മോസ്‌കോ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി. ഗുകേഷ് കിരീടം ചൂടിയതിന് പിന്നാലെ എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന് ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍. റഷ്യന്‍ ചെസ് ഫെഡറേഷന്റെ തലവന്‍ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അന്വേഷണം നടത്തണമെന്നും ആന്ദ്രെ ഫിലാത്തോവ് ആവശ്യപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

'അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രൊഫഷണലുകളിലും ആരാധകരിലും അമ്പരപ്പുണ്ടാക്കി. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലെ ചൈനീസ് താരത്തിന്റെ പ്രവൃത്തികള്‍ അങ്ങേയറ്റം സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം. ഡിങ് ലിറന്‍ തോല്‍വിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തില്‍ ഒരു ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ചൈനീസ് താരത്തിന്റെ തോല്‍വി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ബോധപൂര്‍വമായ ഒന്നായി തോന്നുകയും ചെയ്യുന്നു.'- ഫിലാത്തോവ് ആരോപിച്ചു. 

നേരത്തെ, സമനിലയിലേക്ക് നീങ്ങുമെന്ന് കളിവിദഗ്ദര്‍ വിലയിരുത്തിയ ഗെയിമില്‍ അട്ടിമറിവിജയം നേടിയാണ് ഡി. ഗുകേഷ് ലോക ചെസ് കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത്.  14 ഗെയിമുള്ള ഫൈനലിലെ 13 ഗെയിം കഴിഞ്ഞപ്പോള്‍ ഇരുതാരങ്ങളും ആറര പോയിന്റുവീതംനേടി തുല്യനിലയിലായിരുന്നു. അവസാനത്തെ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍, സമയസമ്മര്‍ദത്തില്‍ ചൈനീസ് താരത്തിന് 55-ാം നീക്കം പിഴച്ചു. എതിരാളിയുടെ അബദ്ധം മുതലെടുത്ത് ഗുകേഷ് വിജയത്തിലേക്കുമുന്നേറി.