ന്യൂഡൽഹി: യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നാവികസേന കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്നതും ബ്രഹ്‌മോസ് മിസൈലിന്റെ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ പുതിയ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാനൊരുങ്ങുന്നത്. വിമാനവാഹിനി കപ്പലുകളെ തകർക്കാൻ സാധിക്കുന്ന 1500 കിലോ മീറ്റർ ദൂരം വരെ പ്രഹരപരിധിയുള്ള ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ നേരത്തെ വികസിപ്പിച്ചിരുന്നു. ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് ഹൈപ്പർസോണിക് മിസൈൽ ( LR-AShM) മിസൈലായ ഇതിന് 12 ടണ്ണോളം ഭാരമുണ്ട്. മാത്രമല്ല, കരയിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഇത്രയും ഭാരമുള്ള മിസൈൽ സാധാരണ യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാനാകില്ല. ഈ പ്രശ്‌നം പരിഹരിക്കാനും വളരെ പെട്ടെന്ന് ശത്രുവിനെതിരെ ആക്രമണം നടത്താൻ യുദ്ധക്കപ്പലുകളെ പ്രാപ്തമാക്കാനുമായാണ് പുതിയ മിസൈൽ വികസിപ്പിക്കാനൊരുങ്ങുന്നത്.
യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കുന്ന തരത്തിൽ പരമാവധി മൂന്ന് ടൺ ഭാരമുള്ള മിസൈൽ വികസിപ്പിക്കാനാണ് ഡിആർഡിഒയുടെ പദ്ധതി. നിലവിലുള്ള ബ്രഹ്‌മോസ് ലോഞ്ചറുകളിൽ മാറ്റങ്ങൾ വരുത്താതെതന്നെ ഈ പുതിയ മിസൈൽ ഉപയോഗിക്കാനാകും. ഇത് ചെലവ് കുറയ്ക്കാനും വേഗത്തിൽ സേനയുടെ ഭാഗമാക്കാനും സഹായിക്കും. പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച ഏവിയോണിക്‌സ്, സെൻസർ പാക്കേജുകൾ എന്നിവയാകും ഇതിൽ ഉപയോഗിക്കുക. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഈ മിസൈലുകൾക്ക് സഞ്ചാരപഥത്തിൽ അപ്രതീക്ഷിതമായി മാറ്റം വരുത്താനും സാധിക്കും. അതിനാൽ ഇവയുടെ സഞ്ചാരപഥം ഗണിച്ചെടുത്ത് പ്രതിരോധിക്കുക എന്നത് ദുഷ്‌കരമാണ്. ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഹൈപ്പർ സോണിക് സാങ്കേതികവിദ്യ സഹായിക്കുന്നു. ചലിക്കുന്ന യുദ്ധക്കപ്പലുകളെയും നിശ്ചലമായ ലക്ഷ്യങ്ങളെയും ഒരേപോലെ തകർക്കാൻ ഇതിന് ശേഷിയുണ്ടാകും.
പുതിയ മിസൈൽ വരുന്നതോടെ നാവികസേനയുടെ പ്രഹരശേഷി വർധിക്കും. നിലവിൽ ബ്രഹ്‌മോസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകൾക്ക് അതിനേക്കാൾ മാരകമായ ഹൈപ്പർ സോണിക് മിസൈൽ പ്രയോഗിക്കാനുള്ള ശേഷിയും കൈവരും. പദ്ധതിയുടെ പരീക്ഷണ തീയതികളോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ നിലവിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വരുംവർഷങ്ങളിൽ മിസൈൽ സേനയുടെ ഭാഗമാക്കുന്ന തരത്തിലാണ് ഗവേഷണം മുന്നേറുന്നത്.
ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഹൈപ്പർ സോണിക് മിസൈലുകൾ വിന്യസിച്ച രാജ്യങ്ങൾ. ഇന്ത്യ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള ഫത്ത മിസൈൽ ഹൈപ്പർ സോണിക് ആണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. നോർത്ത് കൊറിയയും ഹൈപ്പർ സോണിക് മിസൈൽ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്.
Content Highlights: India`s DRDO is developing a new ship-launched hypersonic missile, enhancing naval strike capabilities. Learn about this game-changing defense technology.
Published: 29 Jan 2026, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented