്കും. എംആര്‍പി 59,990 രൂപ വരുന്ന ക്യാമറ മാത്രമുള്ള പാക്കാണ് ഒന്ന്. ഇത് ഇപ്പോള്‍ 50000 രൂപയ്ക്ക് വില്‍ക്കുന്നു. ഡിജെ ഐ മൈക്ക് 2 ട്രാന്‍സ്മിറ്റര്‍ അടക്കമുള്ള ക്രിയേറ്റര്‍ കോംബോ വേണമെങ്കില്‍ 69,990 രൂപ നല്‍കണം.

2. സോണി സെഡ് വി-1എം2

ഓടിനടന്ന് കണ്ടെന്റ് ഷൂട്ടു ചെയ്യുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണി എളുപ്പമാക്കാനായി സോണി പുറത്തിറക്കിയ ആദ്യ മോഡലായ സോണി സെഡ് വി-1ന്റെ പുതുക്കിയ പതിപ്പാണ് എം2. പോക്കറ്റ് 3യെ പോലെ 1-ഇഞ്ച് സെന്‍സര്‍. 20.1എംപി റെസലൂഷന്‍. പക്ഷേ, മാറ്റാനാകാത്ത 18-50എംഎം സൂം ലെന്‍സ് ഷൂട്ടിങിന് പുതുജീവന്‍ നല്‍കും. പരമ്പരാഗത മിറര്‍ലെസ് ക്യാമറയുടെ കെട്ടും മട്ടും. മികവാര്‍ന്ന ഓട്ടോഫോക്കസ് തുടങ്ങി പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടില്‍റ്റ് ചെയ്യാവുന്ന എല്‍സിഡി. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ 4കെ റെക്കോഡിങ്. 1080പി സ്ലോമോഷന്‍. സെക്കന്‍ഡില്‍ 24 ഫ്രെയിം വരെ ഫോട്ടോയും ഷൂട്ട് ചെയ്യാം.

ഗുണങ്ങള്‍

  • ഭാരം കുറഞ്ഞ ബോഡി
  • എക്സ്റ്റേണല്‍ മൈക്ക് മൗണ്ട് ചെയ്യാനുളള ഷൂ
  • പ്രൊഡക്ട് ഷോകെയ്സ് പോലെയുള്ള ഫീച്ചറുകള്‍

കുറവുകള്‍

  • ദീര്‍ഘനേരം ഉപയോഗിക്കാൻ ഒരു ബാറ്ററി അപര്യാപ്തമാണ്. ഏകദേശം 45 മിനിറ്റ് ആയിരിക്കും ഒരു ചാര്‍ജില്‍ ലഭിക്കുക.
  • എല്‍സിഡിക്ക് മികവു പോരാ.
  • ഹെഡ്ഫോണ്‍ ജാക്ക് ഇല്ല.
  • ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ല.

86,990 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ 71,990 രൂപയ്ക്ക് വില്‍ക്കുന്നു.

3. കാനന്‍ ഇഓഎസ് ആര്‍50 വി

എഡിറ്റിങില്‍ അധിക സമയം ചെലവിടാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് ക്യാനന്‍ ഇഓഎസ് ആര്‍ 50 വി. സോണി സെഡ് വി ഇി സീരിസിന് ബദലായി ഇറക്കിയതാണ് ഇത്. ക്യാനന്‍ വിറ്റുവന്നിരുന്ന ആർ 50 ക്യാമറ, വിഡിയോ ഷൂട്ടര്‍മാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തനം ചെയ്തെടുത്തതാണ് ആർ 50 വി. ഇരു ക്യാമറകളിലും ഒരേ 24.2 എംപി എപിഎസ്-സി സീമോസ് സെന്‍സര്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കാനന്റെ മിറര്‍ലെസ് ക്യാമറാശ്രേണിയായ ആര്‍എഫ് മൗണ്ട് ഉള്‍ക്കൊള്ളിച്ച് ഇറക്കിയിരിക്കുന്ന ഈ മോഡലിന്, 4K യുഎച്ച്ഡി വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം. സ്ലോമോഷന്‍ ഫുള്‍എച്ച്ഡി വിഡിയോ സെക്കന്‍ഡില്‍ 120പി വരെയും റെക്കോഡ് ചെയ്യാം. ചടുലതയാര്‍ന്ന ഓട്ടോഫോക്കസ് വിഡിയോ ഷൂട്ടിങ് എളുപ്പമാക്കുന്നു.

