
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തെ ജമ്പിങ് പിറ്റിലൂടെ പാഞ്ഞുവന്ന് മുബശ്ശിന മുഹമ്മദ് മണലിലേക്കു പറന്നിങ്ങിയപ്പോള്‍ സ്വര്‍ണമെഡല്‍ അറബിക്കടല്‍ കടന്നു പറന്നു. ഒപ്പം ഒരു മീറ്റ് റെക്കോഡും.
കോഴിക്കോട് മലബാര്‍ സ്പോര്‍ട്‌സ് അക്കാദമിക്കുവേണ്ടി മത്സരിച്ച ലക്ഷദ്വീപ് താരം മുബശ്ശിന അണ്ടര്‍ 16 ലോങ്ജമ്പില്‍ 5.90 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോഡിട്ടത്. തൃശ്ശൂരിന്റെ ഇ.എസ്. ശിവപ്രിയയുടെ പേരിലുള്ള 5.68 മീറ്ററിന്റെ റെക്കോഡ് രേഖകളില്‍നിന്നു മാഞ്ഞു
പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മുബശ്ശിന. ലോങ്ജമ്പിനു പുറമെ ഹെക്സത്തണിലും പങ്കെടുക്കുന്നുണ്ട്. ട്രാക്കിലും ഫീല്‍ഡിലുമായി ആറിനങ്ങളുള്ള ഹെക്സത്തണില്‍ മുബശ്ശിനയുടെ ഇതുവരെയുള്ള പ്രകടനം മെഡലുറപ്പിക്കുന്നതാണ്.
മുബശ്ശിനയുടെ പ്രകടനം കാണാന്‍ മാതാവ് ദുബീന ബാനു ലക്ഷദ്വീപില്‍നിന്ന് എത്തിയിരുന്നു. കവരത്തിയില്‍ നടക്കുന്ന എല്‍.എസ്.ടി. മീറ്റില്‍ രണ്ടാമത്തെ മകള്‍ മുസൈന മുഹമ്മദിനെ ഇറക്കിയാണ് ഇവര്‍ കോഴിക്കോട്ടേക്കു തിരിച്ചത്.
മുബശ്ശിന നേരത്തേ സൗത്ത്‌സോണ്‍ മീറ്റില്‍ ലക്ഷദ്വീപിനായി ജാവലിന്‍ത്രോ, ബോള്‍ത്രോ എന്നിവയില്‍ സ്വര്‍ണവും ലോങ്ജമ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഒമ്പതാംക്ലാസ് വരെ മിനിക്കോയ് ഗവ. ഹൈസ്‌കൂളിലായിരുന്നു പഠനം. കവരത്തിയിലെ അഹമ്മദ് ജവാദ് ഹസന്റെ കീഴിലായിരുന്നു പരിശീലനം. ഒമ്പതുമാസം മുന്‍പാണ് മലബാര്‍ അക്കാദമിയിലെത്തുന്നത്. സംസ്ഥാനമീറ്റില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ മുബശ്ശിനയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ്. കവരത്തിയില്‍ സ്വീകരണവുമൊരുക്കിയിട്ടുണ്ട്.
Content Highlights: Lakshadweep s Mubashina set a new record in under-16 long jump
Published: 23 Dec 2021, 09:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented