തേഞ്ഞിപ്പലം: കത്തിയെരിയുന്ന ചൂടൊന്നും പാലക്കാട്ടുകാര്‍ക്കു പ്രശ്‌നമേയല്ല. കലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെ പൊള്ളുന്ന ചൂടിനെ ഓടിയും ചാടിയും തോല്‍പ്പിച്ച് പാലക്കാട് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കുതിപ്പ് തുടരുന്നു. മീറ്റ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ, പാലക്കാട് കിരീടം നിലനിര്‍ത്താനുള്ള സാധ്യതയാണേറെയും.

To advertise here,

17 സ്വര്‍ണവും 16 വെള്ളിയും 15 വെങ്കലവുമായി 352 പോയന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 21 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമുള്ള എറണാകുളം (295.5) ആണ് രണ്ടാമത്. 16 സ്വര്‍ണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമായി 262.5 പോയന്റോടെ കോഴിക്കോട് മൂന്നാമതുണ്ട്.

ബുധനാഴ്ച പത്ത് മീറ്റ് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോഴിക്കോടിന്റെ മുബസിന മുഹമ്മദ് (5.90 മീ.), ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ വി.എസ്. അനുപ്രിയ (37.23), അണ്ടര്‍ 20 100 മീ. ഹര്‍ഡില്‍സില്‍ തൃശ്ശൂരിന്റെ ആന്‍ റോസ് ടോമി (14.22 സെക്കന്‍ഡ്), 10,000 മീ. നടത്തത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന്‍ (49.57 മിനിറ്റ്), ഹൈജമ്പില്‍ എറണാകുളത്തിന്റെ തന്നെ മീരാ ഷിബു (1.72 മീ.), അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴയുടെ സച്ചു മാര്‍ട്ടിന്‍ (13.26 മീ.), ബോള്‍ത്രോയില്‍ വയനാടിന്റെ തേജസ് ചന്ദ്രന്‍ (67.04 മീ.), അണ്ടര്‍ 16 വിഭാഗം 300 മീറ്ററില്‍ കോഴിക്കോടിന്റെ ടി. അഘോഷ് (37.31 സെക്കന്‍ഡ്), ഹെക്‌സത്തലണില്‍ മലപ്പുറത്തിന്റെ ഇര്‍ഫാന്‍ മുഹമ്മദ് (2946 പോയന്റ്), 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കെ. കിരണ്‍ (10.90 സെക്കന്‍ഡ്) എന്നിവരാണ് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചത്. അവസാനദിനമായ വ്യാഴാഴ്ച 38 ഫൈനലുകളുണ്ട്.

Content Highlights: State Junior Athletic Meet; Palakkad heading to championship