കാനന്‍ ക്യാമറകളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന കളറിനെ പലരും പ്രകീര്‍ത്തിക്കുന്നു. (അതേസമയം, എഡിറ്റിങ് നടത്തിയാല്‍ മിക്ക ക്യാമറകളില്‍ നിന്നും ലഭിക്കുന്ന കളര്‍ മാറ്റിയെടുക്കാം.) ലെന്‍സ് മാറ്റി മാറ്റി ഉപയോഗിക്കാവുന്ന ക്യാമറയാണിത്. അഡാപ്റ്റര്‍ ഉപയോഗിച്ച് കാനന്റെ തന്നെ ഇഎഫ് ലെന്‍സുകളും മറ്റും ഉപയോഗിക്കാം. പ്രൈം ലെന്‍സുകളോ വൈഡ് അപര്‍ചര്‍ സൂമുകളോ ഉപയോഗിച്ചാല്‍ പശ്ചാത്തലം മാറ്റി പ്രൊഫഷണല്‍ ലുക്ക് കൊണ്ടുവരാം. ഒപ്പം ലഭിക്കുന്ന കിറ്റ് ലെന്‍സിന് പരിമിതിയുണ്ട്.

കാനന്‍ ആര്‍ 50 വി മേന്മകള്‍

  • ചെറിയ ബോഡി, അതിന് 375 ഗ്രാം ഭാരം മാത്രം
  • 3-ഇഞ്ച് ടച്ച്സ്‌ക്രീന്‍ (ഫ്ളിപ്പ്ഔട്ട്)
  • ഡിജിക്ക് എക്സ് പ്രൊസസര്‍
  • കാനന്‍ ലോഗ് 3, 10 ബിറ്റ് 4:2:2 വിഡിയോ
  • താരതമ്യേന മികച്ച ബാറ്ററി ലൈഫ്
  • ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗച്ച് സെക്കന്‍ഡില്‍ 15 ഫോട്ടോസ് എടുക്കാം

കുറവുകള്‍

  • വ്യൂഫൈന്‍ഡര്‍ ഇല്ല.
  • ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ല.
  • മെക്കാനിക്കല്‍ ഷട്ടര്‍ ഇല്ല.

എംആര്‍പി 79,995 രൂപയുള്ള ഈ മോഡല്‍ ഇപ്പോള്‍ 67,990 രൂപയ്ക്ക് കിറ്റ് ലെന്‍സ് അടക്കം വാങ്ങാം.

4. സോണി സെഡ് വി ഇ10 എം2

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ക്യാമറകളിലൊന്നാണ് സോണി സെഡ് വി ഇ10 മാര്‍ക്ക് 2. വിഡിയോ ഷൂട്ടര്‍മാര്‍ക്ക് വേണ്ട ഫീച്ചറുകള്‍ കുത്തിനിറച്ച് ഇറക്കിയിരിക്കുന്ന മോഡല്‍. 26എംപി എപിഎസ്-സി സീമോസ് സെന്‍സര്‍. സോണിയുടെ ഏറ്റവും മികച്ച ക്രോപ് സെന്‍സര്‍ ക്യാമറയായ എ 6700ന്റെ വില കുറഞ്ഞ പതിപ്പ്. എ 6700നെ അപേക്ഷിച്ച് ഫീച്ചറുകളിലും കുറവുണ്ട്. ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍, ബിറ്റ് റേറ്റ്, സ്ലോമോ വിഡിയോ റെക്കോഡിങ് ശേഷി, വ്യൂഫൈന്‍ഡറും മെക്കാനിക്കല്‍ ഷട്ടറുമില്ല, അല്‍പ്പം മോശം ഓട്ടോഫോക്കസ്, അല്‍പ്പം മോശം ഇന്റേണല്‍ ഓഡിയോ റെക്കോഡിങ് തുടങ്ങിയവ ഒഴിച്ചാല്‍ എ 6700നെ അനുസ്മരിപ്പിക്കുന്ന പ്രകടനം പ്രതീക്ഷിക്കാം. ആവശ്യാനുസരണം ലെന്‍സുകള്‍ വാങ്ങി മാറിമാറി ഉപയോഗിച്ച് വിവിധ എഫക്ടുകള്‍ കൊണ്ടുവരാം.

