തിരുവനന്തപുരം: തലയിരിക്കുമ്പോൾ മറ്റാരും ആടേണ്ട എന്ന വാശിയിൽ തുടർച്ചയായ രണ്ടാംവട്ടവും ചാമ്പ്യൻ ജില്ലയായി തിരുവനന്തപുരം. തലസ്ഥാനനഗരിയിൽ നടന്ന സംസ്ഥാന കായികമേളയുടെ സമാപനത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ തിരുവനന്തപുരത്തിനേക്കാൾ (1,741 പോയിന്റ്) 898 പോയിന്റ് പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ (843 പോയിന്റ്). കണ്ണൂരാണ് (790 പോയിന്റ്) മൂന്നാംസ്ഥാനത്ത്.

To advertise here,

ആദ്യ രണ്ടുസ്ഥാനങ്ങളിലും മാറ്റമുണ്ടാകില്ല. എന്നാൽ, നാലാം സ്ഥാനത്തുള്ള പാലക്കാടും (756) കണ്ണൂരും തമ്മിൽ മൂന്നാം സ്ഥാനത്തിനായി മത്സരമുണ്ട്.

ജി.വി. രാജാ സ്പോർട്‌സ് സ്‌കൂളിന്റെ ചിറകിലേറിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. 39 സ്വർണവും 13 വെള്ളിയും 22 വെങ്കലവുമടക്കം ജി.വി. രാജായ്ക്ക് 256 പോയിന്റുണ്ട്.

16 സ്വർണവും 12 വെള്ളിയും രണ്ട് വെങ്കലവുമടക്കം 118 പോയിന്റുനേടിയ തുണ്ടത്തിൽ എംവിഎച്ച്എസ്എസും 14 സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 115 പോയിന്റുനേടിയ തിരുവനന്തപുരം സെയ്ന്റ് ജോസഫ് എച്ച്എസ്‌എസും തിരുവനന്തപുരത്തെ ചാമ്പ്യൻ ജില്ലയാക്കുന്നതിൽ നിർണായകമായി. നീന്തൽക്കുളത്തിൽനിന്നു കിട്ടിയ 649 പോയിന്റുകളാണ് തിരുവനന്തപുരത്തെ ഏറെ മുന്നിലെത്തിച്ചത്. നീന്തൽ പൂർത്തിയായതോടെതന്നെ തിരുവനന്തപുരം ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു,

എന്നാൽ, കഴിഞ്ഞതവണ നേടിയ 1,935 പോയിന്റുകളിലേക്ക് എത്തിയില്ല. കഴിഞ്ഞതവണ തിരുവനന്തപുരത്തിന് 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവുമുണ്ടായിരുന്നു. ഇത്തവണ അത് 197 സ്വർണവും 138 വെള്ളിയും 166 വെങ്കലവുമായി. ഓവറോൾ പട്ടികയിൽ കഴിഞ്ഞതവണ മൂന്നാം സ്ഥാനം നേടിയ മലപ്പുറം ഇക്കുറി അഞ്ചാമതായി.