ന്യൂഡൽഹി: തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ടാങ്ക് വേധ ഗൈഡഡ് മിസൈലായ 'ധ്രുവാസ്ത്ര' സൈന്യത്തിൽ ഉൾപ്പെടുത്താൻ പൂർണ സജ്ജമായതായി റിപ്പോർട്ടുകൾ. ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാവുന്ന ഈ മിസൈൽ, ലഡാക്ക് പോലുള്ള ഉയർന്ന മലനിരകളിലെ യുദ്ധസാഹചര്യങ്ങളിൽ ശത്രുക്കളുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകർക്കാൻ ശേഷിയുള്ളതാണ്. മിസൈൽ വിക്ഷേപിച്ചുകഴിഞ്ഞാൽ ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള മിസൈലാണ് ധ്രുവാസ്ത്ര. അതിനാൽ വിക്ഷേപിച്ച് കഴിഞ്ഞാൽ ഹെലികോപ്റ്ററിലെ പൈലറ്റിന് വേഗത്തിൽ പിന്മാറാൻ അവസരം ലഭിക്കും. ഇത് ഹെലികോപ്റ്ററുകൾ ശത്രുവിന്റെ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം കുറയ്ക്കും.

To advertise here,

ആധുനിക ടാങ്കുകളുടെ താരതമ്യേന ബലഹീനമായ മുകൾഭാഗത്തെ കവചത്തിന് പുറമെ 800 മില്ലീമീറ്റർ കനം വരെയുള്ള കവചങ്ങൾ തുളച്ചുകയറാൻ ധ്രുവാസ്ത്രയ്ക്ക് ശേഷിയുണ്ട്. ഏകദേശം 7 കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും. ഏകദേശം 43 കിലോഗ്രാം മാത്രം ഭാരമുള്ള ഈ മിസൈൽ ഹിമാലയം പോലുള്ള സാന്ദ്രത കുറഞ്ഞ വായുവിലും ഹെലികോപ്റ്ററിന്റെ പറക്കലിനെ ബാധിക്കാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രുദ്ര, പ്രചണ്ഡ് എന്നീ അറ്റാക്ക് ഹെലികോപ്റ്ററുകളിൽ ധ്രുവാസ്ത്ര ഘടിപ്പിക്കും.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ധ്രുവാസ്ത്ര വികസിപ്പിച്ചത്. ടാങ്ക് വേധ മിസൈലായ നാഗാസ്ത്രയുടെ ഭാഗമായാണ് ഈ മിസൈലും വികസിപ്പിച്ചത്. നാഗ് മിസൈലിന്റെ വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന പതിപ്പാണ് ധ്രുവാസ്ത്ര. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കൊങ്കുർസ് (Konkurs), മിലാൻ (MILAN) മിസൈലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ധ്രുവാസ്ത്രയുടെ വരവ് സഹായിക്കും. 2023 സെപ്റ്റംബറിൽ, വ്യോമസേനയ്ക്കായി 200-ലധികം ധ്രുവാസ്ത്ര മിസൈലുകൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഏകദേശം 700 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. സേനയ്ക്കായി തുടക്കത്തിൽ 500 മിസൈലുകളും 40 ലോഞ്ചർ സിസ്റ്റങ്ങളും നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.