ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാൻ പുതിയ തലമുറ ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ. നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും ദൂരപരിധിയുള്ള അഗ്നി-5 (Agni-V) മിസൈലിനേക്കാൾ കരുത്തുള്ളതും എന്നാൽ ഭാരം കുറഞ്ഞതുമായ മിസൈലാണ് പുതുതായി വികസിപ്പിക്കുന്നത്. അതീവ രഹസ്യമായി നടക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പുതിയ മിസൈൽ കൂടുതൽ വേഗതയുള്ളതും റോഡിലൂടെ എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതുമായിരിക്കുമെന്നാണ് സൂചനകൾ.

To advertise here,

റഷ്യയുടെ എസ്-500, അമേരിക്കയുടെ ഥാഡ്, ചൈനയുടെ എച്ച്.ക്യു-19 തുടങ്ങിയ ലോകത്തെ മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പോലും വെട്ടിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാകും മിസൈൽ വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി മാനുവറബിൾ റീ-എൻട്രി വെഹിക്കിൾസ് (MaRVs), റഡാറുകളെ കബളിപ്പിക്കാനുള്ള അത്യാധുനിക ഡീകോയ്, റഡാർ ആഗിരണം ചെയ്യുന്ന കോട്ടിങ്ങുകൾ എന്നിവ ഉപയോഗിക്കുമെന്നാണ് വിവരം.
ഈ പുതിയ മിസൈലിന് 10 മുതൽ 12 വരെ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മിസൈൽ 10,000 കിലോമീറ്ററിലധികം ദൂരപരിധി കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം.

അഗ്‌നി-5 മിസൈലിന് 5,000-5,500 കിലോമീറ്റർ ദൂരപരിധിയാണ് ഉള്ളതെങ്കിലും, ഭാരം കുറഞ്ഞ പോർമുനകൾ ഉപയോഗിച്ചാൽ അതിന് 7,000 മുതൽ 8,000 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ സാധിക്കും. എന്നാൽ പുതിയ മിസൈൽ ഇതിന്റെ ഇരട്ടി ദൂരപരിധി വരെ ലക്ഷ്യമിടുന്നുണ്ട്. 2025ൽ പുതിയ മിസൈലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

സമുദ്രത്തിനടിയിൽ നിന്ന് വിക്ഷേപിക്കുന്ന കെ-5 (K-5), കെ-6 (K-6) എന്നീ എസ്.എൽ.ബി.എം മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഈ പുതിയ മിസൈലിലും ഉപയോഗിക്കുന്നത്. അന്തർവാഹിനികളിൽ മിസൈൽ വിക്ഷേപണ കുഴലുകളിലാണ് മിസൈലുകൾ സൂക്ഷിക്കുന്നത്. അന്തർവാഹിനികളിൽ ഉപയോഗിക്കാനായി കെ-5 മിസൈലുകൾ വലിപ്പം കുറഞ്ഞ രീതിയിലാണ് വികസിപ്പിച്ചത്. ഇതേ സാങ്കേതിക വിദ്യ പുതിയ മിസൈലിനുമുണ്ടാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ മിസൈലിനെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

നിലവിൽ അഗ്നി-5-ന് ഏകദേശം 50 ടൺ ഭാരമാണുള്ളത്. എന്നാൽ പുതിയ മിസൈലിന് ഏകദേശം 40 ടൺ ഭാരമേ ഉണ്ടാകൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാരം കുറവാണെങ്കിലും അഗ്നി-5നേക്കാൾ ഇരട്ടി ദൂരപരിധി കൈവരിക്കാൻ ഈ പുതിയ മിസൈലിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മിസൈലിന്റെ ഭാരം കുറയുന്നത് അതിന്റെ പ്രഹരശേഷിയെ ബാധിക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. മൂന്ന് ടണ്ണോളം ഭാരം വരുന്ന പോർമുനകൾ വഹിക്കാൻ ഇതിന് ശേഷിയുണ്ടാകുമെന്നാണ് കരുതുന്നത്.

ഭാരം കുറയ്ക്കുന്നതിനായി സ്റ്റീൽ ഭാഗങ്ങൾക്ക് പകരം അത്യാധുനിക 'കോമ്പോസിറ്റ് മെറ്റീരിയലുകളാണ്' മിസൈലിൽ ഉപയോഗിക്കുന്നത്. ഇത് മിസൈലിന്റെ ഭാരത്തിൽ 20 ശതമാനത്തിലധികം കുറവ് വരുത്താൻ സഹായിക്കും. മിസൈലിന്റെ എൻജിൻ കവചങ്ങളിലും മറ്റും ഇത്തരം ഭാരം കുറഞ്ഞ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് വഴി ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ ദൂരേക്ക് സഞ്ചരിക്കാനും മിസൈലിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റോഡിലൂടെ സഞ്ചരിക്കാവുന്ന വിക്ഷേപണ വാഹനങ്ങളിൽ ഇത് എളുപ്പത്തിൽ വിന്യസിക്കാം. മിസൈലുകളുടെ വലിപ്പവും ഭാരവും കുറയുന്നതോടെ അവ ശത്രുക്കളുടെ നിരീക്ഷണ ഉപഗ്രഹങ്ങളുടെ കണ്ണിൽപ്പെടാതെ മാറ്റാൻ സാധിക്കും. ഇത് ശത്രുക്കളുടെ അപ്രതീക്ഷിത ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രതിരോധ സംവിധാനം സംരക്ഷിക്കാനും ഇന്ത്യയെ സഹായിക്കും. ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും, ഇത് അഗ്‌നി-6 അല്ലെങ്കിൽ ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന സൂര്യ മിസൈൽ പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചനകൾ.