ജോഹര്‍: കരിയറിലെ രണ്ടാം ഇന്നിങ്‌സ് ജയത്തോടെ തുടങ്ങി മുന്‍ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്. അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയിൽ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജൂനിയര്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ജപ്പാനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

To advertise here,

ജപ്പാനെതിരേ മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ആമിര്‍ അലിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ വൈകാതെ ജപ്പാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. 26-ാം മിനിറ്റില്‍ സുബാസ തനാക്കയാണ് സമനില ഗോളടിച്ചത്. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചെങ്കിലും മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. ഗുര്‍ജോത് സിങ്ങ് 36-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 44-ാം മിനിറ്റില്‍ ആനന്ദ് സൗരബ് ലീഡ് വീണ്ടും ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ അങ്കിത് പാല്‍ നാലാം ഗോളും നേടിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. 57-ാം മിനിറ്റില്‍ രകുസെയി രമനകെ ജപ്പാന്റെ രണ്ടാം ഗോള്‍ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.  

പതിനെട്ട് വർഷം ഇന്ത്യയുടെ ഗോൾവലയം കാത്ത ശ്രീജേഷ് രണ്ടു മാസംമുൻപ്‌ പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ശേഷമാണ് കളിയിൽനിന്ന് വിരമിച്ചത്. അതിനുശേഷം ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനായി കഴിഞ്ഞമാസം ചുമതലയേൽക്കുകയും ചെയ്തു. ടൂർണമെന്റിൽ 2013, 14, 2022 വർഷങ്ങളിൽ കിരീടജേതക്കളായിരുന്നു ഇന്ത്യ. ഓസ്‌ട്രേലിയ, ബ്രിട്ടൺ, മലേഷ്യ, ന്യൂസീലൻഡ് എന്നിവയാണ് ടൂർണമെന്റിലെ ഇക്കുറി മത്സരിക്കുന്ന മറ്റുടീമുകൾ. ജർമനിയാണ് നിലവിലെ ജേതാക്കൾ. രണ്ടാംമത്സരത്തിൽ ഇന്ത്യ ഞായറാഴ്ച ബ്രിട്ടനെ നേരിടും.