അമേഠി: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യ. സായുധ സേനയ്ക്കായി റഷ്യൻ റൈഫിളായ എ.കെ.203 നിർമിക്കുന്ന ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) ആണ് നിർണായകനേട്ടം കൈവരിച്ചത്. ഔദ്യോഗികമായി 'ഷേർ' എന്ന് നാമകരണം ചെയ്ത എ.കെ.203 അസോൾട്ട് റൈഫിളുകളുടെ 100 ശതമാനം തദ്ദേശീയവൽക്കരണം കമ്പനി വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഉത്തർപ്രദേശിലെ അമേഠിയിലുള്ള കോർവ പ്ലാന്റിൽ പൂർണ്ണതോതിലുള്ള നിർമ്മാണത്തിന് വഴിതുറന്നിരിക്കുകയാണ്.

To advertise here,

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 10 പ്രോട്ടോടൈപ്പ് റൈഫിളുകൾ വിപുലമായ പരീക്ഷണങ്ങൾക്കായി ഒരു മാസത്തിനകം ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഫാക്ടറിയിൽവെച്ച് ഈ പ്രോട്ടോടൈപ്പ് റൈഫിളുകൾ ഇതിനകംതന്നെ 3,000 തവണ വിജയകരമായി പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ഐ.ആർ.ആർ.പി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മേജർ ജനറൽ എസ്.കെ. ശർമ്മ വ്യക്തമാക്കി.

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച റൈഫിളുകളുടെ വിതരണം 2027 ഏപ്രിൽ മുതൽ ആരംഭിക്കും. നേരത്തെ 100% തദ്ദേശീയമായ റൈഫിൾ നിർമ്മാണം 2025 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിൽ കാലതാമസം നേരിട്ടിരുന്നു. എങ്കിലും ഓർഡർ നൽകിയിട്ടുള്ള റൈഫിളുകളുടെ വിതരണം കൃത്യസമയത്ത് തന്നെ നടക്കുമെന്നും, നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഓർഡർ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

സൈന്യത്തിന് കൈമാറുന്ന 10 പ്രോട്ടോടൈപ്പ് റൈഫിളുകൾ ഒരേസമയം വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. യൂസർ ട്രയലുകൾ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് (DGQA) വിലയിരുത്തലുകൾ, മിലിട്ടറി ഇൻഫൻട്രി ട്രയൽസ് (MIT), കഠിനമായ വേനൽക്കാലത്തെയും ഉയർന്ന മലനിരകളിലെയും കാലാവസ്ഥാ പരീക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനൊപ്പം തന്നെ തദ്ദേശീയമായി നിർമ്മിച്ച ഭാഗങ്ങൾ വെണ്ടർമാരിൽനിന്ന് സ്വീകരിച്ച് അസംബ്ലിംഗ് പ്രക്രിയ ആരംഭിക്കുമെന്നും തങ്ങളുടെ റൈഫിളിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും മേജർ ജനറൽ ശർമ്മ പറഞ്ഞു.

2027 ഏപ്രിൽ മുതൽ ആദ്യ മൂന്ന് മാസങ്ങളിൽ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 7,000 റൈഫിളുകൾ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിന് ശേഷമായിരിക്കും പൂർണ്ണതോതിലുള്ള ഉത്പാദനത്തിലേക്ക് കടക്കുക. സാങ്കേതികവിദ്യാ കൈമാറ്റ പ്രകാരം ഇന്ത്യയിൽ അസംബിൾ ചെയ്ത 55,000 എകെ-203 റൈഫിളുകൾ ഇന്ത്യൻ സൈന്യത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്. കൂടാതെ 7,500 റൈഫിളുകൾ കൂടി ഫാക്ടറിയിൽ തയ്യാറായിക്കഴിഞ്ഞു. 5 ശതമാനം മുതൽ 70 ശതമാനം വരെ തദ്ദേശീയവൽക്കരണം ലക്ഷ്യമിട്ട ആദ്യ ഘട്ടത്തിലെ 70,000 റൈഫിളുകളുടെ ഭാഗമാണിത്.