മേന്മകള്‍

  • മികച്ച ഓട്ടോഫോക്കസ്.
  • സോണിയുടേതും തേഡ് പാര്‍ട്ടി നിര്‍മ്മാതാക്കളുടേതും അടക്കം ലെന്‍സുകളുടെ പ്രളയം.
  • മികച്ച പ്രകടനം.
  • ആല്‍ഫാ കമ്യൂണിറ്റിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 2+1 എക്സ്റ്റന്‍ഡഡ് വാറന്റി.
  • വെര്‍ട്ടിക്കല്‍ ഷൂട്ടിങ്.

കുറവുകള്‍

  • അധികനേരം ഷൂട്ട് ചെയ്താല്‍ ബോഡി ചൂടാകുന്നു എന്നതാണ് പ്രധാന പരാതികളിലൊന്ന്, പ്രത്യേകിച്ചും 4കെ 60പി, 10-ബിറ്റ് 4:2:2. ചൂടായാല്‍ തണുക്കാന്‍ കാത്തിരിക്കേണ്ടി വരും.
  • ഐബിസ് ഇല്ല
  • അതിവേഗം പോകുന്ന സബ്ജക്ടുകളെ ഷൂട്ടു ചെയ്യുമ്പോഴും പാനിങിലുമൊക്കെ റോളങ് ഷട്ടര്‍ പ്രശ്നം പ്രകടമാണ്
  • ഒറ്റ കാര്‍ഡ് സ്ലോട്ട് മാത്രം

ബോഡി മാത്രം മതിയെങ്കില്‍ എംആര്‍പി 94,990 രൂപയുള്ള സെഡ് വി ഇ10 എം2 മോഡല്‍ 75,990 രൂപയ്ക്കു വാങ്ങാം. കിറ്റ് ലെന്‍സ് ഒപ്പം വേണമെങ്കില്‍ 92,490 രൂപ നല്‍കണം.

ബോണസ് മോഡല്‍/ പാനസോണിക് ജി7

ഒരു വലിയ ന്യൂനത മറികടക്കാനായാല്‍ ഇന്നും മികച്ച 4കെ ഫുട്ടേജ് തരുന്ന ക്യാമറയാണ് ഏകദേശം 10 കൊല്ലം മുമ്പ് ആദ്യമായി ഇറക്കിയ പാനസോണിക് ജി 7. 16എംപി സീമോസ് സെന്‍സറാണ് ഇതിലുളളത്. (വീഡിയോ റെക്കോഡിങ്ങിന് അധികം റെസലൂഷന്‍ വേണ്ട എന്നതിന്റെ തെളിവാണല്ലോ, ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച ശ്രേണികളിലൊന്നായ സോണി എ7 എസ് സീരിസ്. കേവലം 12എംപി റെസലൂഷന്‍ ഉള്ള സെന്‍സറാണ് അതില്‍.) പാനസോണിക് ജി7ന്റെ പ്രധാന ന്യൂനത അതിന്റെ ഓട്ടോഫോക്കസ് ആണ്. മാന്യുവലായി ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ജി7 പരിഗണിക്കാം. താരതമ്യേന വിലയും കുറവ്. ഏകദേശം 42,000 രൂപ. എന്നാല്‍, ക്യാമറയുടെ ഓട്ടോഫോക്കസിനെ ആശ്രയിക്കാന്‍ ശ്രമിച്ചാല്‍ ഇച്ഛാഭംഗത്തില്‍ കലാശിച്ചേക്കാം.