യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ മലയാളി താരം എല്‍ദോസ് പോളിന് ഫൈനലില്‍ നിരാശ. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം ശ്രമത്തില്‍ കണ്ടെത്തിയ 16.79 മീറ്ററായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. എങ്കിലും ഒമ്പതാം സ്ഥാനത്താണ് എല്‍ദോസിന് ഫിനിഷ് ചെയ്യാനായത്. മെഡല്‍ നേടാനായില്ലെങ്കിലും തലയുയര്‍ത്തി തന്നെയാണ് യൂജിനില്‍ നിന്ന് എല്‍ദോസ് മടങ്ങുന്നത്.

To advertise here,

17.95 മീറ്റര്‍ കണ്ടെത്തിയ പോര്‍ച്ചുഗലിന്റെ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ പെഡ്രോ റിക്കാര്‍ഡോയ്ക്കാണ് സ്വര്‍ണം. സീസണിലെ മികച്ച ദൂരം കണ്ടെത്തി 17.55 മീറ്റര്‍ ചാടിയ ബുര്‍ക്കിനഫാസോയുടെ ഹ്യൂഗ്‌സ് ഫാബ്രിസ് സാംഗോ വെള്ളി മെഡല്‍ നേടി. 17.31 മീറ്റര്‍ ചാടിയ ചൈനയുടെ യാമിങ് സു വെങ്കലം നേടി.

നേരത്തെ യോഗ്യതാ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 16.99 മീറ്റര്‍ ചാടി എല്‍ദേസ് സ്വര്‍ണം നേടിയിരുന്നു. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനവും ഇത് തന്നെ.