ഈ റൈഫിളിന്റെ പ്രധാനപ്പെട്ട 50 ഘടകങ്ങളും 180 അനുബന്ധ ഭാഗങ്ങളും തദ്ദേശീയമായി നിർമ്മിക്കുക എന്നത് വലിയൊരു എഞ്ചിനീയറിംഗ് വെല്ലുവിളിയായിരുന്നു. റഷ്യൻ സൈനിക നിലവാരത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ സ്‌പെസിഫിക്കേഷനുകൾ ഇന്ത്യൻ മാനദണ്ഡങ്ങളിലേക്ക് മാറ്റിയെടുക്കുക എന്നതായിരുന്നു ഇതിൽ നേരിട്ട പ്രധാന വെല്ലുവിളി. 2024 പകുതിയോടെ മൂന്ന് തവണകളായി റഷ്യയിൽ നിന്ന് ലഭിച്ച 90,000 പേജുകളുള്ള സാങ്കേതിക രേഖകൾ അടിസ്ഥാനമാക്കിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനായി പ്രാദേശിക വിതരണക്കാർക്ക് 120 ഓളം നിർമ്മാണ പ്രക്രിയകളിൽ വൈദഗ്ദ്ധ്യം നേടേണ്ടതായും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത 1,600 പ്രിസിഷൻ ഗേജുകൾ തദ്ദേശീയമാക്കേണ്ടതായും വന്നു. സ്‌പെഷ്യലൈസ്ഡ് മെറ്റൽ സ്റ്റാമ്പിംഗും മെഷീനിംഗും ആവശ്യമുള്ള റിസീവർ അസംബ്ലി അടുത്തിടെയാണ് വിജയകരമായി പൂർത്തിയാക്കിയത്.

നിലവിൽ അമേഠിയിലെ പ്ലാന്റിൽ ഓരോ 100 സെക്കൻഡിലും ഒരു റൈഫിൾ വീതം (മണിക്കൂറിൽ 36 എണ്ണം) നിർമ്മിക്കാനുള്ള സൗകര്യമുണ്ട്. അടുത്ത വർഷം ആദ്യം മുതൽ ഇവിടെ ഡബിൾ ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കും. ഇതോടെ പ്രതിദിന ഉത്പാദനം 600 റൈഫിളുകളായും പ്രതിമാസ ഉത്പാദനം 12,000 ആയും ഉയരും. ഇതുവഴി പ്രതിവർഷം ഏകദേശം 1.5 ലക്ഷം റൈഫിളുകൾ നിർമ്മിക്കാൻ സാധിക്കും. കരാർ പ്രകാരം 2032-ഓടെ ഇന്ത്യൻ സായുധ സേനയ്ക്ക് 6 ലക്ഷത്തിലധികം എകെ-203 റൈഫിളുകൾ നൽകേണ്ടതുണ്ട്. പുതിയ ഉത്പാദന രീതിയിലൂടെ നിശ്ചയിച്ച സമയ പരിധിയേക്കാൾ ഒരു വർഷം മുമ്പ്, അതായത് 2030 അവസാനത്തോടെയോ 2031 ആദ്യത്തോടെയോ മുഴുവൻ ഓർഡറും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണനയെങ്കിലും വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും ഐ.ആർ.ആർ.പി.എൽ പദ്ധതിയിടുന്നുണ്ട്. ഇതിനകംതന്നെ അന്താരാഷ്ട്ര തലത്തിൽ 1.5 ലക്ഷത്തിലധികം റൈഫിളുകൾക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെയും ബോർഡിന്റെയും അനുമതിയോടെ ഇവ കയറ്റുമതി ചെയ്യാം. ഇതോടൊപ്പം എ.കെ.19 അസോൾട്ട് റൈഫിളുകൾ, പി.പി.കെ.20 സബ്‌മെഷീൻ ഗണ്ണുകൾ എന്നിവ അമേഠിയിലെ ഫാക്ടറിയിൽ റഷ്യൻ പങ്കാളികളുമായി സഹകരിച്ച് നിർമ്മിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. എകെ-203 റൈഫിളുകളുടെ മെറ്റലർജി പരിഷ്‌കരിക്കാനും ഹോളോ ബട്ട്‌സ്റ്റോക്ക് ഡിസൈൻ ഉൾപ്പെടുത്താനുമുള്ള പദ്ധതികളും നിലവിലുണ്ട്.